FootballISL

ബ്ലാസ്‌റ്റേഴ്‌സിനെ ഉത്തേജിപ്പിക്കാന്‍ പുതുനീക്കവുമായി എസ്ഡി; തന്ത്രത്തിന് പിന്നില്‍ പുതുകോച്ച്!!

കേരള ബ്ലാസ്‌റ്റേഴ്‌സ് കഴിഞ്ഞ സീസണില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെങ്കിലും ടീം മാനേജ്‌മെന്റ് അടുത്ത സീസണിലേക്കുള്ള ഒരുക്കത്തിലാണ്. ഇവാന്‍ വുക്കുമനോവിച്ചിന് പകരം ലോകമെമ്പാടും ടീമുകളെ അഭ്യസിപ്പിച്ച പുതിയ കോച്ച് വന്നതോടെ കാര്യങ്ങള്‍ കൃത്യമായ റൂട്ടില്‍ തന്നെയാണെന്ന നിഗമനത്തിലാണ് ആരാധകരും.

ടീമിലെത്തിയതു മുതല്‍ നെടുന്തൂണായി മാറിയ അഡ്രിയാന്‍ ലൂണയെ നിലനിര്‍ത്തിയതും കോച്ചിംഗ് സ്റ്റാഫിലെ പഴയ മുഖങ്ങളെ മാറ്റിയതും പുതിയ കോച്ച് മിക്കേല്‍ സ്റ്റാറേയുടെ ഉപദേശം അനുസരിച്ചായിരിക്കും ടീമിന്റെ ഇനിയുള്ള സൈനിംഗുകളെന്നാണ് വിവരം.

പുതിയ കോച്ച് തനിക്ക് വേണ്ടുന്ന ചില കളിക്കാരുടെ ലിസ്റ്റ് ക്ലബ് മാനേജ്‌മെന്റിന് നല്‍കിയിട്ടുണ്ടെന്നാണ് വിവരം. ഇവരില്‍ എല്ലാവരെയും ലഭ്യമാകില്ലെങ്കിലും ചിലരില്‍ ടീമിന് താല്പര്യമുണ്ട്. ചര്‍ച്ചകളും തുടങ്ങിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി വര്‍ധിച്ചതിനാല്‍ ബജറ്റും പുതിയ കളിക്കാരുടെ വരവില്‍ നിര്‍ണായക സ്വാധീനം ചെലുത്തും.

അതേസമയം, ബ്ലാസ്റ്റേഴ്‌സിന്റെ എക്കാലത്തെയും മികച്ച ഗോള്‍സ്‌കോറര്‍ ദിമിത്രിയോസിന്റെ കാര്യത്തില്‍ ഇതുവരെ പുതിയ വാര്‍ത്തകളൊന്നും വന്നിട്ടില്ല. മുംബൈ സിറ്റി താരത്തെ സ്വന്തമാക്കുന്നതില്‍ നിന്ന് വിട്ടു. ബ്ലാസ്റ്റേഴ്‌സിനും ഈ പ്രശ്‌നമുണ്ട്.

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് പുതിയ യുവതാരങ്ങളെ തപ്പാനുള്ള സാധ്യതകളാണ് കൂടുതല്‍. സ്പീഡും സ്റ്റാമിനയും കൂടുതലുള്ളതിനാല്‍ ഇന്ത്യയെ പോലെ ചൂടുകൂടിയ കാലാവസ്ഥയില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ താരങ്ങളെക്കാള്‍ നല്ലത് ആഫ്രിക്കക്കാരാണെന്ന ചിന്ത ടീം മാനേജ്‌മെന്റിനുണ്ട്.

ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ച് അടുത്ത സീസണ്‍ അതിനിര്‍ണായകമാണ്. കാരണം, ടീമിനൊപ്പം ഇത്രയും നാളായി വലിയ പിന്തുണയോടെ നിന്നിരുന്ന ബൈജൂസ് കളംവിടുകയാണ്. സ്‌പോണ്‍സര്‍ഷിപ്പ് പുതുക്കില്ലെന്ന് കഴിഞ്ഞ ഡിസംബറില്‍ തന്നെ ബൈജൂസ് ക്ലബ് മാനേജ്‌മെന്റിനെ അറിയിച്ചിരുന്നു.

ബൈജൂസിന് പകരം ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് സ്ഥാനത്തേക്ക് ചില അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ വരാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. ഗള്‍ഫ് ആസ്ഥാനമായുള്ള എയര്‍ലൈന്‍സ് ഗ്രൂപ്പ് ബ്ലാസ്റ്റേഴ്‌സുമായി സഹകരിക്കാനുള്ള താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.

ഗള്‍ഫില്‍ ബ്ലാസ്റ്റേഴ്‌സിനുള്ള ആരാധകപിന്തുണ തന്നെയാണ് ഇതിനു കാരണം. ഈ ഡീല്‍ നടപ്പിലായാല്‍ അതു ഐഎസ്എല്‍ ചരിത്രത്തിലെ ഏറ്റവും വലിയ സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ ആയിരിക്കും. പ്രാഥമിക തലത്തില്‍ മാത്രമാണുള്ളതെങ്കിലും ചര്‍ച്ചകള്‍ ശരിയായ വഴിയില്‍ തന്നെയാകുമെന്ന് പ്രതീക്ഷിക്കാം.

Related Articles

Back to top button