Football

തിരിച്ചുവരവ് എന്നു പറഞ്ഞാല്‍ ഇതാണ്… ഫൈവ് സ്റ്റാര്‍ ജര്‍മനി

ഇതാണ് മത്സരം. തിരിച്ചു വരവ് എന്നു പറഞ്ഞാല്‍ ഇതാണ്. തങ്ങള്‍ ഫുട്‌ബോള്‍ ഭൂപടത്തില്‍ നിന്ന് മാഞ്ഞുപോയെന്ന് പരിഹസിച്ചവര്‍ക്കുള്ള തക്ക മറുപടി. ഈ യൂറോയില്‍ തങ്ങള്‍ക്കും സ്ഥാനമുണ്ടെന്ന് അടവരയിട്ട് പ്രഖ്യാപിക്കുന്നതായിരുന്നു മ്യൂണിക്കിലെ ഫസ്‌ബോള്‍ അരീനയിലെ ജര്‍മ്മനിയുടെ ആധികാരിക ജയം. അതും ഒന്നിനെതിരെ എണ്ണം പറഞ്ഞ അഞ്ച് ഗോളുകള്‍ക്ക്.

പ്രതിഭാശാലികളുടെ ധാരാളിത്വത്തിന്റെ നിഴലായി മാറിയ ജര്‍മ്മനിയെ വര്‍ഷങ്ങള്‍ക്ക് മുന്‍പേ പലരും തള്ളിക്കളഞ്ഞതാണ്. ഒന്നുമില്ലായ്കയില്‍ നിന്ന് അവര്‍ ഇപ്പോള്‍ ഉയര്‍ത്തെഴുന്നേറ്റിരിക്കുന്നു. ഏത് വമ്പന്മാരെയും നേരിടാന്‍ കരുത്തുണ്ടെന്ന് തെളിയിച്ചിരിക്കുന്നു. ആദ്യ ഇലവണില്‍ ഇറങ്ങുന്നവര്‍ മാത്രമല്ല പകരക്കാരായി വരുന്നവരും പത്തരമാറ്റ് തങ്കം. അവര്‍ക്കെല്ലാം കരുത്തും തന്ത്രങ്ങളും പറഞ്ഞ്‌കൊടുത്തു പഴയ പ്രതാപത്തിലേക്ക് കൈപിടിച്ച് നടത്തുന്ന ജര്‍മനിയുടെ പ്രതീക്ഷയായ മാനേജര്‍ ജൂലിയന്‍ നാഗല്‍സ്മാനും.

4-2-3-1 എന്ന പതിവ് ഫോര്‍മേഷനിലാണ് നാഗല്‍സ്മാന്‍ ഉദ്ഘാടന മത്സരത്തില്‍ ടീമിനെ അണി നിരത്തിയത്. നമ്പര്‍ നയന്‍ പൊസിഷനില്‍ സ്‌ട്രൈക്കറായി കൈ ഹാവെര്‍ട്‌സ്. മുന്നേറ്റ നിരയില്‍ ഇടതുപാര്‍ശ്വത്തില്‍ 21കാരനായ ഫ്‌ലോറിയന്‍ വിര്‍ട്ട്‌സും വലത്പാര്‍ശ്വത്തില്‍ ജര്‍മ്മനിയുടെ യുവപ്രതീക്ഷയായ ജമാല്‍ മുസിയാലയും. അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായി പരിചയസമ്പന്നനായ ഇല്‍കെ ഗുണ്ടോഗന്‍.

മധ്യനിരയില്‍ ടോണി ക്രൂസും റോബര്‍ട്ട് ആന്‍ഡ്രിച്ചും. പ്രതിരോധത്തില്‍ അന്റോണിയോ റൂഡിഗറും ജോനാഥന്‍ താഹും സെന്റര്‍ ബാക്കായി എത്തിയപ്പോള്‍ ഫുള്‍ബാക്കറായി ഇടതു പാര്‍ശ്വത്തില്‍ ജോഷ്വ കിമ്മിച്ചിനെയും വലത് പാര്‍ശ്വത്തില്‍ മാക്‌സിമിലിയന്‍ മിറ്റല്‍സ്റ്റെഡിനെയും പ്ലേസ് ചെയ്തു. ഗോള്‍വലകാക്കാന്‍ മാനുവല്‍ ന്യൂയര്‍. ഇത്രയും പേരെ ആരെയും വെല്ലുന്ന നമ്പര്‍ വണ്‍ സ്‌ക്വാഡാണ് തങ്ങളെന്ന് തെളിയിക്കാന്‍.

കളിയുടെ മുഴുവന്‍ ആധിപത്യവും ജര്‍മനിക്കായിരുന്നു. ബോള്‍ പോസിഷനില്‍ 68 ശതമാനവും ജര്‍മന്‍ സ്‌ക്വാഡ് കൈയ്യടക്കിയപ്പോള്‍ 32 ശതമാനം മാത്രമാണ് സ്‌കോട്ട്‌ലാന്‍ഡിന്റെ ഗ്രൗണ്ടിലെ സംഭാവന. സ്‌കോട്ട്‌ലാന്‍ഡ് ഗോള്‍ മുഖത്തേക്ക് 19 ഷോട്ടുകളാണ് മത്സരത്തിന്റെ ആദ്യാവസാനം ജര്‍മനി ഉതിര്‍ത്തത്. സ്‌കോട്ടിഷ് ക്യാമ്പിനാകട്ടെ നിശ്ചിത സമയത്തും അധിക സമയത്തും ഒരു ഷോട്ട് പോലും ജര്‍മന്‍ പാളയത്തിലേക്ക് തൊടുക്കാനായില്ല. അവര്‍ക്ക് ലഭിച്ച ഏക ഗോളാകട്ടെ റൂഡിഗറിന്റെ പിഴവില്‍ ലഭിച്ച ആനുകൂല്യവും. ജര്‍മനി 77 ഡെയ്ജറസ് അറ്റാക്കിംഗ് നടത്തിയപ്പോള്‍ സ്‌കോട്ട്‌ലാന്റിന് ജര്‍മനിക്കുമേല്‍ എന്തെങ്കിലും ചെയ്യാനായത് 9 തവണ മാത്രം.

എതിരാളികളെ പരമാവധി മുന്നോട്ട് കൊണ്ടുവന്ന് പ്രതിരോധ നിരയ്ക്കും ഗോള്‍കീപ്പറിനുമിടയില്‍ വലിയ ഗ്യാപ് സൃഷ്ടിച്ച് ലോങ് പാസിലൂടെ ആക്രണം നടത്തുക എന്ന രീതിയാണ് ആദ്യ മിനിറ്റുകളില്‍ ജര്‍മ്മനി പ്രയോഗിച്ചത്. ഏത് നിമിഷവും ഉയര്‍ന്നുവരുന്ന പന്ത് പ്രതീക്ഷിച്ച് ഹാര്‍വസ്റ്റ് സ്‌കോട്ട്‌ലാന്‍ഡിന്റെ പ്രതിരോധ നിരയ്‌ക്കൊപ്പമാണ് നിലയുറപ്പിച്ചിരുന്നു. ആദ്യപകുതിയില്‍ മൂന്നോളം തവണ ഇത്തരത്തില്‍ അപ്രതീക്ഷത മുന്നേറ്റങ്ങള്‍ വിര്‍ട്ടിസന്റെ ഭാഗത്ത് നിന്നും ഉണ്ടായി. ഇതില്‍ ആദ്യ അവസരം ഗോളിന്റെ വക്കില്‍വരെ എത്തിയതുമാണ്.

മത്സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ തന്നെ ഡെഡ് ലോക്ക് അഴിക്കാന്‍ ജര്‍മനിക്കായി. അതും ഇന്റലിജന്‍സും കൃത്യതയും പ്രകടമായ അതിമനോഹര ഗോളിലൂടെ. പിച്ചിന്റെ മധ്യത്തില്‍ നിന്ന് ടോണി ക്രൂസിനെ ലക്ഷ്യമാക്കി കിമ്മിച്ച് ഉയര്‍ത്തിയടിച്ച പാസ് കണ്ടതോടെ പന്ത് കണ്‍വേര്‍ട്ട് ചെയ്ത് തങ്ങളിലേക്ക് എത്തുമെന്ന പ്രതീക്ഷയില്‍ ഹാര്‍വെസ്റ്റും മുസിയാലയും ഗുണ്ടോഗനും മുന്നോട്ട് കുതിച്ചു. ഇതുകണ്ട സ്‌കോട്‌ലാന്‍ഡിന്റെ പ്രതിരോധ നിര ഒന്നാകെ ഇവര്‍ക്കൊപ്പം പിന്നോട്ട് നീങ്ങി. ഈ സമയം ആരാലും മാര്‍ക്ക് ചെയ്യാതെ നില്‍ക്കുകയായിരുന്നു വിര്‍ട്ട്‌സ്. ഒട്ടും ആയാസമില്ലാതെ ടോണി ക്രൂസ് പന്ത് വിര്‍ട്ട്‌സിലേക്ക് കൈമാറി. വിര്‍ട്ട്‌സാകട്ടെ ഒട്ടും വൈകാതെ ഫസ്റ്റ് ടച്ചില്‍ തന്നെ മനോഹരമായ ഷോര്‍ട്ടിലൂടെ പന്ത് വലിയിലാക്കി. അപ്പോള്‍ ടൈം ബോര്‍ഡില്‍ മത്സരം തുടങ്ങി വെറും 11 മിനിറ്റ് മാത്രമേ ആയിരുന്നുള്ളു.

അവിടംകൊണ്ട് ജര്‍മനി നിര്‍ത്തിയില്ല. ഒന്നിനു പിന്നാലെ ഒന്നായി സ്‌കോട്ട്‌ലാന്‍ഡ് പെനാല്‍റ്റി ബോക്‌സിലേക്ക് പന്തുമായി പാഞ്ഞ് എത്തിക്കൊണ്ടേയിരുന്നു. വല്ലപ്പോഴും കൗണ്ടര്‍ അ്റ്റാക്കിനുള്ള സ്‌പേസ് മാത്രമാണ് സ്‌കോട്ട്‌ലാന്‍ഡിന് വീണ് കിട്ടിയത്. അതും ജര്‍മന്‍ പ്രതിരോധ നിരയിലേക്ക് എത്തുന്നതിന് മുന്‍പേ തന്നെ അതൊക്കെ നിഷ്ഭ്രമമായി.

പെനാല്‍റ്റി ബോക്‌സിലെ അനാവശ്യ ഫൗളില്‍ 44-ാം മിനിറ്റില്‍ റയാന്‍ പോര്‍ട്ടിയസ് റഡ് കാര്‍ഡ് കണ്ട് പുറത്തായതോടെ സ്‌കോട്ട്‌ലാന്‍ഡിന്റെ പ്രതിരോധ നിര കൂടുതല്‍ ദുര്‍ബലമായി. ഒരാളുടെ കുറവ് വന്നതോടെ ഹാഫ് ടൈം ഫിസിലിന് മുന്‍പുള്ള മിനിറ്റുകള്‍ സ്‌കോട്ട്‌ലാന്‍ഡിന് അഗ്നിപരീക്ഷയായിരുന്നു.

ഇതിന് പരിഹാരമായി രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ മുന്നേറ്റ നിരയില്‍ നിന്ന് ചെ ആഡംസിനെ പിന്‍വലിച്ച് പ്രതിരോധ നിരയ്്ക്ക് കരുത്ത് പകരാന്‍ ഗ്രാന്റ് ഹാന്‍ലിയെ ഇറക്കി. ഇതോടൈ ഫോര്‍മേഷനിലും മാറ്റവരുത്തി. ആദ്യപകുതിയില്‍ 3-4-3 എന്ന ഫോര്‍മേഷനില്‍ കളിച്ച സ്‌കോട്ട്‌ലാന്‍ഡിനെ രണ്ടാം പകുതിയോടെ റയാന്‍ ക്രിസ്റ്റിയെ ട്രൈക്കര്‍ പൊസിഷനില്‍ പ്ലേസ് ചെയ്ത് 3-4-2-1 എന്ന ഫോര്‍മേഷനിലേക്ക് മാറ്റി.

പ്രതിരോധത്തിനായിരുന്നു രണ്ടാം പകുതിയില്‍ സ്‌കോട്ട്‌ലാന്‍ഡ് പ്രാധാന്യം നല്‍കിയത്. സ്‌കോട്ട്‌ലാന്‍ഡ് നിരയില്‍ പിന്നീട് നടത്തിയ എല്ലാ സബ്സ്റ്റിറ്റിയൂഷനുകളും പ്രതിരോധത്തിന് കരുത്തു പകരാനായിരുന്നു. ഇത് കണ്ടറിഞ്ഞ് കുറേക്കൂടി ഡയറക്ട് അറ്റാക്കിംഗിനുള്ള നീക്കം ജര്‍മന്‍ ക്യാമ്പിലും ഉണ്ടായി.

63-ാം മിനിറ്റില്‍ ഹാര്‍വസ്റ്റിനേയും വിര്‍ട്ട്‌സിനെയും പിന്‍വലിച്ച് നിക്ലാസ് ഫ്യൂല്‍ക്രഗിനെയും ലെറോയ് സാനെയും മുന്നേറ്റ നിരയിലേക്ക് ഇറക്കി. അതിന്റെ ഫലം 68-ാം മിനിറ്റില്‍ കാണുകയുമുണ്ടായി. ഗുണ്ടോഗന് നഷ്ടപ്പെട്ട അവസരം ഫ്യൂല്‍ക്രഗ് ഫസ്റ്റ് ടച്ചില്‍ തന്നെ ഗോളാക്കി. മത്സരത്തിന്റെ അവസാന മിനിറ്റിലും താന്‍തന്നെയാണ് ജര്‍മനിയുടെ മികച്ച സ്‌ട്രൈക്കര്‍ എന്ന് തെളിയിച്ച് ഫ്യൂല്‍ക്രഗ് അഞ്ചാം ഗോളും അടിച്ചു. ഇതിനിടെ സ്‌കോട്ട്‌ലാന്‍ഡിന് ലഭിച്ച ഫ്രീക്വിക്കില്‍ മക്കെന്നയിലേക്ക് വന്ന ക്രോസ് റൂഡിഗറിന്റെ തലയില്‍ തട്ടി റിഫ്‌ളക്ട് ചെയ്ത് ജര്‍മന്‍ പോസ്റ്റിലേക്ക് വീണത് മാത്രമാണ് സ്‌കോട്ട്‌ലാന്‍ഡിന് ലഭിച്ച ഏക ആശ്വാസ ഗോള്‍.

Related Articles

Back to top button