FootballISL

സൂപ്പര്‍ താരം ഈ മാസവും പുറത്തു തന്നെ; ബ്ലാസ്റ്റേഴ്‌സിന് തലവേദനയായി പ്രതിരോധം!!

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും മല്‍സരങ്ങള്‍ പുനരാരംഭിക്കാന്‍ പോകുകയാണ്. ബ്രേക്കിന് ശേഷം കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ മല്‍സരം 21ന് കൊച്ചിയില്‍ നോര്‍ത്തീസ്റ്റ് യുണൈറ്റഡിനെതിരേയാണ്.

മുന്‍ സീസണുകളില്‍ എതിരാളികള്‍ക്ക് പോയിന്റുകള്‍ ദാനം ചെയ്യുകയാണ് ഈ വടക്കുകിഴക്കന്‍ ടീമിന്റെ രീതിയെങ്കില്‍ ഇത്തവണ കാര്യങ്ങള്‍ വ്യത്യസ്തമാണ്. വമ്പന്മാരെ വിറപ്പിച്ചും ഗംഭീര പ്രകടനം നടത്തിയും ഈ കൊച്ചു ടീം ആരാധകരെ വിസ്മയിപ്പിക്കുകയാണ്.

നോര്‍ത്തീസ്റ്റിനെതിരായ മല്‍സരം ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് അത്ര എളുപ്പമാകാന്‍ സാധ്യതയില്ല. കാരണം, എതിരാളികളുടെ മികവിനൊപ്പം ബ്ലാസ്റ്റേഴ്‌സ് നിരയിലെ ചില താരങ്ങളുടെ പരിക്കും കാര്‍ഡുകളുമെല്ലാം ഇതിനു കാരണമാണ്.

മോണ്ടിനഗ്രോ താരമായ മിലോസ് ഡ്രിന്‍സിച്ചിന് അടുത്ത രണ്ട് കളികള്‍ നഷ്ടമാകും. മുംബൈ സിറ്റിക്കെതിരേ ഡയറക്ട് ചുവപ്പുകാര്‍ഡ് വാങ്ങിയതാണ് മിലോസിന് പണിയായത്. ഗംഭീര പ്രകടനമാണ് മിലോസ് ഇതുവരെ കേരളത്തിനായി നടത്തിയത്.

മാര്‍ക്കോ ലെസ്‌കോവിച്ച് പരിക്കുമൂലം പുറത്തിരിക്കുന്ന സാഹചര്യത്തില്‍ മിലോസിന്റെ കൂടി അഭാവം ടീമിന് തിരിച്ചടിയാകും. മാത്രമല്ല കഴിഞ്ഞ കളികളില്‍ മികവ് കാണിച്ച ഐബാനും പരിക്കുമൂലം അടുത്ത കളി കാണില്ല.

സമ്പൂര്‍ണ ഇന്ത്യന്‍ പ്രതിരോധ നിരയുമായി കളിക്കാനിറങ്ങേണ്ട അവസ്ഥയിലാണ് ബ്ലാസ്‌റ്റേഴ്‌സ്. ബെഞ്ചിന്റെ കരുത്ത് അളക്കാന്‍ കോച്ച് ഇവാന്‍ വുക്കുമനോവിച്ചിന് നോര്‍ത്തീസ്റ്റിനെതിരായ മല്‍സരത്തെ ഉപയോഗിക്കാന്‍ സാധിക്കും.

പരിക്കില്‍ നിന്നും മുക്തനല്ലാത്ത ലെസ്‌കോ നിലവില്‍ ഇന്ത്യയ്ക്ക് പുറത്ത് ചികിത്സയിലാണ്. അടുത്തയാഴ്ച്ച മാത്രമേ ടീമിനൊപ്പം താരം എത്തുകയുള്ളുവെന്നാണ് വിവരം. അതുകൊണ്ട് തന്നെ അടുത്ത മല്‍സരത്തിലും താരത്തിന്റെ സേവനം കിട്ടില്ല.

നോര്‍ത്തീസ്റ്റിനെതിരേ പൂര്‍ണമായും ഇന്ത്യന്‍ താരങ്ങളടങ്ങിയ പ്രതിരോധ നിരയാകും കേരള ബ്ലാസ്റ്റേഴ്‌സിനായി കളത്തിലിറങ്ങുക. പ്രബീര്‍ ദാസ്, പ്രീതം കോട്ടാല്‍, സന്ദീപ് സിങ്, ഹോര്‍മിപാം റൂയിവ എന്നിവര്‍ പ്രതിരോധത്തില്‍ അണിനിരക്കാനാണ് സാധ്യത.

ഡ്യൂറന്‍ഡ് കപ്പില്‍ കളിക്കുന്നതിനിടെയാണ് മാര്‍കോ ലെസ്‌കോവിച്ചിന് ആദ്യമായി പരിക്കേല്‍ക്കുന്നത്. താരത്തിന്റെ വലത് കാലിലെ പേശിക്കായിരുന്നു പരിക്ക്. ഇതില്‍ നിന്ന് താരം മോചിതനായെങ്കിലും യുഎഇ യില്‍ നടന്ന ടീമിന്റെ പ്രീ സീസണിനിടെ താരത്തെ ഇതേ പരിക്ക് വീണ്ടും പിടികൂടി.

2021 സീസണ്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് മുന്നോടിയായിട്ടായിരുന്നു ക്രൊയേഷ്യന്‍ താരമായ മാര്‍കോ ലെസ്‌കോവിച്ചിനെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. 2022-23 സീസണിലും ടീമിന്റെ പ്രധാന വിദേശ പ്രതിരോധതാരമായിരുന്നു ലെസ്‌കോ. 39 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ലെസ്‌കോവിച്ച് ഒരു ഗോളും നേടിയിട്ടുണ്ട്.

Related Articles

Back to top button