Football

ഇറാന്റെ തോല്‍വി മതിമറന്ന് ആഘോഷിച്ച് ഇറാന്‍കാര്‍!! കളിക്കാര്‍ക്ക് പണികിട്ടിയേക്കും!

ഫിഫ ലോകകപ്പില്‍ നിന്ന് സ്വന്തം ടീം പുറത്താകുമ്പോള്‍ ആരെങ്കിലും ആഘോഷിക്കുമോ? ഇല്ലെന്നാണ് ഉത്തരമെങ്കില്‍ ഇറാനിലെ തെരുവുകള്‍ നിങ്ങളുടെ ധാരണ തിരുത്തിക്കും. യുഎസ്എയോട് തോറ്റ് ഇറാന്‍ ലോകകപ്പില്‍ നിന്ന് പുറത്തായത് ആഘോഷിക്കുകയാണ് ഇറാനിലെ ജനത. ഇന്നലെ രാത്രി മുതല്‍ ആളുകള്‍ തെരുവിലിറങ്ങി ആഘോഷിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

രാജ്യത്തെ ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുന്നവരാണ് ദേശീയ ടീമിന്റെ തോല്‍വി തെരുവില്‍ ആഘോഷിച്ചത്. പെണ്‍കുട്ടി മരിച്ചതിനെത്തുടര്‍ന്ന് ഇറാനില്‍ വന്‍ പ്രക്ഷോഭം നടക്കുകയാണ്. പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനാണ് ഭരണകൂടം ശ്രമിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ടീമിന്റെ തോല്‍വി നാട്ടുകാര്‍ ആഘോഷിച്ചത്. പ്രക്ഷോഭകരോട് അനുഭാവം പ്രകടിപ്പിച്ച് ആദ്യമത്സരത്തിനു മുമ്പായി ദേശീയ ഗാനം ആലപിക്കാന്‍ ഇറാന്‍ താരങ്ങള്‍ വിസമ്മതിച്ചിരുന്നു.

ഇറാന്‍ താരങ്ങളെ സര്‍ക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന വാര്‍ത്തകളും പുറത്തു വരുന്നുണ്ട്. ദേശീയഗാനം പാടാത്തവര്‍ക്കെതിരേ രാജ്യത്ത് തിരിച്ചെത്തിയാല്‍ തടവുശിക്ഷ ഉള്‍പ്പെടെയുള്ള നടപടി എടുക്കുമെന്ന ഭീഷണി ഉയര്‍ന്നിരുന്നു. യുഎസ്എയ്‌ക്കെതിരേ പാതിമനസോടെ എന്നപോലെയാണ് ഇറാന്‍ താരങ്ങള്‍ കളിച്ചത്.

ഇംഗ്ലണ്ടിനെതിരെ നടന്ന ആദ്യ മല്‍സരത്തില്‍ ഇറാന്‍ ടീം ദേശീയഗാനം ആലപിക്കാതെ പ്രക്ഷോഭകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെ ഇറാനിയന്‍ റവല്യൂഷണറി ഗാര്‍ഡ് പ്രതിനിധികള്‍ ടീം അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. വെയ്ല്‍സിനെതിരെ നടന്ന രണ്ടാം മല്‍സരത്തില്‍ ഇറാന്‍ ടീം അംഗങ്ങള്‍ ദേശീയഗാനം ആലപിക്കുകയും ചെയ്തു.

ലോകകപ്പ് വേദിയില്‍ ടീമംഗങ്ങളെയും കോച്ചിനെയും നിരീക്ഷിക്കാന്‍ റവല്യൂഷണറി ഗാര്‍ഡ് ഓഫിസര്‍മാരെ നിയോഗിച്ചിട്ടുണ്ട്. കളിക്കാരും സ്റ്റാഫും ടീമിന് പുറത്തുള്ളവരുമായും വിദേശികളുമായും ഇടപഴകുന്നതിന് നിയന്ത്രണമുണ്ട്. താരങ്ങളുടെ കുടുംബാംഗങ്ങള്‍ക്കു നേരെ സര്‍ക്കാര്‍ ഭീഷണി ഉയര്‍ത്തിയതോടെ പോര്‍ച്ചുഗീസുകാരനായ ടീം മാനേജര്‍ കാര്‍ലോസ് ക്വിറോസ് റവല്യൂഷണറി ഗാര്‍ഡ് പ്രതിനിധികളുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

ലോകകപ്പ് അവസാനിച്ചതോടെ കളിക്കാരുടെ ഭാവി സംബന്ധിച്ച് ആശങ്ക ഉയരുന്നുണ്ട്. ഇറാനില്‍ തിരിച്ചെത്തിയാല്‍ അറസ്റ്റ് ചെയ്ത് തടവിലാക്കാന്‍ സാധ്യതയുണ്ടെന്ന സൂചനയെ തുടര്‍ന്ന് പലരും യൂറോപ്പിലേക്ക് പാലായനം ചെയ്യാന്‍ പദ്ധതിയിടുന്നതായി വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Related Articles

Back to top button