ISLTop Stories

ജി-ഡി ഗ്രീക്ക് ജോഡികള്‍ സൂപ്പര്‍!! പൊരുത്തം 10 ല്‍ 10!!

കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സില്‍ ഇരട്ടകളെ പോലെ എപ്പോഴും ഒന്നിച്ചുണ്ടായിരുന്ന രണ്ട് താരങ്ങളുണ്ടായിരുന്നു. ലെസ്‌കോയും സിപ്പോവിച്ചും. ഇത്തവണയും അങ്ങനെ രണ്ടു പേരുണ്ട്. ജിയാനുവും ദിമിത്രിയോസും. രണ്ടുപേരും ഗ്രീസില്‍ നിന്നുള്ളവര്‍. ഒരേ ഭാഷയില്‍ സംസാരിക്കുന്നവര്‍. ഒരേ നാട്ടുകാര്‍. അവരുടെ ഈ ഒരുമ ബ്ലാസ്റ്റേഴ്‌സിന് ഇത്തവണ ഭാഗ്യം തരുന്ന കോംബോ ആയി മാറുമെന്ന പ്രതീക്ഷയിലാണ് ആരാധകരും.

ഒരേ നാട്ടുകാര്‍ ഒരു വിദേശ ടീമില്‍ കളിക്കുമ്പോള്‍ അവര്‍ തമ്മില്‍ മാനസിക ഐക്യം കൂടും. കാരണം മറ്റുള്ളവരുമായി ആശയവിനിമയം നടത്തുന്നതിലും എളുപ്പത്തില്‍ സ്വന്തം ഭാഷയില്‍ ഇരുവര്‍ക്കും ആശയവിനിമയം നടത്താം. ജിയാനു-ദിമിത്രി കോംബോ കൂടുതല്‍ അഗ്രസീവാകാനുള്ള ഒരു കാരണവും ഇതു തന്നെയാണ്.

ഗോളടിയിലാണെങ്കിലും പ്രതിരോധത്തിലാണെങ്കിലും ഒരു ജോഡിക്കെതിരേ കളിക്കുമ്പോള്‍ എതിരാളികള്‍ക്ക് ആശയക്കുഴപ്പം കൂടും. ഇതില്‍ ആരെയാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടതെന്ന് അറിയാതെ എതിരാളികള്‍ പതറും. ഇരുവരും ഒരേപോലെ കളിക്കുമ്പോള്‍ ഒരു കളിക്കാരനില്‍ എതിരാളികള്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ മറ്റേ താരത്തിന് കൂടുതല്‍ അവസരങ്ങള്‍ തുറന്നു കിട്ടുകയും ചെയ്യും.

കഴിഞ്ഞ തവണ ബ്ലാസ്‌റ്റേഴ്‌സ് ആക്രമണത്തില്‍ പെരേര ഡയസ്-വാസ്‌കസ് ജോഡി ഗംഭീര ഒത്തൊരുമ കാണിച്ചിരുന്നു. ഇരുവര്‍ക്കും കൃത്യമായി തങ്ങളുടെ പൊസിഷനും സഹതാരത്തിന്റെ മനസുപോലെ വായിക്കാന്‍ സാധിച്ചിരുന്നു. കഴിഞ്ഞ സീസണിലെ മല്‍സരങ്ങള്‍ കണ്ടവര്‍ക്ക് അതു മനസിലാകുകയും ചെയ്യും. ഇത്തവണ ജി-ഡി കൂട്ടുകെട്ടിന്റെ കാര്യത്തിലും ഈയൊരു ഒത്തൊരുമ കാണാന്‍ സാധിക്കുന്നുണ്ട്. കോംബോകള്‍ ക്ലിക്കായാല്‍ പിന്നെ ബ്ലാസ്റ്റേഴ്‌സിന് തിരിഞ്ഞു നോക്കേണ്ടി വരില്ല.

എംഎ കോളജിനെതിരായ സൗഹൃദ മല്‍സരത്തില്‍ ജി-ഡി ജോഡികളുടെ പ്രകടനം ആരാധകര്‍ക്ക് ആവേശം പകരുന്നതാണ്. കളത്തിലിറങ്ങി അഞ്ചാം മിനിറ്റിലാണ് ജിയാനുവിന്റെ പാസില്‍ നിന്ന് ദിമിത്രിയോസ് വലകുലുക്കിയത്. ഇനിയുള്ള മല്‍സരങ്ങളില്‍ എതിരാളികള്‍ക്കുള്ള മുന്നറിയിപ്പ് തന്നെയാണ് ഈ പ്രകടനമെന്ന് പ്രതീക്ഷിക്കാം.

Related Articles

Back to top button