Football

ഖത്തറില്‍ എല്ലാ കളിയും തോറ്റ ടീമിന് കിട്ടും ക്രിക്കറ്റിലെ ചാമ്പ്യന്മാരേക്കള്‍ പ്രൈസ് മണി!

ഇത്തവണത്തെ ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെയെല്ലാം പോക്കറ്റ് നിറച്ചാണ് ഫിഫ ഖത്തറില്‍ നിന്നും വിടുന്നത്. എല്ലാ കളിയും തോറ്റ് അവസാന സ്ഥാനത്തായ ടീമിനു പോലും ശതകോടികളാണ് ലഭിക്കുക. ലോകത്തെ ഏറ്റവും പ്രചാരമുള്ള രണ്ടാമത്തെ ഗെയിമായ ക്രിക്കറ്റ് ലോകകപ്പില്‍ നല്‍കുന്നതിനേക്കാള്‍ നൂറിരട്ടി കൂടുതലാണ് ഫുട്‌ബോളിലെ സമ്മാനത്തുക.

ഇത്തവണ ലോകകപ്പ് നേടുന്ന ടീമിനെ കാത്തിരിക്കുന്നത് 344 കോടി രൂപയാണ്. കഴിഞ്ഞ തവണത്തേക്കാള്‍ വലിയ വര്‍ധനവാണ് ഇത്തവണ വരുത്തിയിരിക്കുന്നത്. റണ്ണേഴ്‌സപ്പിനെ കാത്തും വലിയ സമ്മാനത്തുകയുണ്ട്. 245 കോടി രൂപ ഫൈനലില്‍ തോറ്റവര്‍ക്ക് കിട്ടും.

മൂന്നാം സ്ഥാനക്കാര്‍ക്ക് 220 കോടി രൂപയാണ് ലഭിക്കുക. നാലാം സ്ഥാനം (204 കോടി), അഞ്ചുമുതല്‍ എട്ടുവരെ (138 കോടി), ഒന്‍പതു മുതല്‍ 16 വരെ (106 കോടി), 17 മുതല്‍ 32 വരെ (74) കോടി രൂപ എന്നിങ്ങനെയാണ് പ്രൈസ് മണി കണക്ക്. ഇതു പ്രൈസ് മണി മാത്രമാണ്. ഇതിനൊപ്പം ലോകകപ്പിന് ഒരുങ്ങാനും യോഗ്യത റൗണ്ടുകള്‍ക്കുമായും ഫിഫ പണം നല്‍കുന്നുണ്ട്.

ലോകകപ്പിനെത്തുന്ന ടീമുകളുടെ എല്ലാ ചെലവുകളും വഹിക്കുന്നത് ഫിഫയാണ്. താമസസൗകര്യം ഉള്‍പ്പെട എല്ലാം വിവിഐപി രീതിയിലാണ് ഫിഫ ചെയ്യുന്നത്. നാല് വര്‍ഷം കൂടുമ്പോള്‍ നടത്തുന്ന ഏറ്റവും വലിയ കായികമാമങ്കത്തിന് ഫിഫയും ആതിഥേയ രാജ്യവും പത്തു വര്‍ഷം മുമ്പെങ്കിലും ജോലി തുടങ്ങിയിരിക്കും.

ക്രിക്കറ്റിലേക്ക് വരുകയാണെങ്കില്‍ സമ്മാനത്തുക ഫുട്‌ബോളിനെ അപേക്ഷിച്ച് വളരെ കുറവാണ്. 2019ല്‍ ഇംഗ്ലണ്ട് ആതിഥേയത്വം വഹിച്ച ലോകകപ്പില്‍ ചാമ്പ്യന്മാര്‍ക്ക് ലഭിച്ചത് 28.6 കോടി രൂപയാണ്. ആകെ പ്രൈസ് മണി 71 കോടി രൂപ മാത്രമാണ്. അതായത് ഫുട്‌ബോളില്‍ അവസാന സ്ഥാനത്തെത്തിയ ടീമിന് ലഭിച്ചതിലും കുറവാണ് ക്രിക്കറ്റിലെ ആകെ പ്രൈസ് മണി.

പ്രൈസ് മണി ചൂണ്ടിക്കാട്ടി ഇരു കളികളെയും താരതമ്യം ചെയ്യുന്നത് ശരിയായിരിക്കില്ല. കാരണം, ക്രിക്കറ്റ് കളിക്കുന്നത് ചുരുങ്ങിയ രാജ്യങ്ങളിലാണ്. എന്നാല്‍ ഫുട്‌ബോളിന്റെ മാര്‍ക്കറ്റ് ലോകം മുഴുവന്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഏഷ്യന്‍ മാര്‍ക്കറ്റുകളാണ് ക്രിക്കറ്റിലെ പണവരവിന്റെ പ്രധാന വിപണി.

Related Articles

Back to top button