ISLTop Stories

മണലാരണ്യത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളാറാട്ട്!!

യുഎഇ പ്രീസീസണിലെ ആദ്യ മല്‍സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം. യുഎഇ ഫസ്റ്റ് ഡിവിഷന്‍ ക്ലബ് അല്‍ ജസീറ അല്‍ ഹംറയെ 5-1 നാണ് ബ്ലാസ്റ്റേഴ്‌സ് വീഴ്ത്തിയത്. മലയാളി താരങ്ങളുടെ ഗോളുകളാണ് മല്‍സരത്തിന്റെ പ്രത്യേകത. ആദ്യ ഗോള്‍ രാഹുല്‍ കെപി നേടിയപ്പോള്‍ സൗരവ് രണ്ടാം ഗോളും സഹല്‍ അബ്ദുള്‍ സമദ് മൂന്നാം ഗോളും നേടി. ദിമിത്രിയോസാണ് നാലാം ഗോളിന്റെ അവകാശി. ജെസല്‍ ആണ് അവസാന ഗോള്‍ നേടിയത്.

മലയാളി ആരാധകര്‍ ചാന്റുമായി നിറഞ്ഞ മല്‍സരത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ എതിരാളികളെ ഞെട്ടിക്കാന്‍ ഇവാന്റെ ടീമിനായി. ഏകദേശം 3,000 ത്തോളം ആരാധകര്‍ കൊട്ടും പാട്ടുമായി സ്റ്റേഡിയത്തിലെത്തിയിരുന്നു. ഇവാന്‍ തന്റെ താരങ്ങളെയെല്ലാം കൃത്യമായി പരീക്ഷിക്കാന്‍ ഈ മല്‍സരം ഉപയോഗിച്ചു. ഗോള്‍കീപ്പര്‍ പ്രഭുക്ഷന്‍ ഗില്ലിന്റെ തകര്‍പ്പന്‍ സേവുകളും മല്‍സരത്തിന്റെ പ്രത്യേകതയാണ്.

വിക്ടര്‍ മോംഗില്‍, ഉക്രൈയ്ന്‍ താരം ഇവാന്‍, ആയുഷ് അധികാരി, ജിയോനു എന്നിവരെല്ലാം രണ്ടാം പകുതിയില്‍ കളിക്കാനിറങ്ങി. എല്ലാ താരങ്ങള്‍ക്കും മാക്‌സിമം പരിശീലന അവസരം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് കോച്ച് ടീമിനെ കളത്തിലിറക്കിയത്. നിരവധി അവസരങ്ങള്‍ നിര്‍ഭാഗ്യം കൊണ്ടു മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് ലക്ഷ്യത്തിലെത്തിക്കാന്‍ സാധിക്കാതെ പോയത്.

യുഎഇയിലെ കടുത്ത ചൂടില്‍ കളിക്കാന്‍ അവസരം ലഭിച്ചത് വിദേശ താരങ്ങള്‍ക്ക് ഉള്‍പ്പെടെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക് എത്തുമ്പോള്‍ പ്രയോജനപ്പെടുമെന്ന് ഉറപ്പാണ്. അതേസമയം ബ്ലാസ്റ്റേഴ്‌സ് അടുത്ത ദിവസങ്ങളിലും കൂടുതല്‍ പരിശീലന മല്‍സരങ്ങള്‍ കളിക്കാന്‍ സാധ്യതയുണ്ട്. ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണ്.

ഓഗസ്റ്റ് പകുതിയോടെയാണ് ബ്ലാസ്റ്റേഴ്‌സ് പ്രീ സീസണിനായി യുഏഇയിലേക്ക് പറന്നത്. ഇതില്‍ മൂന്ന് യുഎഇ ക്ലബുകളുമായുള്ള മത്സരങ്ങളും നിശ്ചയിച്ചിരുന്നു. എന്നാല്‍ ഫിഫ വിലക്ക് വന്നതോടെ പ്ലാനുകള്‍ തെറ്റി. ഈ മാസം അവസാനം ബ്ലാസ്റ്റേഴ്‌സ് ടീം തിരിച്ച് കൊച്ചിയിലെത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ഇതിനാണ് മാറ്റമുണ്ടാകാന്‍ സാധ്യതയുള്ളത്.

Related Articles

Leave a Reply

Back to top button