Football

കളിച്ചത് 1000, അടിച്ചത് 789! ഓ! വേട്ടക്കാരന്‍ മെസി!

ലയണല്‍ മെസി തന്റെ ഫുട്‌ബോള്‍ കരിയറിലെ 1,000 മത്തെ മല്‍സരമാണ് ഓസ്‌ട്രേലിയയ്‌ക്കെതിരേ പൂര്‍ത്തിയാക്കിയത്. അതും ഗോളടിച്ചു കൊണ്ട് തന്നെ. അര്‍ജന്റീനയ്ക്കും ബാഴ്‌സയ്ക്കും പിഎസ്ജിക്കുമൊക്കെ തിളങ്ങിയ ആ കാലുകള്‍ ലോകകപ്പുകളിലും ചരിത്രം രചിച്ച് മുന്നേറുകയാണ്. കഴിഞ്ഞു പോയ ലോകകപ്പുകളില്‍ തനിക്ക് നേടാനാകാത്തതെല്ലാം അയാള്‍ ഖത്തറില്‍ സ്വന്തമാക്കുന്നുണ്ട്. ഇതുവരെ മെസി നേടിയത് 789 ഗോളുകളാണ്.

നിരവധി തവണ ലോകകപ്പുകളില്‍ ഗോള്‍ നേടിയെങ്കിലും നോക്കൗട്ടില്‍ ഉന്നം മറക്കുന്നവനെന്ന ചീത്തപ്പേരും ഇത്തവണ മെസി മായ്ച്ചു കളഞ്ഞു. ലോകകപ്പ് നോക്കൗട്ട് സ്‌റ്റേജില്‍ ഒരു ഗോളെന്ന 2006 മുതലുള്ള സ്വപ്‌നങ്ങളാണ് ഓസ്‌ട്രേലിയയ്‌ക്കെതിരായ പ്രീക്വാര്‍ട്ടറിന്റെ ആദ്യ പകുതിയില്‍ സഫലമായത്. ഗ്രൂപ്പ് സ്റ്റേജുകളില്‍ നിരവധി ഗോളുകള്‍ നേടിയെങ്കിലും നോക്കൗട്ടില്‍ ഗോളെന്നത് മെസിയെ അനുഗ്രഹിച്ചിരുന്നില്ല.

ഇത്തവണ ഇതുവരെ മെസിയുടെ ഗോളെണ്ണം മൂന്നായി ഉയര്‍ന്നു. ആദ്യ കളിയില്‍ സൗദിയുടെ വലകുലുക്കി തുടങ്ങിയ മെസി കളിച്ച നാലില്‍ മൂന്നിലും വലകുലുക്കി. എട്ട് തവണ അര്‍ജന്റീന വലകുലുക്കിയപ്പോള്‍ രണ്ട് തവണ മാത്രമാണ് എതിരാളികള്‍ക്ക് ആ വലയില്‍ പന്തെത്തിക്കാന്‍ സാധിച്ചത്.

അര്‍ജന്റീനയ്ക്കായി ഏറ്റവും കൂടുതല്‍ ലോകകപ്പ് ഗോളുകളെന്ന റിക്കാര്‍ഡില്‍ സാക്ഷാല്‍ ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ട മാത്രമാണ് മെസിക്ക് മുന്നില്‍ ഇനിയുള്ളത്. 10 ഗോളുകളാണ് ബാറ്റിയുടെ സംഭാവന. മെസി ഇതുവരെ 9 എണ്ണം അടിച്ചു കഴിഞ്ഞു. ഇക്കാര്യത്തില്‍ മറഡോണയുടെ എട്ടെണ്ണമെന്ന റിക്കാര്‍ഡ് ഈ ലോകകപ്പിലാണ് പിന്നിട്ടത്.

ഈ ലോകകപ്പില്‍ മെസിയുടെ കാലുകളിലാണ് അര്‍ജന്റൈ പ്രതീക്ഷകളൊക്കെയും. തന്നിലര്‍പ്പിച്ച വിശ്വാസം കാത്തു സൂക്ഷിക്കാന്‍ താരത്തിന് സാധിച്ചെന്നതും ഖത്തര്‍ ലോകകപ്പിനെ വ്യത്യസ്തമാക്കുന്നു. ഇനി മൂന്ന് കളി കൂടി ജയിക്കാനായാല്‍ കപ്പിലേക്ക് മെസിക്കും കൂട്ടര്‍ക്കും എത്താം.

Related Articles

Back to top button