ISLTop Stories

കളിക്കാര്‍ക്കും ടീമിനും ഗുണം ചെയ്യുന്ന നല്ല തീരുമാനമെടുത്ത് ബ്ലാസ്റ്റേഴ്‌സ് !

സ്‌പോര്‍ട്ടിംഗ് ഡയറക്ടറായി കരോലിസ് സ്‌കിന്‍കിസ് വന്നതു മുതല്‍ ടീം അമേച്വറിസത്തില്‍ നിന്ന് പ്രെഫഷണലിസത്തിലേക്ക് മാറിയിട്ടുണ്ട്. ക്ലബിന്റെ ഓരോ നീക്കങ്ങളിലും ആ പ്രെഫഷണല്‍ സമീപനം നമ്മുക്ക് കാണാന്‍ സാധിക്കും. ഇപ്പോഴിതാ മറ്റൊരു നീക്കം കൂടി നടത്തിയിരിക്കുകയാണ് ടീം. കഴിഞ്ഞ സീസണില്‍ ഒപ്പമുണ്ടായിരുന്ന മൂന്ന് യുവതാരങ്ങളെ ടീം വിടാന്‍ അനുവദിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്.

മലയാളിതാരങ്ങളായ അബ്ദുള്‍ ഹക്കു, വി.എസ് ശ്രീക്കുട്ടന്‍, അനില്‍ ഗാവോങ്കര്‍ എന്നിവര്‍ക്കാണ് ക്ലബില്‍ നിന്ന് വിടുതല്‍ നല്‍കിയത്. ക്ലബിന്റെ വളര്‍ച്ചയ്‌ക്കൊപ്പം ടീമിലുള്ള താരങ്ങളുടെ കരിയറും തങ്ങള്‍ക്ക് പ്രധാനമാണെന്ന പക്ഷക്കാരാണ് കോച്ച് ഇവാന്‍ വുക്കുമനോവിച്ചും എസ്ഡി കരോലിസ് സ്‌കിന്‍കിസും. ഇപ്പോള്‍ ടീം വിട്ടുപോയ താരങ്ങള്‍ക്ക് നിലവില്‍ വുക്കുമനോവിച്ചിന്റെ പദ്ധതികളില്‍ വലിയ സ്ഥാനവുമില്ല. അതുകൊണ്ട് തന്നെയാണ് ഇവരെ പോകാന്‍ അനുവദിച്ചത്.

ഈ താരങ്ങള്‍ ടീമിനൊപ്പം ഉണ്ടെങ്കിലും ഒരിക്കല്‍ പോലും ചിലപ്പോള്‍ കളിക്കാന്‍ അവസരം ലഭിച്ചെന്നു വരില്ല. അങ്ങനെ സൈഡ് ബെഞ്ചിലിരുന്ന് കരിയര്‍ നശിപ്പിക്കേണ്ടതില്ലെന്ന ഉപദേശം നല്‍കിയത് ഇവാന്‍ തന്നെയാകും. ക്ലബിനും കളിക്കാര്‍ക്കും തീര്‍ച്ചയായും നഷ്ടമൊന്നും ഉണ്ടാകില്ല ഈ തീരുമാനം കൊണ്ട്.

2018 ല്‍ കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയ താരമാണ് സെന്റര്‍ ബാക്കായ അബ്ദുള്‍ ഹക്കു. സീനിയര്‍ ടീമില്‍ കാര്യമായ അവസരങ്ങള്‍ ലഭിക്കാതിരുന്ന താരം ആകെ കളിച്ച 12 മത്സരങ്ങളില്‍ നിന്ന് ഒരു ഗോളും ബ്ലാസ്റ്റേഴ്‌സിനായി നേടി. ഇടയ്ക്ക് ഗോകുലം കേരള എഫ്‌സിക്കായി ലോണില്‍ കളിക്കുകയും ചെയ്തു.

ശ്രീക്കുട്ടന്‍ കഴിഞ്ഞ വര്‍ഷമാണ് ബ്ലാസ്‌റ്റേഴ്‌സുമായി കരാറിലെത്തുന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ ബി ടീമിലൂടെയാണ് കളിച്ചു തുടങ്ങിയത്. 2022 ല്‍ ഗോകുലം കേരള താരത്തെ ലോണടിസ്ഥാനത്തില്‍ സ്വന്തമാക്കി. ഗോകുലത്തിനായി മികച്ച റെക്കോര്‍ഡുള്ള ശ്രീക്കുട്ടന്‍ അങ്ങോട്ടേക്ക് തന്നെയാണ് തിരിച്ചു പോകുന്നത്. ഗോവന്‍ ക്ലബ്ബായ വാസ്‌കോ എഫ്‌സിയില്‍ നിന്ന് രണ്ട് വര്‍ഷ കരാറില്‍ ബ്ലാസ്റ്റേഴ്‌സിലെത്തിയ താരമാണ് അനില്‍ ഗാവോങ്കര്‍.

സെന്റര്‍ ഫോര്‍വേഡായ ഈ താരത്തിന് പക്ഷേ ബ്ലാസ്റ്റേഴ്‌സ് സീനിയര്‍ ടീമില്‍ അവസരം ലഭിച്ചിരുന്നില്ല. വലിയ പ്രതീക്ഷകളുമായി ബ്ലാസ്റ്റേഴ്‌സിലെത്തിയ താരം അപ്രതീക്ഷിതമായിട്ടാണ് ക്ലബ്ബ് വിട്ടത്. 12 താരങ്ങളാണ് ഈ വര്‍ഷം ഇതുവരെ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടത്.

വിദേശ താരങ്ങളായ അല്‍വാരോ വാസ്‌ക്വസ്, ഹോര്‍ഹെ പെരെയ്ര ഡയസ്, ചെഞ്ചോ ഗില്‍ഷന്‍, എനസ് സിപോവിച്ച് എന്നിവര്‍ക്കൊപ്പം വിന്‍സി ബാരറ്റോ, സഞ്ജീവ് സ്റ്റാലിന്‍, ആല്‍ബിനോ ഗോമസ്, സെയ്ത്യാസെന്‍ സിംഗ്, നവോറം മഹേഷ് സിംഗ് എന്നീ ഇന്ത്യന്‍ താരങ്ങളും ക്ലബ് വിട്ടിരുന്നു.

ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് നല്ല ഫോമിലുള്ള ഒരുപിടി യുവതാരങ്ങള്‍ ടീമിലുണ്ട്. അതുകൊണ്ട് തന്നെ രണ്ടാംനിര താരങ്ങള്‍ക്ക് കാര്യമായ അവസരങ്ങള്‍ കിട്ടാന്‍ സാധ്യത വളരെ കുറവാണ്. ഇക്കാരണത്താലാണ് താരങ്ങളോട് മറ്റ് ടീമുകളിലേക്ക് മാറാന്‍ ക്ലബ് മാനേജ്‌മെന്റ് നിര്‍ദേശിച്ചത്. കളിക്കാര്‍ക്കും ക്ലബിനും ഗുണം ചെയ്യുന്നതാണ് ഈ തീരുമാനമെന്ന് ഉറപ്പാണ്.

Related Articles

Leave a Reply

Back to top button