CricketIPL

‘മിന്നല്‍’ സാമര്‍ത്ഥിനെ ലക്ഷ്യമിട്ട് ഐപിഎല്‍ ടീമുകള്‍; കോടീശ്വരനാകുമോ മിസ്റ്റര്‍ 360?

ഇത്തവണത്തെ ഐപിഎല്‍ താരലേലത്തില്‍ ഒരുപിടി യുവതാരങ്ങള്‍ ശ്രദ്ധയാകര്‍ഷിക്കാന്‍ സാധ്യതയുണ്ട്. സയിദ് മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും തകര്‍ത്തടിച്ച താരങ്ങള്‍ ഫ്രാഞ്ചൈസികളുടെ ഹിറ്റ് ലിസ്റ്റിലുണ്ട്. അത്തരത്തില്‍ ടീമുകളൊക്കെ റാഞ്ചാന്‍ റെഡിയായി നില്‍ക്കുന്നൊരു താരമുണ്ട്. സൗരാഷ്ട്രയുടെ വെടിക്കെട്ടുകാരന്‍ സാമര്‍ത്ഥ് വ്യാസ്.

ഇത്തവണത്തെ സയിദ് മുഷ്താഖ് അലി ട്രോഫി സാമര്‍ത്ഥിന്റെ കരിയര്‍ ടേണിംഗ് ആയി മാറിയിരിക്കുകയാണ്. സൗരാഷ്ട്രയ്ക്കായി 7 ഇന്നിംഗ്‌സുകളില്‍ നിന്നും അടിച്ചെടുത്തത് 314 റണ്‍സാണ്. അതും 177.40 എന്ന സ്‌ട്രൈക്ക് റേറ്റില്‍. ഏതു വമ്പന്‍ ബൗളറെയും തലങ്ങും വിലങ്ങും പായിക്കാനുള്ള ശേഷിയാണ് വ്യാസിനെ വ്യത്യസ്തനാക്കുന്നത്.

വിജയ് ഹസാരെ ഏകദിന ടൂര്‍ണമെന്റിലും വ്യാസ് തകര്‍ത്തു കളിച്ചു. വ്യാസിന്റെ മികവിലാണ് സൗരാഷ്ട്ര കിരീടം ചൂടിയതും. 9 ഇന്നിംഗ്‌സില്‍ നിന്നും 431 റണ്‍സാണ് താരം അടിച്ചെടുത്തത്. 108.83 ആണ് സ്‌ട്രൈക്ക് റേറ്റ്. ഇന്നിംഗ്‌സിന്റെ ആദ്യ പന്തു മുതല്‍ തകര്‍ത്തടിച്ച് സ്‌കോര്‍ ഉയര്‍ത്താനുള്ള ശേഷിയാണ് വ്യാസിനെ വ്യത്യസ്തനാക്കുന്നത്.

ഇരുപത്തേഴുകാരനായ ഈ താരം ഇതുവരെ ഐപിഎല്‍ കളിച്ചിട്ടില്ല. ഇത്തവണ പക്ഷേ ഏതെങ്കിലും ടീം കോടികള്‍ മുടക്കി താരത്തെ സ്വന്തമാക്കുമെന്ന് ഉറപ്പാണ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഡല്‍ഹി ക്യാപിറ്റല്‍സും താരത്തെ ലക്ഷ്യമിടുന്നുവെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കോടികള്‍ മുടക്കി ഇന്ത്യന്‍ യുവതാരങ്ങളെ ടീമിലെടുത്താലും ടൂര്‍ണമെന്റില്‍ ക്ലിക്കാകുന്നില്ലെന്നത് വിവിധ ഫ്രാഞ്ചൈസികള്‍ക്ക് തലവേദന ആകുന്നുണ്ട്. കഴിഞ്ഞ സീസണില്‍ ഷാരുഖ് ഖാന്റെ പ്രകടനം തന്നെ ഉദാഹരണം. വലിയ പണം മുടക്കി ടീമിലെത്തിക്കുന്നവര്‍ കോടികളുടെ പ്രകടനം കളത്തില്‍ കാഴ്ച്ച വയ്ക്കാത്തത് മറിച്ചു ചിന്തിക്കാന്‍ ടീമുകളെ പ്രേരിപ്പിക്കുന്നുണ്ട്. ഈ മാസം അവസാനം കൊച്ചിയിലാണ് ലേലം.

Related Articles

Back to top button