ISLTop Stories

കരോലിസ് സ്‌കിന്‍കിസ്! ബ്ലാസ്റ്റേഴ്‌സ് തലവര മാറ്റിയെഴുതിയ ഹീറോ!

കരോലിസ് സ്‌കിന്‍കിസ്. The unsung hero of ബ്ലാസ്റ്റേഴ്സ്. അതെ ബ്ലാസ്റ്റേഴ്‌സിന്റെ നിശബ്ദനായ പോരാളി. അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം ബ്ലാസ്റ്റേഴ്സ് ആരാധകരെ വലിയ സ്വപ്‌നങ്ങള്‍ കാണാന്‍ പ്രേരിപ്പിച്ച തന്ത്രജ്ഞന്‍. മൂന്ന് ദശലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള ഒരു ചെറിയ ബാള്‍ട്ടിക് രാജ്യമായ ലിത്വാനിയയില്‍ നിന്നും ഫുട്‌ബോളില്‍ ഏതെങ്കിലും പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരത്തിനായുള്ള ആളുകളെ തിരയാറില്ല. അവരുടെ ദേശീയ ടീം നിലവില്‍ ലോക റാങ്കിംഗില്‍ 137-ാം സ്ഥാനത്താണ്. ഇന്ത്യയ്ക്ക് 30 റാങ്ക് തഴെയാണ് ലിത്വാനിയയുടെ സ്ഥാനം. എന്നാല്‍ മലയാളി ഹൃദയങ്ങള്‍ കീഴടക്കിയ ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗ്യം മാറ്റിമറിച്ച കരോലീസിനെ കേരള ബ്ലാസ്റ്റേഴ്സ് കണ്ടെത്തിയത് അവിടെ നിന്നാണ്.

കഴിഞ്ഞ മൂന്നുനാലു വര്‍ഷങ്ങള്‍ ബ്ലാസ്റ്റേഴ്‌സിന് അത്ര നല്ലതായിരുന്നില്ല. എടുത്ത തീരുമാനങ്ങള്‍ പലപ്പോഴും തെറ്റി. മോശം തീരുമാനങ്ങളായിരുന്നു എടുത്തത് എന്നുപറയുന്നതാകും കൂടുതല്‍ ശരി. ഒരു ഫുട്‌ബോള്‍ ക്ലബ് നടത്തുന്നത് മറ്റ് ബിസിനസുകളില്‍നിന്ന് ഏറെ വ്യത്യസ്തമാണെന്ന് അവര്‍ ഒടുവില്‍ പഠിച്ചു. അതിനാല്‍, ഒരു സ്പോര്‍ട്സ് ഡയറക്ടറുടെ സ്ഥാനം സൃഷ്ടിക്കപ്പെട്ടു. വെറും 31 വയസ്സുള്ള ലിത്വാനിയന്‍ ഫുട്ബോള്‍ അഡ്മിനിസ്‌ട്രേറ്ററായ കരോലിസ് സ്‌കിന്‍കിസിനെ 2020 മാര്‍ച്ചില്‍ ഈ റോളിലേക്ക് നിയമിച്ചു. ചരിത്രം അവിടെ തുടങ്ങുകയായിരുന്നു.

മുകളില്‍ നിന്ന് താഴേക്ക് സ്‌കിന്‍കിസ് ക്ലബ്ബില്‍ വലിയ മാറ്റങ്ങള്‍ വരുത്തി. ക്ലബ്ബിന്റെ എല്ലാ മേഖലകളിലും അദ്ദേഹം ഇടപെട്ടു. കളിക്കാരുടെയും പരിശീലക സംഘത്തിന്റെയും തെരഞ്ഞെടുപ്പ്, യൂത്ത് ഡെവലപ്പ്‌മെന്റ് മുതല്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ വരെ അദ്ദേഹം നിയന്ത്രിച്ചു. കഴിഞ്ഞ സീസണില്‍ മോഹന്‍ ബഗാനൊപ്പം ഐ-ലീഗ് ജേതാക്കളായ കിബു വികുനയ്ക്ക് അദ്ദേഹം ആദ്യ ടീമിന്റെ ചുമതല കൈമാറി. എന്നാല്‍ 2020-21 സീസണില്‍ വെറും മൂന്ന് മത്സരങ്ങള്‍ മാത്രം ജയിച്ച് ബ്ലാസ്റ്റേഴ്സ് വീണ്ടും പരാജയപ്പെട്ടു. എന്നിരുന്നാലും, എല്ലാ വകുപ്പുകളിലും സ്‌കിന്‍കിസിന്റെ സ്വാധീനം കൂടുതല്‍ കൂടുതല്‍ പ്രകടമായിക്കൊണ്ടിരുന്നു

ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ആദ്യ ടീമിനായി ഇന്ത്യയിലെ മികച്ച പ്രതിഭകളില്‍ ചിലരെ സൈന്‍ ചെയ്യാന്‍ തുടങ്ങി മാത്രമല്ല അവരുടെ അക്കാദമി സംവിധാനം പുനഃക്രമീകരിക്കുകയും ചെയ്തു. 2021-22 സീസണിന് മുന്നോടിയായി 37 കോച്ചുമാരെ അഭിമുഖം നടത്തിയശേഷം അദ്ദേഹം തിരഞ്ഞെടുത്ത പരിശീലകനാണ് ഇവന്‍ വുകുമാനോവിച്. രസകരമായ ഒരു കാര്യം സ്‌കിന്‍കിസ് അഭിമുഖം നടത്തിയവരില്‍ കോച്ചിംഗ് രംഗത്ത് വലിയ നേട്ടങ്ങള്‍ കൊയ്തവര്‍ വരെയുണ്ടായിരുന്നു. അവരെയൊന്നും തെരഞ്ഞെടുക്കാതെ വുക്കുമനോവിച്ചില്‍ മനസുറപ്പിച്ച എസ്ഡിയുടെ തീരുമാനം ഗെയിം ചേഞ്ചറായി മാറി.

21 വയസോ അതില്‍ താഴെയോ പ്രായമുള്ള പ്രബ്സുഖന്‍ സിംഗ് ഗില്‍, ജീക്സണ്‍ സിംഗ്, ഹോര്‍മിപം റൂയിവ എന്നിവര്‍ ടീമിന്റെ നട്ടെല്ലായി മാറിയപ്പോള്‍, സഹല്‍ അബ്ദുള്‍ സമദ്, പ്യൂട്ടിയ, നിഷുകുമാര്‍ എന്നി യുവാക്കളില്‍ നിക്ഷേപം നടത്താനുള്ള ക്ലബ്ബിന്റെ കാഴ്ചപ്പാട് സെര്‍ബിയന്‍ കോച്ച് മുന്നോട്ട് കൊണ്ടുപോയി.”പരിശീലകന്‍ പല തരത്തില്‍ മിടുക്കനാണ്. അത് പരിശീലന ഗ്രൗണ്ടായാലും പുറത്തായാലും. അദ്ദേഹം തന്നോടൊപ്പം ഒരു വലിയ അന്തരീക്ഷം കൊണ്ടുവന്നു. പക്ഷേ സാഹചര്യം ആവശ്യപ്പെടുമ്പോഴെല്ലാം ഗൗരവമുള്ളവനാണ്. അദ്ദേഹം കളിക്കാരെ തുല്യമായി പരിഗണിക്കുന്നു. മികച്ച വിദേശികള്‍ പ്രത്യേകിച്ച് അഡ്രിയാന്‍ ലൂണ, അല്‍വാരോ വാസ്‌ക്വസ്, ജോര്‍ജ് പെരേര ഡയസ് എന്നിവരുടെ ആക്രമണത്രയം മുന്‍ സീസണുകളില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ ശക്തി നല്‍കി.

ആധുനിക ഫുട്ബോളിലെ ക്ലബുകളുടെ നിലവാരം സ്ഥിരതയായി മാറിയിരിക്കുന്നു. അഞ്ച് പ്രക്ഷുബ്ധമായ വര്‍ഷങ്ങള്‍ക്ക് ശേഷം അവരുടെ ആരാധകരുടെ ചുണ്ടില്‍ വീണ്ടും പുഞ്ചരി വിടര്‍ത്തിയിരിക്കുകയാണ്. ഒരിക്കല്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ 60,000-ലധികം ആരാധകരുണ്ടായിരുന്ന ഒരു ക്ലബ്, 2020-ല്‍ അവസാനമായി കൊച്ചിയില്‍ ഒരു ഹോം ഗെയിം കളിച്ചപ്പോള്‍ ഹാജര്‍ 8,000-ത്തില്‍ താഴെയായി കുറഞ്ഞു. ബ്ലാസ്റ്റേഴ്സ് കിരീടം നേടിയാലും ഇല്ലെങ്കിലും, അവര്‍ ഒരു ഉറച്ച അടിത്തറ സ്ഥാപിച്ചു എന്ന് പറയുന്നതില്‍ തെറ്റില്ല. ഒരു യുവ സ്‌ക്വാഡിനൊപ്പം, ഉയര്‍ന്ന പ്രതിഭയുള്ള വിദേശ താരങ്ങള്‍ കഴിവുള്ള ഒരു പരിശീലകന്‍, വികസനത്തിന് മേല്‍നോട്ടം വഹിക്കാന്‍ ഒരു കായിക ഡയറക്ടര്‍ ഇവയെല്ലാം ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചിരിക്കുന്നു. ഈ അടിത്തറയില്‍ ടീം കെട്ടിപ്പടുക്കുമെന്നും വരും വര്‍ഷങ്ങളില്‍ ഇന്ത്യന്‍ ഫുട്ബോളില്‍ ആധിപത്യം സ്ഥാപിക്കുമെന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നു.

Related Articles

Leave a Reply

Back to top button