Cricket

അസാധ്യ ലക്ഷ്യം അടിച്ചെടുത്ത് സഞ്ജുവിന്റെ ‘എതിരാളി’; മിന്നല്‍പിണര്‍ ഇന്നിംഗ്‌സില്‍ പിറന്നത് വെടിക്കെട്ട്!!

ഇന്ത്യയുടെ ട്വന്റി-20 ടീമിലേക്ക് യുവതാരങ്ങളുടെ തള്ളിക്കയറ്റമാണ്. അടുത്ത വര്‍ഷം ട്വന്റി-20 ലോകകപ്പ് നടക്കാനിരിക്കേ ആര്‍ക്കു വേണമെങ്കിലും ദേശീയ ടീമിലേക്ക് വിളിയെത്താവുന്ന അവസ്ഥയിലാണ് കാര്യങ്ങള്‍.

നിലവില്‍ ഏകദിന ലോകകപ്പ് കളിക്കുന്ന 75 ശതമാനം കളിക്കാരും അടുത്ത വര്‍ഷം ട്വന്റി-20 ലോകകപ്പ് കളിക്കില്ലെന്ന് ഉറപ്പാണ്. കുട്ടിക്രിക്കറ്റിന് കൂടുതല്‍ യുവത്വം നിറഞ്ഞ ടീമിനെ സെറ്റാക്കി എടുക്കാനാണ് സെലക്ടര്‍മാര്‍ ലക്ഷ്യമിടുന്നത്.

ഓസ്‌ട്രേലിയയില്‍ നടന്ന ട്വന്റി-20 ലോകകപ്പില്‍ വേണ്ടത്ര മികവ് സീനിയര്‍ താരങ്ങളില്‍ നിന്നും ഉണ്ടാകാത്തതാണ് ഇത്തരത്തിലൊരു നീക്കത്തിലേക്ക് അജിത്ത് അഗാര്‍ക്കറിനെയും സംഘത്തെയും നയിച്ചത്.

മലയാളി താരം സഞ്ജു സാംസണും ഇന്ത്യയുടെ ട്വന്റി-20 ലോകകപ്പ് പദ്ധതികളിലുണ്ട്. അതിനര്‍ത്ഥം താരം ടീമില്‍ സ്ഥാനം ഉറപ്പിച്ചെന്നുമല്ല. സെലക്ടര്‍മാര്‍ പരിഗണിക്കുന്ന താരങ്ങളില്‍ സഞ്ജുവും ഉണ്ടെന്ന് മാത്രം.

സഞ്ജുവിന് ഒപ്പം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്റെ റോളിലേക്ക് ഒരുപിടി താരങ്ങളുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ട കളിക്കാരനാണ് ജിതേഷ് ശര്‍മയെന്ന വിദര്‍ഭ വിക്കറ്റ് കീപ്പര്‍. ഐപിഎല്ലില്‍ ഉള്‍പ്പെടെ വെടിക്കെട്ട് നടത്തിയ താരം സയിദ് മുഷ്താഖ് അലി ട്രോഫിയിലും തകര്‍ത്തടിച്ച് തുടങ്ങിയിട്ടുണ്ട്.

ഉത്തരാഖണ്ഡിനെതിരേ വിദര്‍ഭയെ ജയത്തിലേക്ക് നയിച്ചത് ജിതേഷിന്റെ വെടിക്കെട്ടാണ്. 13 ഓവറില്‍ 142 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ വിദര്‍ഭ ഒരുഘട്ടത്തില്‍ ജയത്തിലേക്ക് വലിയ അകലെയെത്തിയതാണ്. എന്നാല്‍ ജിതേഷ് വന്നതോടെ കളി മാറി.

86 റണ്‍സായിരുന്നു ജിതേഷ് ക്രീസിലെത്തുമ്പോള്‍ വിദര്‍ഭയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. പിന്നീടൊരു വെടിക്കെട്ടാണ് നടന്നത്. ശുഭം ദൂബെയെ ഒരു വശത്ത് കാഴ്ച്ചക്കാരനാക്കി ജിതേഷ് അടിച്ചു മുന്നേറുകയായിരുന്നു. വെറും 18 പന്തില്‍ 51 റണ്‍സെടുത്ത ജിതേഷിന്റെ മികവില്‍ വിദര്‍ഭ 11.2 ഓവറില്‍ 141 റണ്‍സ് ലക്ഷ്യം മറികടന്നു.

ഇത്തവണത്തെ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം നേടിയ ഇന്ത്യന്‍ ടീമിനൊപ്പവും ജിതേഷുണ്ടായിരുന്നു. ഐപിഎല്ലില്‍ പഞ്ചാബ് കിങ്സ് താരമായിരുന്ന ജിതേഷ് ടീമിനൊപ്പം കാഴ്ചവെച്ച വെടിക്കെട്ട് പ്രകടനമാണ് താരത്തെ എല്ലാവരും ശ്രദ്ധിക്കാന്‍ കാരണം.

നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിക്കാന്‍ ജിതേഷിന് കഴിവുണ്ട്. നന്നായി ഫിനിഷ് ചെയ്യാനും മിടുക്കന്‍. അടുത്ത വര്‍ഷത്തെ ട്വന്റി-20 ലോകകപ്പില്‍ ജിതേഷ് സഞ്ജുവിനെ മറികടന്ന് ഇന്ത്യന്‍ ടീമില്‍ സ്ഥാനം സ്വന്തമാക്കിയാല്‍ അത്ഭുതപ്പെടേണ്ടതില്ല.

സമ്മര്‍ദ്ദ സാഹചര്യത്തില്‍ മികവ് കാട്ടുന്ന ജിതേഷ് അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം സ്വപ്നം കാണുകയാണ്. സഞ്ജു സാംസണിന് വലിയ ഭീഷണിയാണ് ജിതേഷെന്ന് പറയാം.

നിലവിലെ ഇന്ത്യന്‍ ടി20 ടീമില്‍ വെടിക്കെട്ട് ഫിനിഷറെ അത്യാവശ്യമാണ്. ഈ റോളില്‍ മിടുക്കന്‍ ജിതേഷാണ്. സഞ്ജുവിന്റെ ഏറ്റവും വലിയ വീക്ക് പോയിന്റ് സ്ഥിരതയില്ലായ്മ ആണെങ്കില്‍ ജിതേഷിന്റെ ഗുണവും സ്ഥിരതയോടെ കളിക്കുമെന്നതാണ്.

കൂടുതല്‍ വിശ്വസ്തതയോടെ ഉപയോഗിക്കാന്‍ പറ്റുന്ന കളിക്കാരനാണ് ജിതേഷ്. വരുന്നതേ ആക്രമിച്ചു കളിക്കുകയെന്ന ഒറ്റ തന്ത്രത്തിലൂന്നിയാണ് സഞ്ജു ബാറ്റു വീശുന്നതെങ്കില്‍ ജിതേഷ് സാഹചര്യം അറിഞ്ഞു കളിക്കുന്ന താരമാണ്.

Related Articles

Back to top button