CricketTop Stories

അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച് മുഷ്ഫിക്കര്‍ റഹീം!

ബംഗ്ലാദേശ് മുന്‍ നായകനും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായ മുഷ്ഫിക്കര്‍ റഹീം അന്താരാഷ്ട്ര ട്വന്റി-20 യില്‍ നിന്ന് വിരമിച്ചു. ഏഷ്യാകപ്പില്‍ അഫ്ഗാനിസ്ഥാനോടും ശ്രീലങ്കയോടും തോറ്റ് ബംഗ്ലാദേശ് ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. ഇതിനു പിന്നാലെ ആരാധകരും മുന്‍കാല താരങ്ങളും ടീമിലെ സീനിയര്‍ കളിക്കാര്‍ക്കെതിരേ രംഗത്തു വന്നിരുന്നു.

സീനിയര്‍ താരങ്ങളുടെ ഉത്തരവാദിത്വമില്ലായ്മയാണ് ബംഗ്ലാദേശിന്റെ എല്ലാ പതനങ്ങള്‍ക്കും കാരണമെന്നാണ് വിമര്‍ശനം. ഇതോടെയാണ് കുട്ടിക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ റഹീം തീരുമാനിച്ചതെന്നാണ് സൂചന. ഷക്കീബ് അല്‍ ഹസന്റെ നിര്‍ബന്ധപ്രകാരമാണ് റഹീമിനെയും മഹമ്മദുള്ളയെയും ഏഷ്യാകപ്പിനുള്ള ടീമിലെടുത്തതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇരുവരും ടൂര്‍ണമെന്റില്‍ വന്‍ പരാജയമായി മാറുകയും ചെയ്തു.

ഏകദിനത്തിലും ടെസ്റ്റിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് ട്വന്റി-20യില്‍ നിന്ന് വിരമിക്കുന്നതെന്ന് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ റഹീം വിശദീകരിക്കുന്നു. ആഭ്യന്തര ട്വന്റി-20 ടൂര്‍ണമെന്റുകളില്‍ തുടര്‍ന്നും കളിക്കുമെന്നും താരം വിശദീകരിക്കുന്നു.

ഏഷ്യാകപ്പില്‍ 4,1 എന്നിങ്ങനെയായിരുന്നു റഹീമിന്റെ സംഭാവന. ശ്രീലങ്കയ്‌ക്കെതിരായ മല്‍സരത്തില്‍ നിര്‍ണായകമായ ക്യാച്ചും കൈവിട്ടിരുന്നു. ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഉഴലുന്ന ബംഗ്ലാദേശ് ക്രിക്കറ്റ് സമീപകാലത്ത് മോശം പ്രകടനങ്ങളിലൂടെയാണ് മുന്നോട്ടു പോകുന്നത്.

Related Articles

Back to top button