ISL

അതൊരു വലിയ പോരായ്മ തന്നെയാണ്; തുറന്നു സമ്മതിച്ച് വുക്കുമനോവിച്ച്!

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധകരും ടീം മാനേജ്‌മെന്റുമെല്ലാം വളരെ ആവേശത്തോടെയും പ്രതീക്ഷയോടെയും കാണുന്നൊരു സീസണാകും ഇത്തവണത്തേത്. കഴിഞ്ഞ സീസണിലെ അപ്രതീക്ഷിത കുതിപ്പ് തന്നെയാണ് ഇത്തരത്തില്‍ വലിയ സ്വപ്‌നങ്ങള്‍ കാണാന്‍ പ്രേരിപ്പിക്കുന്നത്. പുതിയ സീസണ്‍ തുടങ്ങാനിരിക്കെ ടീം അഭിമുഖീകരിക്കുന്ന ചില പ്രശ്‌നങ്ങള്‍ തുറന്നു പറയുകയാണ് കോച്ച് ഇവാന്‍ വുക്കുമനോവിച്ച്.

ഇത്തവണ നല്ല എതിരാളികളുമായി പരിശീലന മല്‍സരങ്ങള്‍ കളിക്കാന്‍ സാധിക്കാത്തത് വലിയ പ്രതിസന്ധി തന്നെയാണ്. ടീമിലെ പ്രശ്‌നങ്ങളും കളിക്കാരുടെ നിലവാരവും അളക്കണമെങ്കില്‍ നല്ല എതിരാളികളുമായി തന്നെ കളിക്കണം. നിര്‍ഭാഗ്യവശാല്‍ അതിനു സാധിച്ചില്ല. കരുത്തരായ എതിരാളികളെ നേരിട്ട് ടീം ബലപ്പെടുത്തുക എന്നതായിരുന്നു യുഎഇ പര്യടത്തിനു പുറപ്പെടും മുമ്പ് ആഗ്രഹിച്ചത്.

ഫിഫ വിലക്ക് ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷനു നേരിടേണ്ടി വന്നതോടെ അതെല്ലാം തകിടം മറിഞ്ഞു. ടീമിലെ പ്രശ്നങ്ങളും മറ്റും കണ്ടെത്താന്‍ മികച്ച എതിരാളികള്‍ക്ക് എതിരേ കളിക്കണമെന്ന് വുക്കുമനോവിച്ച് ഏഷ്യാനെറ്റ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വ്യക്തമാക്കിയത്.

ഹോം എവേ രീതിയില്‍ മത്സരം നടക്കുമ്പോള്‍ ചില പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും അതെല്ലാം നേരിട്ട് മുന്നോട്ട് പോകുക എന്നതാണ് ഫുട്ബോള്‍. കൊച്ചിയില്‍ കളിച്ച പരിശീലന മത്സരങ്ങള്‍ മികച്ചതായിരുന്നു. കൂടുതല്‍ കളിക്കാര്‍ ഗോള്‍ നേടുന്നുണ്ട്. ടീമിലേക്ക് കളിക്കാര്‍ വരുന്നതും പോകുന്നതും ഫുട്ബോളില്‍ സ്വാഭാവികമാണ്. ആരാധകരാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ കരുത്തെന്നും കോച്ച് വ്യക്തമാക്കുന്നു.

കഴിഞ്ഞ സീസണില്‍ ഫൈനലില്‍ പരാജയപ്പെട്ടതിനാല്‍ ഇത്തവണ കിരീട പ്രതീക്ഷ ആരാധകര്‍ക്കുണ്ടെന്ന് ഇവാന്‍ സമ്മതിച്ചു. കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഫൈനലില്‍ പ്രവേശിക്കും എന്ന് ആരും വിചാരിച്ചിരുന്നില്ല. കൊച്ചിയില്‍ കളി നടക്കുന്നതിന്റെ ആവേശവും ആകാംക്ഷയും ഇമോഷനും ടീമിനും തനിക്കുണ്ടെന്നും കോച്ച് വെളിപ്പെടുത്തുന്നു.

സെപ്റ്റംബര്‍ 30ന് ഹോംഗ്രൗണ്ടായ കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത പരിശീലന മല്‍സരം. ഐലീഗ് വമ്പന്മാരായ പഞ്ചാബ് എഫ്‌സിയാണ് എതിരാളികള്‍. ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സ് ഇതുവരെ കളിച്ചതില്‍ വച്ചേറ്റവും ശക്തരായ നിരയാണ് പഞ്ചാബിന്റേത്. ഈ മല്‍സരത്തോടെ പരിശീലന മല്‍സരങ്ങളും അവസാനിക്കാനാണ് സാധ്യത.

Related Articles

Back to top button