Cricket

ബ്രേക്കിംഗ്: ഇംഗ്ലണ്ട് സൂപ്പര്‍താരം ഇനി സിംബാബ്‌വെയ്ക്ക് കളിക്കും!

ഇംഗ്ലണ്ടിനായി നിരവധി മല്‍സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയ ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ ഗാരി ബാലന്‍സസ് സിംബാബ്‌വെയ്ക്കായി ദേശീയ ടീം ജേഴ്‌സി അണിയുന്നു. സിംബാബ്‌വെ വംശജനായിരുന്ന ബാലന്‍സ് ഇംഗ്ലണ്ടിലേക്ക് കുടിയേറി അവിടെ ഇംഗ്ലീഷ് കൗണ്ടിയിലും ദേശീയ ടീമിലുമായി കളിച്ചു വരികയായിരുന്നു.

ഇംഗ്ലണ്ട് ദേശീയ ടീമില്‍ ഇടം നഷ്ടപ്പെട്ടതോടെയാണ് തീരുമാനം മാറ്റി സ്വദേശത്തേക്ക് തിരികെയെത്തുന്നത്. സിംബാബ്‌വെ ക്രിക്കറ്റ് ബോര്‍ഡും ബാലന്‍സും തമ്മില്‍ രണ്ടു വര്‍ഷത്തെ കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്. ഇതുപ്രകാരം അടുത്ത രണ്ടുവര്‍ഷം ദേശീയ ടീമിനായും സിംബാബ്‌വെ ആഭ്യന്തര ക്രിക്കറ്റിലും താരം കളിക്കും.

2014 മുതല്‍ 2017 വരെ ഇംഗ്ലണ്ട് ടീമിലെ സ്ഥിര സാന്നിധ്യമായിരുന്നു ബാലന്‍സ്. 23 ടെസ്റ്റുകളില്‍ നിന്ന് നാല് സെഞ്ചുറികളും 16 ഏകദിനങ്ങളും താരം കളിച്ചിട്ടുണ്ട്. ഐസിസി അണ്ടര്‍ 19 ലോകകപ്പില്‍ സിംബാബ്‌വെയ്ക്കു വേണ്ടി കളിച്ച ശേഷമാണ് ബാലന്‍സ് ഇംഗ്ലണ്ടിലേക്ക് കുടിയേറുന്നത്.

ഇതിഹാസ താരം ഡേവിഡ് ഹൂട്ടണ്‍ സിംബാബ്‌വെ കോച്ചായി സ്ഥാനമേറ്റ ശേഷം അത്ഭുതകരമായ മാറ്റമാണ് അവിടുത്തെ ക്രിക്കറ്റില്‍ നടക്കുന്നത്. ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ പോയി ഏകദിനത്തില്‍ തോല്‍പ്പിച്ച ടീം ലോകകപ്പില്‍ പാക്കിസ്ഥാനെയും കീഴ്‌പ്പെടുത്തിയിരുന്നു. ഒരുകൂട്ടം മികച്ച യുവതാരങ്ങള്‍ ടീമിലേക്ക് വന്നതും ഗുണം ചെയ്തു.

സിംബാബ്‌വെയിലെ ആഭ്യന്തര ക്രിക്കറ്റും ഏറെ മെച്ചപ്പെട്ടു. വിദേശ താരങ്ങള്‍ ഉള്‍പ്പെടെ ആഭ്യന്തര ക്രിക്കറ്റില്‍ ഇപ്പോള്‍ കളിക്കുന്നുണ്ട്. മുമ്പ് ദേശീയ താരങ്ങള്‍ക്കു പോലും പ്രതിഫലം നല്‍കാന്‍ ബുദ്ധിമുട്ടിയ സ്ഥാനത്ത് നിന്ന് ബോര്‍ഡ് ഏറെ മാറി. ആഭ്യന്തര താരങ്ങള്‍ക്കും ഇപ്പോള്‍ മികച്ച പ്രതിഫലം ലഭിക്കുന്നുണ്ട്.

Related Articles

Back to top button