ISLTop Stories

ആ പരീക്ഷ ബ്ലാസ്റ്റേഴ്‌സ് പാസായി!!

ഈ സീസണിലെ മുന്നേറ്റം എവിടെ വരെയെന്ന് നിര്‍ണയിക്കപ്പെട്ട മത്സരം അങ്ങനെ കേരള ബ്ലാസ്റ്റേഴ്‌സ് പാസായി. ഇൗസ്റ്റ് ബംഗാളിനെതിരായ മത്സരം തോറ്റിരുന്നെങ്കില്‍ അത് പ്ലേഓഫിലേക്കുള്ള യാത്രയ്ക്ക് തിരിച്ചടിയായേനെ. ഈ ജയത്തോടെ 15 കളികളില്‍ നിന്ന് 26 പോയിന്റുമായി ആദ്യ നാലിലേക്ക് വീണ്ടുമെത്താനും ഇവാന്‍ വുക്കുമനോവിച്ചിന്റെ ടീമിനായി. ഇനിയുള്ള മത്സരങ്ങളും നിര്‍ണായകമാണെങ്കിലും പ്ലേഓഫിലേക്ക് ഒരുപടി കൂടി അടുക്കാനായത് അഡ്രിയാന്‍ ലൂണയ്ക്കും സംഘത്തിനും ആത്മവിശ്വാസമേകും.

ഈസ്റ്റ് ബംഗാളിനെതിരായ ജയത്തിന് മാറ്റ് കൂടും. കാരണം നാല് മാറ്റങ്ങളുമായിട്ടാണ് ടീമിറങ്ങിയത്. പരിക്കും സസ്‌പെന്‍ഷനും മൂലം തന്റെ സ്ഥിരം ടീമിനെ ഇറക്കാന്‍ പോലും കോച്ചിനായില്ലെന്നതും ജയത്തിന്റെ മാറ്റുകൂട്ടും. സസ്‌പെന്‍ഷന്‍ കാലാവധി ഈ മത്സരത്തോടെ കഴിയുന്ന ഖബ്രയും ലെസ്‌കോവിച്ചും അടുത്ത മത്സരത്തില്‍ തിരികെയെത്തുമെന്നത് കോച്ചിന്റെ ആത്മവിശ്വാസം കൂട്ടും. ഈസ്റ്റ് ബംഗാളിനെതിരായ ജയത്തില്‍ കൈയടി നല്‌കേണ്ടൊരാള്‍ പെരേരിയ ഡയസാണ്. തന്റെ സാന്നിധ്യം ടീമിന് എത്രത്തോളം പ്രയോജനം ചെയ്യുമെന്ന് ഈ മുന്നേറ്റക്കാരന്‍ ഒരിക്കല്‍ക്കൂടി വ്യക്തമാക്കി തന്നു. കെപി രാഹുല്‍ പരിക്കിന്റെ പിടിയില്‍നിന്ന് തിരിച്ചെത്തിയെന്നതും ഇന്നത്തെ മത്സരത്തിന്റെ സന്തോഷമാണ്.

ഇനി രണ്ടു ജയമെങ്കിലും അവശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് നേടാനായാല്‍ ബ്ലാസ്‌റ്റേഴ്‌സിന് പ്ലേഓഫില്‍ ഒരു സ്ഥാനം ഉറപ്പിക്കാനാകും. എന്നാല്‍ ഇനി നേരിടേണ്ടത് ശക്തരായ എതിരാളികളെയാണ്. ഇതില്‍ തന്നെ പിന്നില്‍ നില്ക്കുന്ന രണ്ടു ടീമുകള്‍ക്കെതിരേ മത്സരമുണ്ടെന്നതും ടീമിന് ആത്മവിശ്വാസമേകും. ചെന്നൈയ്‌നും ഗോവയ്ക്കുമെതിരായ മത്സരങ്ങളില്‍ മുഴുവന്‍ പോയിന്റ് നേടാനായാല്‍ കാര്യങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ വഴിയെ വരും. ഫെബ്രുവരിയില്‍ ഇനി മൂന്നു മത്സരങ്ങള്‍ കൂടി ബ്ലാസ്റ്റേഴ്‌സിന് കളിക്കേണ്ടതുണ്ട്. അതും ഏഴുദിവസത്തെ മാത്രം ഇടവേളയ്ക്കിടയില്‍. അടുത്തടുത്ത മത്സരങ്ങള്‍ കളിക്കേണ്ടിവരുന്നതിന്റെ സമ്മര്‍ദം താരങ്ങളെ പിടികൂടില്ലെന്ന് പ്രതീക്ഷിക്കാം.

Related Articles

Leave a Reply

Back to top button