FootballISL

വാസ്‌കസ് അല്ല അതുക്കും മേലെ!! വിമര്‍ശകരെ കൊണ്ട് കൈയടിപ്പിക്കുന്ന ദിമിത്രിയോസ് മാജിക്!

കേരള ബ്ലാസ്റ്റേഴ്സിന്റെ വജ്രായുധമായി മാറിക്കൊണ്ടിരിക്കുകയാണ് ദിമിത്രിയോസ് ഡയമാന്റെകൊസ് എന്ന ഗ്രീക്ക് സ്‌ട്രൈക്കര്‍. സീസണിലെ ആദ്യ മത്സരങ്ങളില്‍ ടീമിനോടൊപ്പം ഒത്തിണങ്ങി കളിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ആരാധകരില്‍ നിന്നും ഫുട്‌ബോള്‍ വിദഗ്ധരില്‍ നിന്നും ധാരാളം വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു താരത്തിന്.

മികച്ച ഒരു സ്‌ട്രൈക്കറുടെ അഭാവമാണ് ടീമിന്റെ പ്രകടനത്തെ ബാധിക്കുന്നതെന്നും വാസ്‌കസിന്റെയും ഡയസിന്റെയും വിടവ് നികത്താന്‍ ദിമിക്ക് കഴിയില്ല എന്നും വിലയിരുത്തപ്പെട്ടിരുന്നു. എന്നാല്‍ വിമര്‍ശകര്‍ക്ക് മറുപടി എന്നോളം അദ്ദേഹം തന്റെ ഗോള്‍ വേട്ട തുടരുകയാണ്. തുടര്‍ച്ചയായി മൂന്നാം കളിയില്‍ ഗോള്‍ നേടിയ അദ്ദേഹം ടീമിന്റെ ഉയിര്‍ത്തെണീപ്പില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്.

ലീഗില്‍ ഇതുവരെ തോല്‍വി അറിയാതെ ഒന്നാം സ്ഥാനത്ത് തുടര്‍ന്ന ഹൈദരാബാദ് എഫ്‌സിയെ അവരുടെ തട്ടകത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് മുട്ടു കുത്തിച്ചപ്പോള്‍ അവിടെയും നിര്‍ണായകമായത് ദിമിയുടെ ഗോള്‍ തന്നെ. ഇപ്പോഴിതാ ജെംഷഡ്പൂരിനെതിരേ അവരുടെ തട്ടകത്തിലും ദിമി കരുത്തുകാട്ടി. കളിയില്‍ ഉടനീളം അധ്വാനിച്ച് കളിക്കുന്ന അദ്ദേഹം എതിര്‍ താരങ്ങളുടെ കൈയില്‍ നിന്നും പന്ത് തട്ടി എടുക്കുന്നതിലും വിദഗ്ധനാണ്.

സ്‌ട്രൈക്കിംങ് തേര്‍ഡില്‍ വളരെ സൂത്രശാലിയായ ദിമി തക്കം കിട്ടിയാല്‍ പന്തിനെ വലയിലേക്ക് എത്തിക്കും. തന്റെ വേഗതയും, ശാരീരിക ക്ഷമതയും കൊണ്ട് എതിര്‍ ഡിഫെന്‍സിനെ തകര്‍ത്തെറിയാന്‍ ഗ്രീക്ക് സ്‌ട്രൈക്കര്‍ക്ക് അനായാസം കഴിയുന്നുണ്ട്. തന്റെ സഹതാരങ്ങള്‍ക്ക് അവസരങ്ങള്‍ ഒരുക്കി കൊടുക്കാനും അദ്ദേഹം ശ്രദ്ധ പുലര്‍ത്തുന്നു.

അറ്റാക്കിംഗില്‍ എല്ലാ താരങ്ങളും ഒത്തിണങ്ങി കളിക്കാന്‍ തുടങ്ങിയത് തന്നെയാണ് ബ്ലാസ്റ്റേഴ്സിനു തുടര്‍ച്ചയായി വിജയങ്ങള്‍ നേടി കൊടുക്കുന്നത്. ടീമിനോട് ഒത്തിണങ്ങാന്‍ അല്‍പ്പം വൈകിയെങ്കിലും ഇപ്പോള്‍ ദിമിത്രിയോസിന്റെ പ്രകടനം ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ മുന്നോട്ടുള്ള യാത്രയില്‍ നിര്‍ണായക പങ്ക് വഹിക്കും.

Related Articles

Back to top button