Cricket

അബദ്ധമെങ്കിലും കാര്യവട്ടത്തെ പിച്ച് ഇന്ത്യയ്ക്ക് ദോഷമല്ല ഗുണമാണ്! കാരണമുണ്ട്

ബാറ്റിംഗ് വെടിക്കെട്ട് പ്രതീക്ഷിച്ചാണ് ആരാധകര്‍ ഗ്രീന്‍ഫീല്‍ഡ് ട്വന്റി-20 യ്ക്ക് ടിക്കറ്റെടുത്തത്. പിച്ചൊരുക്കിയ സ്റ്റേഡിയത്തിലെ ക്യൂറേറ്റര്‍ പറഞ്ഞിരുന്നതും ബാറ്റിംഗ് വിരുന്നാകുമെന്നാണ്. എന്നാല്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടിയപ്പോള്‍ എല്ലാ പ്രവചനങ്ങളും പാളുകയും ചെയ്തു. ഇതുപോലൊരു വിക്കറ്റില്‍ ബാറ്റ് ചെയ്തിട്ടില്ലെന്നായിരുന്നു മല്‍സരശേഷം ഓപ്പണര്‍ കെ.എല്‍ രാഹുലിന്റെ അഭിപ്രായം.

ആരാധകര്‍ക്ക് നല്ല മല്‍സരം കാണാന്‍ സാധിച്ചില്ലെങ്കിലും ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യയ്ക്ക് വലിയ ഗുണം ചെയ്ത പിച്ചായിരുന്നു കാര്യവട്ടത്തേതെന്ന് നിസംശയം പറയാം. കാരണം, ലോകകപ്പ് നടക്കുന്നത് കൂടുതല്‍ ബൗണ്‍സും പേസുമുള്ള ഓസ്‌ട്രേലിയന്‍ പിച്ചുകളിലാണ്. അടുത്തകാലത്ത് കൂടുതല്‍ ബാറ്റിംഗ് അനുകൂലമായി ഓസ്‌ട്രേലിയന്‍ പിച്ചുകള്‍ മാറിയെന്നത് ശരിതന്നെയാണ്, പക്ഷേ പിച്ചിലെ ആ ‘ജീവന്‍’ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

ചത്ത പിച്ചില്‍ 200-250 റണ്‍സൊക്കെ എടുത്ത് ലോകകപ്പിനായി പോകുന്നതിലും ഇന്ത്യയ്ക്ക് ഗുണം ചെയ്യുന്നത് കാര്യവട്ടത്തെ പോലുള്ള വിഷമമേറിയ പിച്ചുകളില്‍ കളിച്ച് പഠിക്കുന്നതാണ്. ലോകകപ്പില്‍ ഈസി വിക്കറ്റുകള്‍ പ്രതീക്ഷിക്കേണ്ടതില്ല. ബാറ്റിംഗിനെ തുണയ്ക്കുമ്പോള്‍ തന്നെ നല്ല പേസും ബൗണ്‍സും ഉണ്ടാകും. ഇപ്പോള്‍ അതെല്ലാം പ്രാക്ടീസ് ചെയ്യാതെ നേരിട്ട് ലോകകപ്പിന് ഇറങ്ങുന്നത് ആത്മഹത്യപരമാകും.

അടുത്ത കാലത്തൊക്കെ ഇന്ത്യ പ്രധാന ലോക ഇവന്റുകള്‍ക്കായി പോകുന്നത് യാതൊരു ഒരുക്കവുമില്ലാതെയാണ്. നോക്കൗട്ട് ടൂര്‍ണമെന്റുകളില്‍ കളിക്കാന്‍ പോകുന്നത് ഇന്ത്യയില്‍ ഏതെങ്കിലുമൊരു ടീമുമായി പരമ്പര ജയിച്ച ആത്മവിശ്വാസത്തോടെയാണ്. എന്നാല്‍ ലോകകപ്പിലും ഏഷ്യാകപ്പിലും ചെല്ലുമ്പോള്‍ എല്ലാം മറക്കുകയും ചെയ്തു.

ഇന്ത്യയുടെ രണ്ടാം ട്വന്റി-20 നടക്കുന്നത് ഗുവഹാത്തിയിലാണ്. അവിടെയും കൂടുതല്‍ പച്ചപ്പുള്ള വിക്കറ്റാണ് ഒരുക്കിയിരിക്കുന്നതെന്നാണ് വിവരം. അങ്ങനെയെങ്കില്‍ അതു നല്ല കാര്യമെന്ന് തന്നെ പറയാം. ആരാധകരെ തൃപ്തിപ്പെടുത്താന്‍ മാത്രമാകരുത് കളത്തിലിറങ്ങേത്. ഭാവി കൂടി നോക്കി വേണം പിച്ചൊരുക്കാന്‍. നല്ല പിച്ചുകളില്‍ കളിച്ച് ലോകകപ്പിന് നല്ലൊരു ഒരുക്കം കിട്ടുമെന്ന് പ്രതീക്ഷിക്കാം.

Related Articles

Back to top button