Cricket

പതിനൊന്നാമന്‍ പോലും അടിച്ചു പറത്തുന്നു!! ഈ ലോകകപ്പിലെ ബിഗ് ഫ്‌ളോപ്പ് ആകുമോ ഹര്‍ഷല്‍?

ലോകകപ്പിനായി ഓസ്‌ട്രേലിയയിലെത്തിയ ഇന്ത്യ ആദ്യ അനൗദ്യോഗിക പരിശീലന മല്‍സരത്തില്‍ തകര്‍പ്പന്‍ ജയം തന്നെ സ്വന്തമാക്കി. ബൗളര്‍മാരുടെ മികവാണ് ആദ്യ മല്‍സരത്തില്‍ ജയത്തിലേക്ക് രോഹിതിനെയും സംഘത്തെയും നയിച്ചത്. എന്നാല്‍ വലിയൊരു ആശങ്ക ടീം ഇന്ത്യയെ ബാധിച്ചിട്ടുണ്ട്. അത് ഹര്‍ഷല്‍ പട്ടേല്‍ എന്ന ബൗളറുടെ രൂപത്തിലാണ്.

ഐപിഎല്ലിലെ തകര്‍പ്പന്‍ ബൗളിംഗ് വഴിയാണ് ഹര്‍ഷല്‍ ദേശീയ ടീമിന്റെ ഭാഗമാകുന്നത്. എന്നാല്‍ വന്നതു മുതല്‍ റണ്‍സ് വഴങ്ങാന്‍ പിശുക്കു കാണിക്കാതെയാണ് ഹര്‍ഷലിന്റെ ബൗളിംഗ്. 130-135 കിലോമീറ്ററില്‍ കൂടുതല്‍ വേഗത്തില്‍ പന്തെറിയാന്‍ സാധിക്കാത്ത ഹര്‍ഷലിന്റെ പ്രധാന ആയുധം സ്ലോ ബോളുകളാണ്. ആദ്യമൊക്കെ ഈ ബൗളിംഗ് ഫലിച്ചിരുന്നു. എന്നാലിപ്പോള്‍ അതും വലിയ ഗുണം ചെയ്യുന്നില്ല.

വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ പരിശീലന മല്‍സരത്തില്‍ മറ്റെല്ലാവരും നല്ല രീതിയില്‍ പന്തെറിഞ്ഞു. എന്നാല്‍ ഹര്‍ഷല്‍ മാത്രം പതിവുപോലെ തല്ലുകൊണ്ടു. വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയുടെ പതിനൊന്നാമന്‍ ഹര്‍ഷലിന്റെ അവസാന ഓവറില്‍ അടിച്ചെടുത്തത് 17 റണ്‍സാണ്. ആകെ നാലോവറില്‍ വഴങ്ങിയത് 49 റണ്‍സും.

ഹര്‍ഷലിന്റെ ഇതുവരെയുള്ള ട്വന്റി-20 അന്താരാഷ്ട്ര കരിയര്‍ അത്ര സുഖമുള്ളതല്ല. 22 ഇന്നിംഗ്‌സില്‍ നിന്നായി ഇതുവരെ എറിഞ്ഞത് 457 പന്തുകളാണ്. വിട്ടുകൊടുത്തത് 701 റണ്‍സും! നേടിയതാകട്ടെ വെറും 26 വിക്കറ്റുകളും. ഇക്കോണമി റേറ്റും അത്ര മെച്ചമല്ല. 9.20 ആണ് ഹര്‍ഷല്‍ ഒരോവറില്‍ വിട്ടുകൊടുക്കുന്നതിന്റെ ശരാശരി. ഒരു ക്ലബ് ബൗളര്‍ക്കപ്പുറം കണക്കുകളില്‍ പോലും മികവ് കാണിക്കാനായിട്ടില്ലെന്ന് ചുരുക്കം.

Related Articles

Back to top button