Cricket

പകരക്കാരനല്ല, ഇത് സൂപ്പര്‍ ഷമി!! ത്രില്ലര്‍ ട്വിസ്റ്റില്‍ ഷമി മാജിക്!!

ഓസ്‌ട്രേലിയയ്‌ക്കെതിരായ പരിശീലന മല്‍സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ആറു റണ്‍സിനാണ് ഇന്ത്യ ജയിച്ചു കയറിയത്. അവസാന ഓവറില്‍ മുഹമ്മദ് ഷമിയുടെ തകര്‍പ്പന്‍ പന്തുകളാണ് ഇന്ത്യയ്ക്ക് അപ്രതീക്ഷിത ജയം സമ്മാനിച്ചത്. ഇന്ത്യ ടീമിലെ എല്ലാവര്‍ക്കും അവസരം നല്‍കിയതാണ് ഷമിക്ക് അവസാന ഓവര്‍ എറിയാന്‍ അവസരമൊരുക്കിയത്. ഈ ഒരൊറ്റ ഓവര്‍ മാത്രമാണ് ഷമി എറിഞ്ഞതും.

വെറും 11 ഓവര്‍ മാത്രമാണ് ഷമിക്ക് അവസാന ഓവറില്‍ പ്രതിരോധിക്കാന്‍ ഉണ്ടായിരുന്നത്. എന്നാല്‍ മൂന്നാം പന്തില്‍ പാറ്റ് കമ്മിന്‍സിനെ കിടിലന്‍ ക്യാച്ചില്‍ വിരാട് ബൗണ്ടറി ലൈനില്‍ പിടിച്ചതോടെ ഇന്ത്യയുടെ കൈയിലായി കളി. 3 വിക്കറ്റാണ് ഷമി നേടിയത്. ഒരൊറ്റ ഓവര്‍ കൊണ്ട് ഷമി ലോകകപ്പ് ഇലവനിലേക്ക് സാധ്യത ഉയര്‍ത്തുകയും ചെയ്തു. ഈ ജയം ലോകകപ്പില്‍ ടീമിന് ആത്മവിശ്വാസമേകും.

ഇത്തവണയും തുടക്കം മുതല്‍ മോശം ബൗളിംഗ് കാഴ്ച്ചവച്ചത് ഹര്‍ഷല്‍ പട്ടേലാണ്. ആദ്യ രണ്ടോവറില്‍ 26 റണ്‍സാണ് ഹര്‍ഷല്‍ വഴങ്ങിയത്. ഇതിലൊന്നു പോലും മികച്ച പന്തെറിഞ്ഞില്ലെന്നതാണ് ശ്രദ്ധേയം. തുടക്കം മുതല്‍ സ്ലോ ബോളുകള്‍ മാത്രം എറിയാനാണ് പട്ടേല്‍ ശ്രദ്ധിച്ചത്. രണ്ടാം സ്‌പെല്ലില്‍ ഇത്തരമൊരു സ്ലോ ബോളിലാണ് ഒസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനെ (79) വീഴ്ത്തിയെന്നത് ശരിതന്നെ.

പരിശീലന മല്‍സരത്തില്‍ കെ.എല്‍ രാഹുലും സൂര്യകുമാര്‍ യാദവും തിളങ്ങിയ മല്‍സരത്തില്‍ ഇന്ത്യ പടുത്തുയര്‍ത്തിയത് 182 റണ്‍സ്. തുടക്കം മുതല്‍ മികച്ച റണ്‍റേറ്റ് നിലനിര്‍ത്താനായതാണ് ഇന്ത്യയ്ക്ക് ഗുണം ചെയ്തത്. മികച്ച ബാറ്റിംഗിലും വിരാട്, രോഹിത്, പാണ്ഡ്യ എന്നിവര്‍ പെട്ടെന്ന് പുറത്തായത് ഇന്ത്യയ്ക്ക് ആശങ്ക പകരുന്നതാണ്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് അടുത്ത കാലത്ത് ലഭിച്ചതില്‍ വച്ചേറ്റവും മികച്ച ഗംഭീര തുടക്കമാണ് ലഭിച്ചത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ഒരു വശത്ത് കാഴ്ച്ചക്കാരനാക്കി നിര്‍ത്തി കെ.എല്‍ രാഹുല്‍ നിറഞ്ഞാടുകയായിരുന്നു. തുടക്കം മുതല്‍ ഓസീസ് ബൗളര്‍മാരെ കടന്നാക്രമിച്ച രാഹുല്‍ ആരെയും തന്നെ വെറുതെ വിട്ടില്ല. മാര്‍ക്കസ് സ്റ്റോയിനസിന്റെ ഓരോവറില്‍ ഇന്ത്യ അടിച്ചെടുത്തത് 20 റണ്‍സാണ്.

അഞ്ചാം ഓവറില്‍ രാഹുല്‍ അര്‍ധസെഞ്ചുറി തികച്ചു. വെറും 27 പന്തില്‍ നിന്നുമായിരുന്നു രാഹുലിന്റെ നേട്ടം. തൊട്ടുപിന്നാലെ മാക്‌സ്‌വെല്ലിന് വിക്കറ്റ് നല്‍കി രാഹുല്‍ മടങ്ങുകയും ചെയ്തു. തൊട്ടടുത്ത ഓവറില്‍ 14 പന്തില്‍ 15 റണ്‍സെടുത്ത രോഹിതിനെ ആസ്റ്റണ്‍ ആഗറും വീഴ്ത്തി.

ആശങ്ക സമ്മാനിച്ച് വിരാട് കോലിയും (19), ഹര്‍ദിക് പാണ്ഡ്യയും (2) ചെറിയ സ്‌കോറില്‍ പുറത്തായെങ്കിലും സൂര്യകുമാര്‍ കീഴടങ്ങാന്‍ കൂട്ടാക്കിയില്ല. ഇതിനിടയ്ക്ക് 14 പന്തില്‍ 20 റണ്‍സെടുത്ത് ദിനേഷ് കാര്‍ത്തിക് പുറത്തായിരുന്നു. അവസാന ഓവറുകളില്‍ ഇന്ത്യയ്ക്ക് പ്രതീക്ഷിച്ച റണ്‍സ് നേടാന്‍ സാധിച്ചില്ലെന്നതും സത്യമാണ്.

Related Articles

Back to top button