ISL

ബ്ലാസ്‌റ്റേഴ്‌സിന്റെ തിരിച്ചുവരവിന്റെ ആരംഭമാകും ഗുവഹാത്തി! കാരണമുണ്ട്

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഈ സീസണിലെ ഏറ്റവും നിര്‍ണായകമായ പോരാട്ടമാകും ഗുവഹാത്തി ഇന്ദിര ഗാന്ധി സ്‌റ്റേഡിയത്തില്‍ നടക്കുക. തുടര്‍ തോല്‍വികളില്‍ നട്ടംതിരിയുന്ന ടീമിന് ഒരു തിരിച്ചുവരവ് അനിവാര്യമാണ്. അതിന് ഏറ്റവും അനുയോജ്യരായ എതിരാളികളും വേദിയുമാണ് ഇവാന്‍ വുക്കുമനോവിച്ചിനും സംഘത്തിനും ലഭിച്ചിരിക്കുന്നത്.

കാര്യങ്ങള്‍ ഇത്രമേല്‍ പ്രതികൂലമായ ഒരു ഘട്ടം വുക്കുമനോവിച്ചിന്റെ കരിയറില്‍ ഉണ്ടായിട്ടില്ല. എല്ലാം തിരിച്ചടിയാകുന്ന നിമിഷത്തില്‍ നിന്ന് തിരിച്ചു പിടിക്കാന്‍ ടീമിന് ഒരു നല്ല ജയം മതിയാകും. ഈ സീസണില്‍ ഏറ്റവും മോശം പ്രകടനം നടത്തുന്ന ടീമാണ് നോര്‍ത്തീസ്റ്റ്.

അവരുടെ പ്രകടനം മാത്രമല്ല ടീം ക്യാംപില്‍ പോലും അസ്വസ്ഥത പ്രകടമാണ്. മികച്ച സൗകര്യങ്ങളില്ലാത്തതിനാല്‍ ഒരു വിദേശതാരം ടീം വിട്ടു. ബാക്കിയുള്ളവര്‍ ആകെ മൊത്തം കലിപ്പിലുമാണ്. ടീമിന്റെ പ്രകടനം ആദ്യ മല്‍സരത്തിനു ശേഷം വളരെ പിന്നോട്ടാണ്. പോസിറ്റീവ് കാര്യങ്ങളൊന്നും ഇല്ലാത്ത അവസ്ഥയിലാണ് ഹോം ടീം.

ബ്ലാസ്‌റ്റേഴ്‌സിനു തിരിച്ചു വരാന്‍ ഇതിലും വലിയ അവസരം വേറെയില്ല. ഇന്ന് ജയിക്കാനായാല്‍ പോയിന്റ് പട്ടികയില്‍ ആദ്യ ഏഴിലെത്താന്‍ ടീമിന് സാധിക്കും. അതുവഴി ലഭിക്കുന്ന ആത്മവിശ്വാസം ചില്ലറയാകില്ല. ലീഗിലെ നാലോ അഞ്ചോ മല്‍സരങ്ങള്‍ വച്ച് മാത്രം ഒരു ടീമിനെയും എഴുതി തള്ളാന് സാധിക്കില്ല.

ബ്ലാസ്റ്റേഴ്‌സ് മികച്ച സംഘം തന്നെയാണ് ഇത്തവണയും. എന്നാല്‍ ടീമംഗങ്ങള്‍ തമ്മില്‍ കഴിഞ്ഞ സീസണില്‍ ഉണ്ടായിരുന്ന ഒത്തൊരുമയും ഇഴുകിച്ചേരലും ഇതുവരെ സംഭവിച്ചിട്ടില്ല. അതു കൂടി സംഭവിച്ചാല്‍ ഇത്തവണയും വലിയ നേട്ടങ്ങള്‍ വരുമെന്നുറപ്പാണ്.

Related Articles

Back to top button