Football

മറഡോണയുടെ ഒപ്പമെത്തി മെസി; ഈ ലോകകപ്പില്‍ മറികടക്കും!

ഖത്തര്‍ ലോകകപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ മെക്‌സിക്കോയെ അര്‍ജന്റീന തകര്‍ത്തെറിഞ്ഞു. ലയണല്‍ മെസി മിന്നിത്തിളങ്ങിയ മത്സരത്തില്‍ രണ്ട് ഗോളിനാണ് അര്‍ജന്റീന വിജയിച്ചത്. മത്സരത്തിലെ ആദ്യ ഗോള്‍ മെസിയുടെ വകയായിരുന്നു. ഈ ഗോളോട് കൂടി അര്‍ജന്റീനക്കായി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരം എന്ന മറഡോണയുടെ റെക്കോര്‍ഡിനൊപ്പം എത്തിയിരിക്കുകയാണ് മെസി.

20 കളികളില്‍ നിന്ന് 8 ഗോളുകളാണ് ഇരുവരും അര്‍ജന്റീനക്കായി നേടിയിട്ടുള്ളത്. മെസി തന്റെ അഞ്ചാമത്തെ ലോകകപ്പിലാണ് ബൂട്ട് കെട്ടുന്നത് അതില്‍ 4 ലോകകപ്പിലും ഗോള്‍ നേടാന്‍ അദ്ദേഹത്തിന് സാധിച്ചു. ഇന്നലത്തെ മത്സരത്തില്‍ മറഡോണയുടെ മറ്റൊരു റെക്കോര്‍ഡിനൊപ്പം എത്താനും മെസിക്ക് കഴിഞ്ഞു. ലോകകപ്പില്‍ അര്‍ജന്റീനക്കായി ഏറ്റവും അധികം മത്സരങ്ങള്‍ കളിച്ച താരം മറഡോണയായിരുന്നു.

മെക്‌സിക്കോയ്‌ക്കെതിരായ മത്സരത്തോടു കൂടി 21 കളികളുമായി മെസിയും ഒപ്പം എത്തിയിരിക്കുന്നു. ഗ്രൂപ്പ് സ്റ്റേജിലെ പോളണ്ടുമായിട്ടുള്ള മത്സരത്തിന് മെസി ഇറങ്ങുമ്പോള്‍ ഈ റെക്കോര്‍ഡ് തകര്‍ക്കപ്പെടും. 19 കളികള്‍ കളിച്ച മാഷെറാനോയാണ് രണ്ടാം സ്ഥാനത്ത്. ഇതിഹാസത്തിന്റെ റെക്കോര്‍ഡിനൊപ്പം ഇതിഹാസം എത്തുമ്പോള്‍ ഒരു വ്യത്യാസം മാത്രമാണ് അവര്‍ക്കിടയില്‍ ഉള്ളത്.

മറഡോണ അര്‍ജന്റീനക്കായി ഒരു ലോകകിരീടം നേടിയുട്ടെങ്കില്‍ മെസിക്ക് അതിന് സാധിച്ചിട്ടില്ല. ഖത്തറില്‍ മെസി ആ കനക കിരീടം സ്വന്തമാക്കും എന്ന പ്രതീക്ഷയിലാണ് അര്‍ജന്റീനയുടെയും മെസിയുടെയും ആരാധകര്‍. അദ്ദേഹം തന്റെ ഫോം തുടര്‍ന്നാല്‍ ആ കിരീടം നേടുക എന്നത് അര്‍ജന്റീനക്ക് ബുദ്ധിമുട്ടാവില്ല.

 

Related Articles

Back to top button