ISLTop Stories

ടമാര്‍ പഠാര്‍ ഗോളുകള്‍!! ജിയാനുവിന്റെ ഹാട്രിക്കില്‍ ആറാടി ബ്ലാസ്റ്റേഴ്‌സ്!!

ഈ വര്‍ഷത്തെ ഐഎസ്എല്ലിനായി ഒരുങ്ങുന്ന കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലന മല്‍സരങ്ങളില്‍ ഗോള്‍വര്‍ഷം തുടരുന്നു. ഇന്ന് നടന്ന മല്‍സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് റിസര്‍വിനെതിരേയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ സീനിയര്‍ ടീം കളിച്ചത്. 8-1 നാണ് ടീം ജയിച്ചു കയറിയത്. പനമ്പള്ളി നഗറില്‍ നടന്ന പോരാട്ടത്തില്‍ ജിയാനുവിന്റെ ഹാട്രിക്കാണ് പ്രധാന വിശേഷം.

ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ രണ്ടുതവണ വലകുലുക്കി. ഒരു ഗോള്‍ മിറാന്‍ഡയുടെ വകയാണ്. മറ്റൊരു ഗോള്‍ ബിദ്യാസാഗറിന്റെ വകയും. ബ്ലാസ്‌റ്റേഴ്‌സ്് ജേഴ്‌സിയില്‍ ബിദ്യയുടെ ആദ്യ ഗോളാണിത്. സീനിയര്‍ ബ്ലാസ്‌റ്റേഴ്‌സിനെതിരേ ഗോള്‍നില സൂചിപ്പിക്കുന്ന പോലെ അത്ര മോശമായിരുന്നില്ല മല്‍സരം. നല്ല പോരാട്ടം കാഴ്ച്ചവയ്ക്കാന്‍ ടീമിനായി. ഡ്യൂറന്റ് കപ്പില്‍ ക്വാര്‍ട്ടറില്‍ കടന്ന ടീമിനെതിരേ നല്ല രീതിയില്‍ കളിക്കാനായത് കോച്ച് ഇവാന്‍ വുക്കുമനോവിച്ചിന് ആവേശം പകരുന്നത്. ദേശീയ ടീമിനൊപ്പം കളിക്കാന്‍ പോയ സഹല്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഇല്ലാതെയാണ് സീനിയര്‍ ടീം കളിച്ചത്.

കഴിഞ്ഞ മല്‍സരത്തിലെ പോലെ രണ്ടാം പകുതിയില്‍ ഏകദേശം സമ്പൂര്‍ണമായി ടീമിനെ മാറ്റിയാണ് വുക്കുമനോവിച്ച് പരീക്ഷണം നടത്തിയത്. ഹോര്‍മിപാം, ബിജോയ്, ഗിവ്‌സണ്‍, ആയുഷ്, സന്ദീപ്, ബിദ്യാസാഗര്‍, നിഹാല്‍ എന്നിവരാണ് രണ്ടാം പകുതിയില്‍ പകരക്കാരായി ഇറങ്ങിയത്. ലൂണയ്ക്ക് കൂടുതല്‍ മല്‍സര പരിചയം ലഭിക്കുന്നതിനായി താരത്തെ കൂടുതല്‍ സമയം കളിപ്പിച്ചു.

അടുത്ത രണ്ട് ആഴ്ച്ചയ്ക്കിടെ രണ്ടിലേറെ മല്‍സരങ്ങള്‍ കൂടി ബ്ലാസ്‌റ്റേഴ്‌സ് കളിക്കും. കേരള പ്രീമിയര്‍ ലീഗ് ടീമുകളുമായി കളിക്കാനും പദ്ധതിയുണ്ട്. പുതിയ കളിക്കാര്‍ക്ക് കൂടുതല്‍ അവസരം നല്‍കുകയാണ് ലക്ഷ്യം. ഒക്ടോബര്‍ ഏഴിന് കൊച്ചി നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഈസ്റ്റ് ബംഗാളിനെതിരേയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ മല്‍സരം.

Related Articles

Back to top button