Football

അര്‍ജന്റീനയുടെ സ്‌ക്വാഡില്‍ നിന്ന് ആ മൂന്ന് പേരെ പുറത്താക്കി

യൂറോപ്പിന് പിന്നാലെ കോണ്‍മെബോളിലും ഫുട്‌ബോള്‍ ആരവങ്ങള്‍ക്ക് അരങ്ങുണരാന്‍ പോകുകയാണ്. ഈ മാസം 21 പുലര്‍ച്ചെ മുതല്‍ അമേരിക്കയില്‍ കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് തുടക്കമാകും. നിലവിലെ കോപ്പാ ചാമ്പ്യന്‍മാരായ അര്‍ജന്റീനയും കോണ്‍കാകാഫില്‍ നിന്നുള്ള കാനഡയും തമ്മിലാണ് മത്സരം. ഇന്ത്യന്‍ സമയം 21ന് പുലര്‍ച്ചെ 5.30നാണ് ക്വിക്ക് ഓഫ്.

ഗ്വാട്ടിമാലയുമായി കഴിഞ്ഞ ദിവസം നടന്ന മത്സരത്തോടെ കോപ്പയ്ക്ക് മുന്നോടിയായുള്ള അര്‍ജന്റീനിയുടെ സൗഹൃദ മത്സരങ്ങള്‍ പൂര്‍ത്തിയായി. 4-1 എന്ന മിന്നും ജയമാണ് ഗ്വാട്ടിമാലയ്‌ക്കെതിരെ അര്‍ജന്റീന നേടിയത്. ഗ്വാട്ടിമാലയ്ക്ക് ലഭിച്ച ഏക ഗോളാകട്ടെ ലൗട്ടാറോ മാര്‍ട്ടിനസിന്റെ പിഴവില്‍ നിന്ന് ലഭിച്ച സെല്‍ഫ് ഗോളും.

29 അംഗ ടീം സ്‌ക്വാഡിനെയാണ് മാനേജര്‍ ലയണല്‍ സ്‌കലോണി സൗഹൃദ മത്സരങ്ങള്‍ക്കായി ഉള്‍പ്പെടുത്തിയിരുന്നത്. കോപ്പ അമേരിക്കയ്ക്കുള്ള ടീം സ്‌ക്വാഡില്‍ 26 പേര്‍ മാത്രമേ പാടുള്ളതിനാല്‍ ആരൊക്കെ പുറത്തുപോകുമെന്ന ചര്‍ച്ചകളിലായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി അര്‍ജന്റീനിയര്‍ ആരാധകരും ഫുട്‌ബോള്‍ ലോകവും. എന്നാല്‍ പുറത്ത് പോയ താരങ്ങള്‍ ആരൊക്കെയാണെന്ന് ഇപ്പോള്‍ അര്‍ജന്റീനന്‍ മാനേജ്‌മെന്റ് തന്നെ പുറത്ത് വിട്ടിരിക്കുകയാണ്.

സൗഹൃദമത്സരത്തിന് മുന്‍പ് തന്നെ സൂപ്പര്‍താരം പാബ്ലോ ഡിബാലയെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. എസി റോമയില്‍ മിന്നും പ്രകടനം കാഴ്ച്ചവെച്ച് മുന്നേറുന്ന ഡിബാലയെ ഒഴിവാക്കിയതില്‍ ആരാധകര്‍ക്കിടയില്‍ കടുത്ത അമര്‍ഷം ഉണ്ടായിരുന്നു. മെസിയും ഡി മരിയയും വാലന്റൈന്‍ കര്‍ബോണിയുമൊക്കെ കളിക്കുന്ന വലത് വിങ്ങില്‍ മറ്റൊരു താരത്തെ കൂടി ഉള്‍പ്പെടുത്താനാകില്ലെന്നതായിരുന്നു ഡിബാലയ്ക്ക് അവസരം നഷ്ടമാകാന്‍ ഇടയായത്.

ഡിബാല ഇല്ലാത്ത അര്‍ജന്റീനന്‍ സ്‌ക്വാഡില്‍ ഇപ്പോള്‍ ബ്രൈറ്റന്‍ താരം വാലന്റൈന്‍ ബാര്‍കോ, മാര്‍സെയിലിനുവേണ്ടി കളിക്കുന്ന ലിയോന്‍ഡ്രോ ബലേര്‍ഡി, അത്‌ലറ്റിക്കോ മാഡ്രിഡിന്റെ മുന്നേറ്റതാരം എയ്ഞ്ചല്‍ കൊറിയ എന്നിവരെയാണ് ഒഴിവാക്കിയിരിക്കുന്നത്. പരിക്കിന്റെ പിടിയിലായിരുന്നു പ്രതിരോധ താരം ജര്‍മെന്‍ പെസ്സലയ്ക്ക് കളിക്കാന്‍ സാധിക്കാതെ വന്നാല്‍ പകരക്കാരനായാണ് ബലേര്‍ഡിയെ കൊണ്ടുവന്നത്. മാര്‍ക്വസ് അക്ക്യൂനയും പരിക്കില്‍ നിന്ന് മുക്തരായതോടെ ബലേര്‍ഡിയെ ഒഴിവാക്കാന്‍ നിര്‍ബന്ധിതമാകുകയായിരുന്നു. മുന്നേറ്റ നിരയില്‍ മാറി പരീക്ഷിക്കാന്‍ പ്രഗത്ഭരുടെ വലിയ നിരയുണ്ടായിരുന്നതിനാലാണ് കൊറയയെ ഒഴിവാക്കിയത്.

ഒന്നാം ഗോള്‍കീപ്പറായി എമിലിയാനോ മാര്‍ട്ടിനസ് തന്നെ കളിക്കും. ഫ്രാന്‍കോ അര്‍മാനി, ജറോണിമോ റുള്ളി എന്നിവരാണ് സ്‌ക്വാഡിലുള്ള മറ്റ് ഗോള്‍കീപ്പര്‍മാര്‍. പ്രതിരോധ നിരയില്‍ ഗോണ്‍സാലോ മൊന്റൈല്‍, മൊളിന, ക്രിസ്റ്റിയന്‍ റൊമേറോ, ജര്‍മന്‍ പെസല്ല, ലൂക്കാസ് മാര്‍ട്ടിനെസ് ക്വാര്‍ട്ട, നിക്കാളോസ് ഓട്ടമെന്‍ഡി, ലിസാന്‍ഡ്രോ മാര്‍ട്ടിനസ്, മാര്‍ക്വസ് അക്യൂന, നിക്കോളാസ് ടാഗ്ലിയാഫിഗോ, മധ്യനിരയില്‍ ഗൊയിഡോ റോഡ്രിഗസ്, ലിയാന്‍ഡ്രോ പെരഡസ്, അലക്‌സിസ് മാക്കലിസ്റ്റര്‍, റോഡ്രിഗോ ഡി പോള്‍, പെലാസിയോസ്, എന്‍സോ ഫെര്‍ണാഡസ്, ജിയോവാനി ലോസെല്‍സോ, മുന്നേറ്റനിരയില്‍ എയ്ജല്‍ ഡി മരിയ, വാലന്റൈന്‍ കര്‍ബോണി, ലയണല്‍ മെസി, ജൂലിയന്‍ ആല്‍വരന്‍സ്, ലൗട്ടാറോ മാര്‍ട്ടിനസ്, അലക്‌സാണ്ടര്‍ ഗര്‍ണാച്ചോ, നിക്കോളാസ് ഗോണ്‍സാലസ് എന്നിവരുമാണ് കോപ്പ സ്‌ക്വാഡിലുള്ളത്.

Related Articles

Back to top button