ISLTop Stories

വുക്കുമനോവിച്ച് പ്രയോഗിച്ചത് ആവനാഴിയിലെ സിംപിള്‍ തന്ത്രം !

ഷീല്‍ഡ് ജേതാക്കളായ ജെംഷഡ്പൂരിനെ വീഴ്ത്താന്‍ ബ്ലാസ്റ്റേഴ്‌സ് പ്രയോഗിച്ച തന്ത്രങ്ങള്‍ സിംപിളായിരുന്നു. നന്നായി കളിക്കുക, ജെംഷഡ്പൂരിനെ വലകുലുക്കാന്‍ അനുവദിക്കാതിരിക്കുക. ഈ സീസണില്‍ ആദ്യം ഗോളടിച്ചാല്‍ ജെംഷഡ്പൂരിനെ പിടിച്ചുകെട്ടാന്‍ സാധിക്കില്ലെന്ന് മറ്റാരേക്കാളും നന്നായി കോച്ച് ഇവാന്‍ വുക്കുമനോവിച്ചിന് നന്നായി അറിയാമായിരുന്നു. കളിക്കാരിലേക്ക് കോച്ച് കൃത്യമായ സന്ദേശവും നല്കി. ഗോളടിക്കാന്‍ കുറച്ചു വൈകിയാലും നമ്മുടെ വല കുലുക്കാന്‍ അവരെ അനുവദിക്കരുത്. ടീമിലെ ഓരോ കളിക്കാരും ആ ഉത്തരവ് ശിരസാ വഹിച്ചപ്പോള്‍ ജെംഷഡ്പൂര്‍ വിറയ്ക്കുക തന്നെ ചെയ്ത.

ഈ സീസണില്‍ ജംഷാദ്പൂരിന്റെ ആദ്യം സ്‌കോര്‍ ചെയ്ത മത്സരങ്ങളില്‍ അവരെ പാരാജയപ്പെടുത്താന്‍ ആര്‍ക്കും എളുപ്പമായിരുന്നില്ല. ഗ്രേഗ് സ്റ്റ്യൂവര്‍ട്ടും, ചീമയും, മറെയും ഒക്കെ ചേര്‍ന്നുള്ള ജംഷാദ്പൂര്‍ മുന്നേറ്റനിര അതിശക്തമാണ്. അതിനാല്‍ തന്നെ കളിയുടെ ആദ്യ സമയങ്ങളില്‍ തന്നെ ആക്രമണ ഫുട്ബാള്‍ ആണ് ജംഷാദ്പൂര്‍ കളത്തില്‍ പ്രയോഗിക്കാറുള്ളത്. എന്നാല്‍ ബ്ലാസ്റ്റേഴ്‌സിനെതിരേ അവരുടെ ആക്രമണ ഫുട്‌ബോള്‍ അത്രയങ്ങ് ക്ലച്ചുപിടിച്ചില്ല. പ്രതിരോധത്തില്‍ നമ്മുടെ കുട്ടികള്‍ പിടിച്ചു നിന്നതോടെ ആദ്യം ഗോള്‍ നേടി അഡ്വാന്റേജ് എടുക്കുകയെന്ന തന്ത്രം പിഴച്ചു.

എതിരാളികള്‍ ആദ്യം ഗോളടിച്ച കളികളില്‍ മിക്കതിലും ജെംഷഡ്പൂര്‍ കുറച്ചുപാടുപെട്ടിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സിനെതിരായ ആദ്യ പാദത്തിലെ തോല്‍വി അത് അടിവരയിടുന്നു. ഒരു ഗോള്‍ വഴങ്ങിയാല്‍ അവര്‍ക്ക് തിരിച്ചുവരാന്‍ കുറച്ചു പാടാണെന്നത് അടുത്ത പാദത്തിന് ഇറങ്ങുമ്പോള്‍ നമ്മളെ സന്തോഷിപ്പിക്കും. അവസാനക്കാരായ ഈസ്റ്റ് ബംഗാള്‍ ആദ്യം ഗോളടിച്ച മത്സരംപോലും ജെംഷഡ്പൂരിന് ജയിക്കാനായില്ല. മുംബൈ സിറ്റി 4-2ന് ജെംഷഡ്പൂരിനെ കെട്ടുകെട്ടിച്ചപ്പോഴും ആദ്യം ഗോള്‍ വഴങ്ങിയത് ടാറ്റയുടെ ടീമായിരുന്നു. ആദ്യം വീണ മൂന്നുഗോളുകളുടെ ക്ഷീണം അവര്‍ക്ക് മറികടക്കാനേയായില്ല. ഈസ്റ്റ് ബംഗാളും മുംബൈയും പ്രയോഗിച്ച ആദ്യം ഗോളടിക്കുകയെന്ന തന്ത്രമാണ് ബ്ലാസ്റ്റേഴ്സും പുറത്തെടുത്തത്.

കഴിഞ്ഞ സീസണുകളില്‍ നിന്നൊക്കെ വ്യത്യസ്തമായി എതിരാളികളെ നന്നായി പഠിച്ചാണ് ബ്ലാസ്റ്റേഴ്‌സ് കളിക്കളത്തില്‍ ഇറങ്ങുന്നത്. എത്ര വലിയ എതിരാളി ആണെങ്കിലും അവരെ തകര്‍ക്കാനുള്ള ആയുധം ഇവന്റെ ആവനാഴിയിലുണ്ട്. അത് കൃത്യമായ സ്ഥലത്ത് പ്രയോഗിക്കാനും അദ്ദേഹത്തിനറിയാം. ഇനി അടുത്ത ചൊവ്വാഴ്ച്ച ഒരു സമനില കൂടെ ലഭിച്ചാല്‍ ബ്ലാസ്റ്റേഴ്‌സിന് ഫൈനലിലേക്ക് മാര്‍ച്ച് ചെയ്യാം. ആദ്യ പാദം ജയിച്ചുവെന്നത് കൊണ്ട് ആശ്വസിക്കാനായിട്ടില്ല. കാരണം ജെംഷഡ്പൂര്‍ മുറിവേറ്റ സിംഹമാണ്. അവരുടെ പ്രതികാരവും ഊര്‍ജവും അടുത്ത കളിയില്‍ ഇതിനേക്കാള്‍ പതിന്മടങ്ങ് വര്‍ധിക്കും. കേവലം ഒരു ഗോളിന്റെ മാത്രം ലീഡാണ് ബ്ലാസ്‌റ്റേഴ്‌സിനുള്ളത്. അതുകൊണ്ട് തന്നെ ഒട്ടും ആശ്വസിക്കാന്‍ പറ്റില്ല. മൂന്നോ നാലോ ഗോളടിച്ച് മത്സരം ജയിക്കാന്‍ ശേഷിയുള്ളവര്‍ തന്നെയാണ് നമ്മുടെ എതിരാളികള്‍. ആദ്യ പാദം ജയിച്ചെന്നു കരുതി അവരെ വിലകുറച്ച് കാണരുത്. അങ്ങനെ കണ്ടാല്‍ അതൊരു ദുരന്തമാകും. ഇനി കപ്പിലേക്കുള്ള ദൂരം വെറും രണ്ട് മത്സരങ്ങള്‍ മാത്രമാണ്. ഇത്രയും ദൂരം പിന്നിടാന്‍ പറ്റിയാല്‍ ആ ദൂരവും നമ്മുക്ക് അകലെയല്ല. കാത്തിരിക്കാം ആ സ്വപ്‌നകിരീടത്തിനായി.

Related Articles

Leave a Reply

Back to top button