FootballTop Stories

ജപ്പാനീസ് ലീഗ് വളര്‍ന്നു പന്തലിച്ച വഴിയേ പോയാല്‍ ഐഎസ്എല്ലും വേറെ ലെവലാകും!

ഏഷ്യയിലെ ഏറ്റവും മികച്ച ഫുട്ബോള്‍ ലീഗേതാണ്? ഒരു സംശയവും കൂടാതെ പറയാനാകും അത് ജപ്പനീസ് ലീഗായ ജെ ലീഗാണെന്ന്. യൂറോപ്യന്‍ ലീഗുകളെ വെല്ലുന്ന തരത്തിലാണ് ജെ ലീഗ് നടക്കുന്നത്. ഇന്ത്യ അടക്കമുള്ള വളര്‍ന്നു വരുന്ന ഫുട്ബോള്‍ ശക്തികള്‍ക്ക് ജപ്പാനിലെ ലീഗില്‍ നിന്ന് പഠിക്കാനേറെയുണ്ട്. 1992ല്‍ ആരംഭിച്ചപ്പോള്‍ മുതല്‍ കൃത്യമായ ആസൂത്രണത്തോടെയാണ് അവര്‍ മുന്നോട്ടു പോകുന്നത്.

ജെ വണ്‍, ജെ ടു, ജെ ത്രീ കാറ്റഗറികളിലായി 57 ടീമുകളാണ് ലീഗില്‍ കളിക്കുന്നത്. പ്രധാന ലീഗായ ജെ വണ്ണില്‍ 20 ടീമുകളാണ് കളിക്കുന്നത്. ഫെബ്രുവരിയില്‍ ആരംഭിച്ച് ഡിസംബര്‍ ആദ്യവാരം വരെ നീണ്ടു നില്ക്കുന്ന ലീഗ് അടിമുടി പ്രെഫഷണലാണ്. നാലുമാസം കൊണ്ട് അവസാനിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് ജെ ലീഗില്‍ നിന്ന് ഏറെ പഠിക്കാനുണ്ട്.

2050 ല്‍ ഫിഫ ലോകകപ്പ് കിരീടം നേടുകയെന്ന ലക്ഷ്യത്തോടെയാണ് അവര്‍ ജെ ലീഗിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്. എത്രമാത്രം ദീര്‍ഘവീക്ഷണത്തോടെയാണ് അവരുടെ പ്രയാണമെന്ന് ആ ലീഗിനെപ്പറ്റി കൂടുതല്‍ പഠിച്ചാല്‍ മനസിലാകും. പണംകൊണ്ട് കെട്ടിപ്പൊക്കിയ ചൈനീസ് സൂപ്പര്‍ ലീഗ് പോലും ജെ ലീഗിന്റെ മുന്നില്‍ ഇന്ന് അത്ര വലിയ സംഭവമല്ല. 2030 ല്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച നാലു ലീഗുകളില്‍ ഒന്നാകുകയാണ് അവരുടെ ലക്ഷ്യം.

ആന്ദ്രെ ഇനിയെസ്റ്റ, ഫെര്‍ണാണ്ടോ ടോറസ്, ഡേവിഡ് വിയ്യ എന്നിവരുടെയെല്ലാം വരവ് ജെ ലീഗിനെ ലോകശ്രദ്ധയിലേക്ക് കൊണ്ടു വന്നിരുന്നു. ജെ ലീഗ് ആരംഭിക്കുമ്പോള്‍ വെറും 10 ടീമുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോഴത് മൂന്നു തലത്തിലായി 57 ലെത്തി നില്ക്കുന്നു. വരുംവര്‍ഷങ്ങളില്‍ 100 ക്ലബുകള്‍ ഉള്‍ക്കൊള്ളുന്ന ലീഗാണ് അവരുടെ ലക്ഷ്യം. തുടക്കത്തില്‍ ആരാധകരൊന്നും ഈ ലീഗിനെ വലിയ കാര്യമായി എടുത്തിരുന്നില്ലെന്നതാണ് വാസ്തവം. പതിയെപതിയെ പ്രഫഷണലിസത്തിലേക്ക് അവര്‍ മാറി.

രസകരമായ ഒരു കാര്യമെന്തെന്ന് വച്ചാല്‍ ഇന്ത്യയില്‍ നാഷണല്‍ ഫുട്ബോള്‍ ലീഗെന്ന പേരില്‍ ഐലീഗിന്റെ ആദ്യ രൂപം തുടങ്ങുന്നത് 1996 ലാണ്. അതായത് ജെ ലീഗ് തുടങ്ങി മൂന്നാം സീസണില്‍. നാഷണല്‍ ഫുട്ബോള്‍ ലീഗ് എന്ന ആ ലീഗ് മുടന്തി മുടന്തി ഐലീഗിലും പിന്നീട് ഐഎസ്എല്ലിലേക്കും ഇന്ത്യന്‍ ഫുട്ബോള്‍ എത്തി.

അന്ന് സമാനരീതിയില്‍ തുടങ്ങിയ ജെ ലീഗും ഇന്ത്യന്‍ ലീഗുകളും എവിടെ നില്ക്കുന്നുവെന്നത് താരതമ്യം ചെയ്യേണ്ടത് തന്നെയാണ്. ഇന്ത്യയിലെ ഫുട്ബോള്‍ അധികാരികള്‍ക്ക് ഒട്ടേറെ പഠിക്കാനുണ്ട് ജെ ലീഗില്‍ നിന്ന്. ജെ ലീഗിന് മാത്രമായ ചില സവിശേഷതകളുണ്ട്. കമ്പനികളുടെയോ ബ്രാന്‍ഡുകളുടെയോ പേരില്‍ അവിടെ ക്ലബ് തുടങ്ങാനാകില്ല.

അതിന് കൃത്യമായ കാരണവുമുണ്ട്. കമ്പനികള്‍ ചുരുങ്ങിയ കാലത്തെ നേട്ടം ലക്ഷ്യമിട്ടേ നിക്ഷേപം നടത്തൂ. എന്നാല്‍ ക്ലബുകള്‍ക്കാവട്ടെ ദീര്‍ഘകാല ലക്ഷ്യവും ഫുട്ബോളെന്ന ഒറ്റവികാരവുമാണുള്ളതെന്ന് ജെ ലീഗിന്റെ അമരക്കാരില്‍ ഒരാളായ മിറ്റ്സുറു മുറൈ പറയുന്നു.

ഇന്ത്യന്‍ സാഹചര്യത്തില്‍ ചിന്തിച്ചാല്‍ നമ്മുക്ക് അതു സത്യമാണെന്ന് ബോധ്യപ്പെടും. മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും പോലെ ഫുട്ബോളിനാല്‍ കെട്ടപ്പെട്ട ക്ലബുകളും പൂനെ സിറ്റി പോലെ നഷ്ടത്തില്‍ നിറുത്തിയ ഫ്രാഞ്ചൈസി ടീമും ഉദാഹരണം. ജെ ലീഗ് അധികൃതരുടെ കൃത്യമായ ദീര്‍ഘവീക്ഷണം തന്നെയാണ് ഇത്തരമൊരു തീരുമാനത്തിലൂടെ കാണിച്ചുതരുന്നത്.

ജെ ലീഗിലെ ഒരൊറ്റ ടീം പോലും സാമ്പത്തിക പ്രതിസന്ധി മൂലം അടച്ചുപൂട്ടേണ്ടി വന്നിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. അവരുടെ മാര്‍ക്കറ്റിംഗ് സ്ട്രാറ്റജി പോലും ഏവരെയും അമ്പരപ്പിക്കുന്നതാണ്. ജെ ലീഗിന് യൂറോപ്പിലടക്കം വലിയതോതില്‍ സ്വീകാര്യതയുണ്ട്. യൂറോപ്പിലെ വമ്പന്‍ താരങ്ങളുടെ സാന്നിധ്യം അതിനൊരു പങ്കുവഹിച്ചിട്ടുണ്ട്.

അടുത്ത സീസണ്‍ മുതല്‍ ഇന്ത്യയിലും ജെ ലീഗ് ലൈവായി കാണാം. സോണി നെറ്റ് വര്‍ക്കുമായി അവര്‍ കരാറിലെത്തി കഴിഞ്ഞു. ഇപ്പോഴും കൃത്യമായ ആസൂത്രണത്തിന്റെ അഭാവമുള്ള ഇന്ത്യന്‍ ഫുട്ബോളിന് പകര്‍ത്താവുന്ന നല്ലൊരു മാതൃകയാണ് ജെ ലീഗ്. കൂടുതല്‍ ടീമുകളും കൃത്യമായ മുന്നൊരുക്കങ്ങളും നടത്തിയാല്‍ ജെ ലീഗിന്റെ ഭാവിയില്‍ ഇന്ത്യന്‍ ലീഗിനും വളരാനാകും. അതുവഴി ലോകകപ്പില്‍ പന്തുതട്ടുകയെന്ന തലമുറകളുടെ സ്വപ്നവും പൂവണിയും.

Related Articles

Back to top button