Cricket

ഇപ്പോള്‍ പണമുണ്ടല്ലോ, ഇനിയെങ്കിലും ഞങ്ങളുടെ സമ്മാനത്തുക നല്‍കൂ !! ആവശ്യവുമായി 1983ലെ ലോകകപ്പ് വിജയി

ട്വന്റി20 ലോകകപ്പ് വിജയിച്ച ഇന്ത്യന്‍ ടീമിന് പാരിതോഷികമായി 125 കോടി രൂപയാണ് ബിസിസിഐ നല്‍കിയത്. ഈ സാഹചര്യത്തില്‍ ക്രിക്കറ്റ് ബോര്‍ഡിനു മുമ്പാകെ സമ്മാനത്തുക ആവശ്യപ്പെട്ട് എത്തിയിരിക്കുകയാണ് 1983ലെ ലോകകപ്പ് ടീമില്‍ അംഗമായിരുന്ന താരം.

1983ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് ബിസിസിഐ സമ്മാനത്തുക പ്രഖ്യാപിച്ചിരുന്നില്ല. അന്ന് ബിസിസിഐ കാരണമായി പറഞ്ഞത് ബോര്‍ഡിന് പണമില്ല എന്നായിരുന്നു.

എന്നാല്‍ ട്വന്റി 20 ലോകകിരീടം നേടിയ ഇന്ത്യന്‍ ടീമിന് 125 കോടി നല്‍കിയതോടെയാണ് പേരു വെളിപ്പെടുത്താത്ത, കപിലിന്റെ ‘ചെകുത്താന്‍മാരില്‍ ഒരാള്‍’ സമ്മാനത്തുക ആവശ്യപ്പെട്ട് രംഗത്തെത്തിയത്.

ഇന്ത്യന്‍ ടീമിന്റെ വിജയത്തില്‍ സന്തോഷമുണ്ട്. 125 കോടി വലിയതുകയാണ്. ഞങ്ങള്‍ ലോകകപ്പ് നേടിയപ്പോള്‍ ബോര്‍ഡിന് പണമില്ലാത്തതിനാല്‍ താരങ്ങള്‍ക്ക് സമ്മാനത്തുക ലഭിച്ചില്ല.

ഇപ്പോള്‍ ബിസിസിഐക്ക് പണം നല്‍കാന്‍ കഴിയും. തന്റെ ടീമിലെ ചിലര്‍ക്ക് മാത്രമാണ് ഇപ്പോള്‍ ജോലിയുള്ളത്. കൂടുതല്‍ പേരും ബുദ്ധിമുട്ടുകയാണ്. ഇക്കാര്യത്തില്‍ ബിസിസിഐ ശ്രദ്ധ ചെലുത്തണമെന്നും മുന്‍ താരം പ്രതികരിച്ചു.

1983ല്‍ ക്രിക്കറ്റ് ലോകത്ത് വലിയൊരു ശക്തിയല്ലാതിരുന്ന ഇന്ത്യ തികച്ചും അപതീക്ഷിതമായി കപില്‍ ദേവിന്റെ നേതൃത്വത്തില്‍ ലോകകിരീടം ചൂടുകയായിരുന്നു.

അന്നത്തെ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസിനെ ഫൈനലില്‍ 43 റണ്‍സിന് പരാജയപ്പെടുത്തിയാണ് കപില്‍ ദേവിന്റെ സംഘം ലോകകിരീടം സ്വന്തമാക്കിയത്. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, സിംബാബ്‌വെ തുടങ്ങിയ ടീമുകളെയും ഇന്ത്യ ലോകകപ്പില്‍ പരാജയപ്പെടുത്തിയിരുന്നു. മുന്‍ താരത്തിന്റെ ആവശ്യത്തോട് ബിസിസിഐ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Related Articles

Back to top button