Football

പതിനാറില്‍ ലോകം കീഴടക്കിയ ലമെയ്ന്‍ യമാല്‍; ഈ പയ്യന്‍ ചരിത്രത്താളില്‍…

പ്രായം വെറും പതിനാറുമാത്രം; പക്ഷേ, അവന്‍ ലോക ഫുട്ബോളിന്റെ ഹൃദയം കീഴടക്കിയിരിക്കുന്നു. ഫുട്ബോള്‍ ഇതിഹാസം പെലെയുടെ റിക്കാര്‍ഡ് വരെ ആ പയ്യന്‍ തകര്‍ത്തു എന്നു പറയുമ്പോഴാണ് കാല്‍പ്പന്തു കളിയില്‍ ഈ കൗമാരക്കാരന്റെ കഴിവ് വെളിപ്പെടുന്നത്.

പറഞ്ഞുവരുന്നത് സ്പാനിഷ് കൗമാര പ്രതിഫ ലമെയ്ന്‍ യമാലിനെ കുറിച്ചാണ്. യുവേഫ യൂറോ കപ്പ് സെമി ഫൈനലില്‍ ഫ്രാന്‍സിനെതിരേ യമാലിന്റെ പ്രകടനം പ്രായത്തിനും മുകളില്‍ നില്‍ക്കുന്നതായിരുന്നു.

എട്ടാം മിനിറ്റില്‍ ലീഡ് നേടിയ ഫ്രാന്‍സിനെതിരേ 21 -ാം മിനിറ്റില്‍ ഒറ്റയാള്‍ പട്ടാളമായി യമാല്‍ ഇടംകാല്‍കൊണ്ട് തൊടുത്ത ഒരു കര്‍വിംഗ് ഷോട്ട്… അതു വളഞ്ഞ് ഫ്രഞ്ച് ഗോള്‍ കീപ്പറിന്റെ നീട്ടിപ്പിടിച്ച കൈകളെയും കടന്ന് പോസ്റ്റിന്റെ വലത് കോര്‍ണറിനു താഴെയായി ഇടിച്ചശേഷം വലയിലേക്ക്… സാങ്കേതികത്തികവിന്റെ മകുടോദാഹരമായിരുന്നു ആ ഗോള്‍. 24-ാം മിനിറ്റില്‍ യമാല്‍ നടത്തിയ ഒരു നീക്കത്തിനൊടുവില്‍ ഡാനി ഓള്‍മോ സ്പെയിനിന്റെ രണ്ടാം ഗോളും സ്വന്തമാക്കിയതോടെ ഫ്രാന്‍സ് പുറത്തും സ്പെയിന്‍ ഫൈനലിലും.

16 വയസും 362 ദിനവും പ്രായമാണ് യമാലിനുള്ളത്. സെമിയില്‍ ഗോള്‍ നേടിയതോടെ ഒരു പ്രമുഖ ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍ എന്ന റിക്കാര്‍ഡും യമാല്‍ സ്വന്തമാക്കി. 1958 ലോകകപ്പില്‍ ബ്രസീലിന്റെ പെലെ 17 വയസും 239 ദിനവും പ്രായമുള്ളപ്പോള്‍ നേടിയ ഗോളിന്റെ റിക്കാര്‍ഡാണ് ഇതോടെ തകര്‍ന്നത്.

മാത്രമല്ല, ഒരു പ്രമുഖ ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കാര്‍ഡും ഫ്രാന്‍സിന് എതിരായ മത്സരത്തില്‍ ഇറങ്ങിയപ്പോള്‍ യമാല്‍ സ്വന്തമാക്കിയിരുന്നു. 1958 ല്‍ പെലെ കുറിച്ച റിക്കാര്‍ഡാണ് യമാല്‍ തിരുത്തിയത്.

പതിനാറുകാരനായ യമാല്‍ ഇതിനോടകം നിരവധി റിക്കാര്‍ഡുകള്‍ കുറിച്ചെന്നതും ശ്രദ്ധേയം. യൂറോ കപ്പ് ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ താരം ഏറ്റവും കൂടുതല്‍ അസിസ്റ്റ് നടത്തുന്നത് (മൂന്ന്), 1966 നുശേഷം ലോകകപ്പ്, യൂറോ കപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റ് നടത്തുന്ന പ്രായം കുറഞ്ഞ കളിക്കാരന്‍ എന്നിങ്ങനെയുള്ള റിക്കാര്‍ഡുകളും യമാല്‍ സ്വന്തമാക്കിക്കഴിഞ്ഞു.

ഫൈനലില്‍ എത്തിയതോടെ യൂറോ കപ്പ് ചരിത്രത്തില്‍ സ്പെയിനും റിക്കാര്‍ഡ് കുറിച്ചു. ഒരു യൂറോയില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ജയം എന്ന റിക്കാര്‍ഡാണ് സ്പെയിന്‍ കുറിച്ചത്. കളിച്ച ആറ് മത്സരങ്ങളിലും സ്പെയിന്‍ ജയം നേടി.

തുടര്‍ച്ചയായി ഒരു ടീമും യൂറോയില്‍ ആറ് ജയം നേടിയിരുന്നില്ല. യൂറോ, ലോകകപ്പ് സെമി ഫൈനലില്‍ ഫ്രാന്‍സ് പരാജയപ്പെടുന്നത് ഇതാദ്യമാണെന്നതും ശ്രദ്ധേയം. ഇന്ത്യന്‍ സമയം ജൂലൈ 14 അര്‍ധരാത്രി 12.30നാണ് 2024 യൂറോ കപ്പ് ഫൈനല്‍.

Related Articles

Back to top button