ISL

റഫറിമാര്‍ വീണ്ടും ചതി കാണിക്കുന്നു!! ബ്ലാസ്റ്റേഴ്‌സും കരുതിയിരുന്നോളൂ

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒരുകാര്യത്തില്‍ എല്ലാ ക്ലബിന്റെയും ആരാധകര്‍ ഒറ്റക്കെട്ടാണ്. ലീഗിലെ റഫറിമാരുടെ നിലവാരത്തിന്റെ കാര്യത്തിലാണത്. ആരാധകരെല്ലാം നിസംശയം പറയും റഫറിമാര്‍ അത്ര പോരെന്ന്. കഴിഞ്ഞ സീസണുകളിലെല്ലാം റഫറിമാരുടെ മോശം തീരുമാനം പല ടീമുകളുടെയും മുന്നോട്ടുള്ള പ്രയാണത്തെ ബാധിച്ചിരുന്നു. ഇത്തവണയെങ്കിലും കാര്യങ്ങള്‍ മാറുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു.

എന്നാല്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകില്ലെന്നതിന്റെ സൂചനകളാണ് രണ്ടാം മല്‍സരം തന്നെ നല്‍കുന്നത്. നോര്‍ത്തീസ്റ്റ്-ബെംഗളൂരു മല്‍സരം റഫറിമാര്‍ മാറാന്‍ ഉദേശിക്കുന്നില്ലെന്നതിന്റെ ഉത്തമോദാഹരണമാണ്. നോര്‍ത്തീസ്റ്റിന് അര്‍ഹിച്ച പലതും ഇന്നത്തെ മല്‍സരത്തില്‍ നിഷേധിക്കപ്പെട്ടു. അതും ഒരിക്കല്‍ മാത്രമല്ല പലതവണ. ഇത്തവണ ആരാധകര്‍ വീണ്ടും റഫറിമാര്‍ക്കെതിരേ പ്രതിഷേധം തുടരേണ്ടി വരുമെന്ന് ശ്രീകണ്ഠീരവയിലെ മല്‍സരം വ്യക്തമാക്കുന്നു.

കഴിഞ്ഞ തവണ കോച്ചുമാര്‍ തന്നെ മോശം റഫറിയിംഗിനെതിരേ രംഗത്തുവന്നത് പലകുറി നാം കണ്ടതാണ്. ഓരോ തവണയും സംഘാടകര്‍ ഓരോര കാരണങ്ങള്‍ നിരത്തി റഫറിമാരെ സംരക്ഷിക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ റഫറിമാരുടെ നിലവാരം മെച്ചപ്പെടുത്താന്‍ സംഘാടകര്‍ ആഞ്ഞു ശ്രമിക്കുന്നുണ്ട്. റഫറിമാര്‍ക്ക് ക്ലസുകള്‍ക്കായി വിദേശ അസോസിയേഷനുകളുമായി ബന്ധപ്പെട്ട് വിവിധ റഫറിയിംഗ് ക്ലിനിക്കുകള്‍ സംഘാടകര്‍ കഴിഞ്ഞ മാസങ്ങളില്‍ സംഘടിപ്പിച്ചിരുന്നു.

റഫറിമാരുടെ നിലവാരം മെച്ചപ്പെടുത്താന്‍ പ്രത്യേക കോച്ചിംഗ് തന്നെ അവര്‍ക്ക് നല്കുന്നുണ്ട്. ലീഗിന്റെ സുഗമമായ ഒഴുക്കിന് പലപ്പോഴും റഫറിമാരുടെ മോശം തീരുമാനം വഴിയൊരുക്കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് സംഘാടകര്‍ ഇത്തരത്തില്‍ ക്ലാസുകള്‍ നല്കുന്നത്.

വിദേശ റഫറിമാരെ അടുത്ത സീസണില്‍ നിയോഗിക്കണമെന്ന ആവശ്യം ശക്തമാണ്. എന്നാല്‍ സാമ്പത്തികവും കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളും ഇത്തരമൊരു ആവശ്യത്തിന് എതിരാകുന്നു. ഇപ്പോഴേ റഫറിമാര്‍ക്കെതിരേ പ്രതിഷേധം ഉയര്‍ന്നു തുടങ്ങിയാല്‍ ചിലപ്പോള്‍ അവര്‍ കുറച്ചുകൂടി ജാഗ്രത പുലര്‍ത്തിയേക്കും. ഇല്ലെങ്കില്‍ കഴിഞ്ഞ സീസണുകളില്‍ ബ്ലാസ്റ്റേഴ്‌സ് നേരിടേണ്ടി വന്ന അവസ്ഥ ഇത്തവണയും വന്നുചേര്‍ന്നേക്കും.

Related Articles

Back to top button