ISLTop Stories

ബ്ലാസ്‌റ്റേഴ്‌സിന്റെ നീക്കം എനിക്ക് ഷോക്കായി! ഗുരുതര വെളിപ്പെടുത്തലുമായി പെരേര ഡയസ്

കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട് മുംബൈ സിറ്റിയില്‍ എത്തിയെങ്കിലും പെരേര ഡയസ് ആ ഷോക്കില്‍ നിന്ന് മുക്തനായിട്ടില്ലെന്ന് താരത്തിന്റെ വെളിപ്പെടുത്തല്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ ബ്ലാസ്റ്റേഴ്‌സിലേക്ക് വീണ്ടും വരാത്തതിന്റെ കാരണം മാനേജ്‌മെന്റാണെന്ന് പറയുകയാണ് അര്‍ജന്റൈന്‍ താരം. രണ്ട് മൂന്നു മാസമായി ഞാന്‍ ബ്ലാസ്റ്റേഴ്‌സിലേക്ക് വരുമെന്നായിരുന്നു സംസാരവിഷയം.

എന്നാല്‍ ബ്ലാസ്റ്റേഴ്‌സിന് മറ്റ് പല പദ്ധതികളും ഉണ്ടായിരുന്നു. എനിക്കപ്പോള്‍ അത് വലിയ ഷോക്കായി മാറി. ഇത് ഫുട്‌ബോളാണ്. എനിക്ക് എന്റേതായ ഓപ്ഷനുകള്‍ നോക്കണമായിരുന്നു. അതുകൊണ്ടാണ് ഞാന്‍ മുംബൈയുടെ ഓഫര്‍ സ്വീകരിച്ചത്. എനിക്ക് ഗള്‍ഫില്‍ നിന്ന് വളരെ നല്ല ഓഫറുകളുണ്ടായിരുന്നു. എന്നാല്‍ കുടുംബത്തിന് താല്‍പര്യം ഇന്ത്യയില്‍ തന്നെ നില്‍ക്കാനായിരുന്നു.

ഓരോ വര്‍ഷവും ഓരോ രാജ്യങ്ങളിലേക്ക് പോയി അവിടവുമായി സെറ്റ് ചെയ്യാന്‍ സമയം എടുക്കുമായിരുന്നു. അതുകൊണ്ട് കുടുംബവുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷമാണ് മുംബൈയുടെ ഓഫര്‍ സ്വീകരിച്ചത്. ബ്ലാസ്റ്റേഴ്‌സിന് എന്നെ വേണ്ടെന്ന് അറിഞ്ഞതിന്റെ പിറ്റേദിവസം എനിക്ക് മുംബൈയില്‍ നിന്നൊരു കോള്‍ വന്നു. അവര്‍ ഓഫര്‍ മുന്നോട്ടു വച്ചു. സിറ്റി ഗ്രൂപ്പ് പോലൊരു വലിയ ഗ്രൂപ്പിന്റെ ഭാഗമാകാന്‍ ആ കോള്‍ വന്നതു മുതല്‍ ഞാന്‍ തീരുമാനിച്ചു.

ബ്ലാസ്‌റ്റേഴ്‌സില്‍ നിന്നിരുന്നതിനേക്കാള്‍ താന്‍ മുംബൈയില്‍ സന്തോഷവാനാണെന്ന് പെരേര പറയുന്നു. ഒരു കളിക്കാരന് ഓരോ വര്‍ഷവും ക്ലബ് മാറുന്നത് വലിയ ബുദ്ധിമുട്ടുളള കാര്യമാണ്. പക്ഷേ എനിക്ക് മുംബൈയില്‍ ഈ നിമിഷം വരെ ഒരു പ്രശ്‌നവും ഉണ്ടായില്ല. വളരെ നന്നായിട്ടാണ് എന്നെ അവര്‍ ട്രീറ്റ് ചെയ്യുന്നത്. മുംബൈയ്ക്കായി പരമാവധി ഗോളുകള്‍ അടിച്ചു കൂട്ടണമെന്നും പെരേര പറയുന്നു.

കഴിഞ്ഞ സീസണില്‍ ലോണ്‍ അടിസ്ഥാനത്തിലാണ് താരം ബ്ലാസ്റ്റേഴ്‌സിനായി കളിച്ചത്. ലോണ്‍ അവസാനിപ്പിച്ച് ഡയസിനെ ഈ വര്‍ഷം സ്ഥിര കരാറില്‍ ടീമിലെത്തിക്കാന്‍ ബ്ലാസ്റ്റേഴ്‌സ് ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് താരം ക്ലബ് വിട്ട കാര്യം ബ്ലാസ്റ്റേഴ്‌സ് ആരാധകരെ അറിയിക്കുന്നത്.

ഇത് ബ്ലാസ്റ്റേഴ്‌സ് ആരാധാകരെ ഏറെ നിരാശയിലാക്കിയിരുന്നു. പിന്നാലെയാണ് മുംബൈ സിറ്റി എഫ്.സി ഡയസിനെ സൈന്‍ ചെയ്ത വിവരം പുറത്ത് വന്നത്. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനായി എട്ടു ഗോളുകള്‍ നേടിയിരുന്നു.

Related Articles

Leave a Reply

Back to top button