Football

കാനഡ ടീമില്‍ 4 രാജ്യക്കാര്‍; 7 കുടിയേറ്റക്കാര്‍!! ക്രിക്കറ്റ് മോഡല്‍ കാനഡയെ മാറ്റിമറിച്ചത് ഇങ്ങനെ

ബെല്‍ജിയത്തെ അട്ടിമറിയുടെ വക്കോളമെത്തിച്ച കാനഡ ഇപ്പോള്‍ ഫുട്‌ബോള്‍ ആരാധകരുടെ ചര്‍ച്ചാവിഷയങ്ങളില്‍ ഒന്നാണ്. കാനഡയുടെ പോരാട്ടവീര്യത്തെ വാഴ്ത്തുമ്പോഴും ഒരു കാര്യം ശ്രദ്ധേയമാണ്. കാനഡ ടീമില്‍ കളിക്കുന്നതില്‍ 23 ശതമാനം താരങ്ങളും ആ രാജ്യത്ത് ജനിച്ച് വളര്‍ന്നവരല്ല. മറ്റ് രാജ്യങ്ങളില്‍ നിന്ന് കുടിയേറിയവരും മറ്റ് രാജ്യങ്ങളില്‍ കളിച്ച് കാനഡയിലേക്ക് കളിക്കാന്‍ വന്നവരുമാണ്.

1986 ന് ശേഷം ആദ്യമായിട്ട് ലോകകപ്പിനെത്തിയ കാനഡ കൃത്യമായ ഒരുക്കങ്ങള്‍ നടത്തിയാണ് വന്നതെന്ന് വ്യക്തമാണ്. ഫുട്‌ബോളില്‍ ഇന്ത്യയ്ക്ക് പിന്തുടരാവുന്ന രീതിയാണ് കാനഡയും നടപ്പിലാക്കുന്നത്. വിദേശ ലീഗുകളില്‍ കളിക്കുന്ന കാനഡയുമായി എന്തെങ്കിലുമൊക്കെ ബന്ധമുള്ളവരെ അങ്ങോട്ട് കൊണ്ടു വന്ന് പൗരത്വം കൊടുക്കുന്നതാണ് കാനഡയുടെ രീതി.

കാനഡയ്ക്കായി ഇത്തവണ കളിക്കുന്ന നാല് താരങ്ങള്‍ വിദേശ താരങ്ങളില്‍ ജനിച്ച് പിന്നീട് കാനഡയിലേക്ക് കുടിയേറിയവരാണ്. സ്‌ട്രൈക്കര്‍ ജോനാഥന്‍ ഡേവിഡ് അമേരിക്കയില്‍ ജനിച്ചു വളര്‍ന്നയാളാണ്. കനേഡിയന്‍ പൗരത്വം നേടിയിട്ട് അധികനാളായില്ല. മറ്റൊരു സ്‌ട്രൈക്കര്‍ അല്‍ഫോണ്‍സോ ഡേവിഡ് ഘാന സ്വദേശിയാണ്. ഇപ്പോള്‍ സ്ഥിരതാമസം കാനഡയിലാണ്.

ഐവറികോസ്റ്റില്‍ ജനിച്ചു വളര്‍ന്ന മിഡ് ഫീല്‍ഡര്‍ ഇസമെല്‍ കോനെയും യുഗോസ്ലാവിയക്കാരന്‍ ഗോള്‍കീപ്പര്‍ മിലന്‍ ബോര്‍ജനും കാനഡ ടീമിന്റെ അവിഭാജ്യ ഘടകങ്ങളാണ്. ടീമിലെ മറ്റ് മൂന്നു പേര്‍ ജനിച്ചതാകട്ടെ ബ്രിട്ടനിലാണ്. കൗമാരം പിന്നിട്ട ശേഷമാണ് കാനഡയിലെത്തുന്നത്. ടീമിലെ ഏഴു താരങ്ങള്‍ കുടിയേറ്റക്കാരുടെ മക്കളാണ്.

സമാന രീതിയില്‍ തന്നെയാണ് കാനഡ ക്രിക്കറ്റിലും വളര്‍ന്ന് വന്നത്. അവരുടെ പ്രധാന താരങ്ങളെല്ലാം തന്നെ കുടിയേറ്റക്കാരാണ്. പാക്കിസ്ഥാന്‍, ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ക്രിക്കറ്റ് ടീമില്‍ ഏറെയും. പേരിനു പോലും തദ്ദേശീയര്‍ ഇല്ലെന്നതാണ് സത്യം. കുടിയേറ്റക്കാരിലൂടെ കളി വളര്‍ത്തുന്ന ഈ രീതി വേണമെങ്കില്‍ ഇന്ത്യയ്ക്കും പരീക്ഷിക്കാം.

വിദേശ ലീഗുകളില്‍ കളിക്കുന്ന ഇന്ത്യന്‍ ബന്ധമുള്ളവരെ ടീമിലെടുത്താല്‍ അതു സാധിക്കും. പക്ഷേ ഇരട്ട പൗരത്വം അനുവദിക്കുന്ന രാജ്യമല്ല ഇന്ത്യയെന്നതാണ് പ്രധാന പ്രശ്‌നം. എന്തായാലും ഈ ലോകകപ്പില്‍ തങ്ങളെ അടയാളപ്പെടുത്താന്‍ കാനഡയ്ക്ക് ആദ്യ മല്‍സരത്തില്‍ തന്നെ സാധിച്ചിരിക്കുന്നു.

Related Articles

Back to top button