Football

20 വര്‍ഷം മുമ്പ് ചൈനയെ കുടഞ്ഞപ്പോള്‍ കിരീടം; കൊറിയയിലൂടെ ചരിത്രം ബ്രസീലിന് അനുകൂലം?

2002 ലെ ലോകകപ്പ് കിരീടനേട്ടം ബ്രസീല്‍ ഖത്തറില്‍ ആവര്‍ത്തിക്കുമോ? കണക്കുകളും ചരിത്രവും ബ്രസീലിന് അനുകൂലമാകുന്നതിന്റെ ദൃശ്യങ്ങളാണ് ദക്ഷിണ കൊറിയയ്‌ക്കെതിരായ പ്രീക്വാര്‍ട്ടര്‍ മല്‍സരം അടിവരയിടുന്നത്. ബ്രസീല്‍ 2002ല്‍ ലോകകപ്പ് നേടിയപ്പോള്‍ ആതിഥേയത്വം ഏഷ്യയ്ക്കായിരുന്നു. മാത്രമല്ല, അന്നും ബ്രസീല്‍ ഒരു ഏഷ്യന്‍ ടീമിനെ നാലു ഗോളിന് തോല്‍പ്പിച്ചിരുന്നു. ചൈനയാണ് അന്ന് കാനറികളുടെ നാലടിയില്‍ തീര്‍ന്നത്.

ഇപ്പോള്‍ അതേ സാമ്യതകള്‍ വീണ്ടും ആവര്‍ത്തിക്കുകയാണ്. 2002 ലോകകപ്പില്‍ ആയിരുന്നു ചൈനയെ ബ്രസീല്‍ നാലടിയില്‍ പഞ്ഞിക്കിട്ടത്. അന്നും നാല് വ്യത്യസ്ത താരങ്ങളാണ് ബ്രസീലിനായി പന്ത് വലയിലെത്തിച്ചത്. റൊണാള്‍ഡോ, റൊണാള്‍ഡീഞ്ഞോ, റോബര്‍ട്ടോ കാര്‍ലോസ്, റിവാള്‍ഡോ എന്നിവരാണ് അന്ന് വലകുലുക്കിയത്. 2002ല്‍ ജര്‍മനിയെ തോല്‍പ്പിച്ച് കിരീടം ചൂടിയാണ് ബ്രസീല്‍ ജൈത്രയാത്ര അവസാനിപ്പിച്ചത്.

അന്നത്തെ ബ്രസീലിന്റെ പ്രകടനവും ഇത്തവണത്തെ ലോകകപ്പുമായി വലിയ സാമ്യം ഉണ്ട്. രണ്ട് ലോകകപ്പുകള്‍ക്കും വേദിയായത് ഏഷ്യയാണെന്നതും ഇത്തവണത്തെ യാദൃശ്ചികതയായി മാറി.

ആ ലോകകപ്പിലും ജപ്പാനും ദക്ഷിണ കൊറിയയും പ്രീക്വാര്‍ട്ടര്‍ കളിച്ചിരുന്നു. ഈ രണ്ട് ടീമുകളും ഒരുമിച്ച് അവസാന പതിനാറില്‍ ഒന്നിച്ചെത്തിയ വേറൊരു ലോകകപ്പുമില്ലെന്നതും കൗതുകകരമായ യാഥാര്‍ത്ഥ്യമാണ്. 20 വര്‍ഷത്തിനു ശേഷം ലോകകപ്പ് ഏഷ്യയിലെത്തിയപ്പോള്‍ ബ്രസീല്‍ തന്നെ കിരീടം ചൂടുമെന്ന് ഉറച്ച് വിശ്വസിക്കുന്നവരുടെ എണ്ണവും ഉയര്‍ന്നിട്ടുണ്ട്.

കൊറിയയ്‌ക്കെതിരായ മല്‍സരത്തില്‍ ചില ബ്രസീലിയന്‍ റിക്കാര്‍ഡുകളും പിറന്നു. ബ്രസീലിനായി മൂന്നോ അതിലധികമോ ലോകകപ്പുകളില്‍ വലകുലുക്കുന്ന മൂന്നാമത്തെ താരമായി നെയ്മര്‍ മാറി.

പെലെ, റൊണാള്‍ഡോ എന്നിവരാണ് മറ്റ് രണ്ടുപേര്‍. ബ്രസീലിനായി ഏറ്റവുമധികം ഗോളുകള്‍ നേടിയ പെലെയുടെ 77 ഗോളിന് തൊട്ടുപിന്നിലെത്തി നെയ്മര്‍ പെനാല്‍റ്റി ഗോളിലൂടെ. ഇതുവരെ നെയ്മറിന്റെ സമ്പാദ്യം 76 ഗോളായി. നെയ്മറിന്റെ ഏഴാമത്തെ ലോകകപ്പ് ഗോളാണ് കൊറിയയ്‌ക്കെതിരേ പിറന്നത്.

Related Articles

Back to top button