ISLTop Stories

2025 മുതല്‍ ഐഎസ്എല്‍ ക്ലബുകള്‍ക്ക് പണം കായ്ക്കുന്ന മരമാകും!! കാരണമുണ്ട്

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഓരോ വര്‍ഷം കഴിയുന്തോറും വളര്‍ന്നു കൊണ്ടിരിക്കുകയാണ്. ടീമുകളും കളിക്കാരും കൂടുതല്‍ കൂടുതല്‍ പ്രെഫഷണല്‍സായി മാറിക്കൊണ്ടിരിക്കുന്നു. എങ്കിലും ജെംഷഡ്പൂര്‍ എഫ്‌സി ഒഴികെയുള്ള ക്ലബുകള്‍ നഷ്ടത്തില്‍ തന്നെയാണ് പോകുന്നത്. എന്നാല്‍ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ഐഎസ്എല്‍ ക്ലബുകള്‍ സാമ്പത്തിക ലാഭത്തിലേക്ക് എത്തും. ഐഎസ്എല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രാധാന്യമുള്ള വര്‍ഷമാകും 2025.

എന്തുകൊണ്ട് 2025 എന്ന സംശയം സ്‌പോര്‍ട്‌സ്‌ക്യൂ വായനക്കാര്‍ക്ക് ഉണ്ടാകും. അതിനുള്ള പ്രധാന കാരണം, 2024-25 സീസണോടെ ഐഎസ്എല്‍ സംഘാടകരും ടിവി സംപ്രേക്ഷകരായ സ്റ്റാര്‍ സ്‌പോര്‍ട്‌സും തമ്മിലുള്ള കരാര്‍ അവസാനിക്കുകയാണ്. പുതിയ ടിവി സംപ്രേക്ഷണ കരാര്‍ നിലവില്‍ വരും. 99 ശതമാനവും റിലയന്‍സിന്റെ സ്‌പോര്‍ട്‌സ് 18 എന്ന ചാനല്‍ സംപ്രേക്ഷണ കരാര്‍ സ്വന്തമാക്കാനാണ് സാധ്യത. ഐഎസ്എല്‍ നടത്തിപ്പ് റിലയന്‍സിന്റെ ഉപകമ്പനിയായതു കൊണ്ട് അതുറപ്പാണ്.

സ്റ്റാര്‍ സ്‌പോര്‍ട്‌സ് മാറി സ്‌പോര്‍ട്‌സ് 18 വരുമ്പോള്‍ എന്താണ് ക്ലബുകള്‍ക്കുണ്ടാകുന്ന നേട്ടമെന്ന് നോക്കാം. മിക്ക രാജ്യത്തും ഫുട്‌ബോള്‍ ലീഗുകള്‍ സംപ്രേക്ഷണം ചെയ്യുമ്പോള്‍ ടിവി റൈറ്റ്‌സില്‍ നിന്നുള്ള ഒരു വിഹിതം ഓരോ ക്ലബുകള്‍ക്കും അവകാശപ്പെട്ടതാണ്. ക്ലബുകളുടെ വലിപ്പചെറുപ്പം അനുസരിച്ച് ലഭിക്കുന്ന തുകയുടെ അളവ് കൂടിയും കുറഞ്ഞുമിരിക്കും. എന്നാല്‍ ഐഎസ്എല്ലില്‍ അത്തരമൊരു സംഗതി ഇല്ല. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ നിന്ന് ക്ലബുകള്‍ക്ക് നയാപൈസ പോലും കിട്ടുന്നില്ല. ഇവിടെയാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് പോയി സ്‌പോര്‍ട്‌സ് 18 വരുന്നത് ക്ലബുകളെ സന്തോഷിപ്പിക്കുന്നത്.

2015 സീസണ്‍ മുതല്‍ ടിവി സംപ്രേക്ഷണ വരുമാനത്തില്‍ നിന്നൊരു തുക എല്ലാ ക്ലബുകള്‍ക്കും ലഭിക്കും. സ്‌പോര്‍ട്‌സ് 18 ആണ് സംപ്രേക്ഷണം ചെയ്യുന്നതെങ്കില്‍ ക്ലബുകള്‍ക്ക് അതു വലിയ നേട്ടമാകും. കാരണം, ഐഎസ്എല്‍ എന്ന സ്വന്തം ഉല്‍പന്നത്തെ പരമാവധി വില്‍ക്കാനാകും റിലയന്‍സ് ശ്രമിക്കുക. അവര്‍ വില്‍പന കൂട്ടാന്‍ ശ്രമിക്കുമ്പോള്‍ ക്ലബുകള്‍ക്കും അതിനനുസരിച്ച് നേട്ടമുണ്ടാകും. എന്തായാലും 2025 മുതല്‍ ക്ലബുകളൊന്നും നഷ്ടത്തില്‍ പ്രവര്‍ത്തിക്കേണ്ടി വരില്ലെന്ന് വിശ്വസിക്കാം.

Related Articles

Leave a Reply

Back to top button