Football

അന്നും തോറ്റുതുടങ്ങി ഫൈനലിലെത്തി; അര്‍ജന്റീനയ്ക്ക് ഇത് ‘ഭാഗ്യ തോല്‍വി’

ആദ്യ മല്‍സരത്തില്‍ സൗദി അറേബ്യയോട് അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയെങ്കിലും അര്‍ജന്റീനയെ എഴുതി തള്ളാന്‍ സാധിക്കില്ല. കാരണം അര്‍ജന്റീന ഫൈനലിലെത്തിയ 1990 ലെ ലോകകപ്പിലും അവര്‍ ആദ്യ കളി തോറ്റാണ് തുടങ്ങിയത്. അന്ന് കാമറൂണായിരുന്നു 1-0ത്തിന് അര്‍ജന്റൈന്‍ പടയെ വീഴ്ത്തിയത്.

അന്ന് കാമറൂണിനെതിരേ തോറ്റു തുടങ്ങിയ അര്‍ജന്റീന പിന്നെ തിരിഞ്ഞു നോക്കിയില്ല. രണ്ടാം മല്‍സരത്തില്‍ സോവിയറ്റ് യൂണിയനെ 2-0ത്തിന് കീഴടക്കിയ അര്‍ജന്റീന മൂന്നാം മല്‍സരത്തിലെ സമനിലയോടെ അടുത്ത റൗണ്ടിലേക്ക് എത്തി. ആ പോരാട്ടവീര്യം പിന്നീട് അവസാനിച്ചത് ഫൈനലിലാണ്. ഇത്തവണയും സമാനതകളേറെയാണ്.

അന്ന് ആരാലും അറിയപ്പെടാതിരുന്ന കാമറൂണ്‍ ആണ് നീലപ്പടയെ വീഴ്ത്തിയതെങ്കില്‍ ഇത്തവണ അത് സൗദി അറേബ്യയുടെ രൂപത്തിലാണെന്ന് മാത്രം. രണ്ട് പോരാട്ടങ്ങളിലും സാമ്യതകളേറെയുണ്ടെന്നതും യാദൃശ്ചികമായി മാറി.

സമീപകാലത്തെ ലോക ടൂര്‍ണമെന്റുകളിലെല്ലാം തന്നെ ഓരോ മല്‍സരം കഴിയുന്തോറും ഫോമിലേക്ക് ഉയരുകയെന്നതാണ് അര്‍ജന്റീനയുടെ രീതി. 2014 ല്‍ നാമത് കണ്ടതാണ്. ചെറിയ ചെറിയ മാര്‍ജിനുകളില്‍ ജയിച്ചു കയറിയ അര്‍ജന്റീന അതിവേഗം മികച്ച ഫോമിലേക്ക് പോകുന്നതാണ് കണ്ടത്. ഇത്തവണയും അത്തരത്തില്‍ തിരിച്ചു വരാന്‍ ലയണല്‍ മെസിയുടെ സംഘത്തിന് സാധിക്കും. കാരണം, ഒരാളെ മാത്രം ആശ്രയിച്ചു കളിക്കുന്ന ടീമില്‍ നിന്ന് അവര്‍ ഒരുപാട് മാറിയിട്ടുണ്ട്.

സമ്മര്‍ദങ്ങളില്‍ കളിക്കുമ്പോഴാണ് ചാമ്പ്യന്മാരുടെ പോരാട്ടവീര്യം ഉയരുന്നത്. അതുകൊണ്ട് തന്നെ ഈ തോല്‍വി ഒരുപക്ഷേ അര്‍ജന്റീനയ്ക്ക് ഉണര്‍ത്തുപാട്ടായി മാറാനുള്ള സാധ്യതയാണ് കാണുന്നത്. എന്തായാലും ഈ ലോകകപ്പ് ആവേശകരമാകുമെന്ന് ഉറപ്പാണ്.

Related Articles

Back to top button