Football

ലോകകപ്പില്‍ തോറ്റു കൊടുക്കാന്‍ ഇക്വഡോറിന് ഖത്തറിന്റെ വക കോടികള്‍? വിവാദം പുകയുന്നു!

2022 ഫിഫ ഖത്തര്‍ ലോകകപ്പില്‍ ഒത്തുകളി നടക്കുമെന്ന റിപ്പോര്‍ട്ട് പൊക്കിപിടിച്ച് യൂറോപ്യന്‍ മാധ്യമങ്ങള്‍. ഫുട്ബോള്‍ ലോകത്തെ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ഇതു സംബന്ധിച്ച് പുറത്തുവരുന്നത്. ഫിഫ 2022 ലോകകപ്പിന്റെ കിക്കോഫിന് വെറും രണ്ട് ദിനങ്ങള്‍ മാത്രം അവശേഷിക്കേയാണ് കോഴക്കളി നടക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നത് എന്നതാണ് ശ്രദ്ധേയം.

20ന് ഇന്ത്യന്‍ സമയം രാത്രി 9.30ന് ആതിഥേയരായ ഖത്തറും ലാറ്റിനമേരിക്കന്‍ ടീമായ ഇക്വഡോറും തമ്മില്‍ ഗ്രൂപ്പ് എയിലെ പോരാട്ടത്തോടെയാണ് 2022 ഫിഫ ലോകകപ്പിനു പന്ത് ഉരുണ്ടുതുടങ്ങുക. ഉദ്ഘാടന മത്സരത്തില്‍ ഖത്തറിനു മുന്നില്‍ തോറ്റുകൊടുക്കാനായി ഇക്വഡോര്‍ കളിക്കാര്‍ക്ക് പണം നല്‍കിയതായുള്ള വാര്‍ത്തകളാണ് ഫുട്ബോള്‍ ലോകത്തെ പിടിച്ചു കുലുക്കിയിരിക്കുന്നത്.

എട്ട് ഇക്വഡോര്‍ കളിക്കാരെ കോഴകൊടുത്ത് ഖത്തര്‍ വരുതിയിലാക്കിയതായാണ് റിപ്പോര്‍ട്ട്. ഖത്തര്‍ ഫിഫ ഫുട്ബോള്‍ ആതിഥേയത്വംതന്നെ നേടിയെടുത്തത് കോടികള്‍ കൈക്കൂലി നല്‍കിയാണെന്ന് മുമ്പ് ആരോപണം ഉയര്‍ന്നിരുന്നതാണ്.

ഉദ്ഘാടന മത്സരത്തില്‍ ഇക്വഡോര്‍ ആതിഥേയരായ ഖത്തറിനു തോറ്റുകൊടുക്കാനായി 60.50 കോടി രൂപയാണ് കോഴയായി നല്‍കിയതെന്നും ആരോപിക്കപ്പെടുന്നു. ആദ്യ പകുതിയില്‍ ഗോള്‍ രഹിതമായിരിക്കാനും രണ്ടാം പകുതിയില്‍ ഖത്തര്‍ ഒരു ഗോള്‍ അടിച്ച് മത്സരത്തില്‍ 1 – 0 ന്റെ ജയം സ്വന്തമാക്കുന്നതിനുമാണ് കോഴ നല്‍കിയിരിക്കുന്നതെന്നാണ് ആരോപണം. കേരളീയരെ വിലയ്‌ക്കെടുത്ത് ഖത്തര്‍ ലോകകപ്പ് പ്രമോഷന്‍ പരിപാടികള്‍ നടത്തുന്നുവെന്ന വ്യാജ ആരോപണത്തിന് പിന്നാലെയാണ് പുതിയത് വന്നിരിക്കുന്നത്.

കോഴ സംബന്ധിച്ച് അഞ്ച് ഖത്തര്‍ ടീം അംഗങ്ങളും ഇക്വഡോര്‍ അംഗങ്ങളും സ്ഥിരീകരണം നടത്തിയിട്ടുണ്ടെന്നും ഇതു സംബന്ധിച്ച ട്വീറ്റ് നടത്തിയ അജ്മദ് താഹ സൂചിപ്പിക്കുന്നു. ഫിഫയുടെ അഴിമതിയുടെ കരാളഹസ്തം മത്സരങ്ങളിലേക്കും നീളുന്നു എന്നും ലോകം ഇക്കാര്യം അറിയണം എന്നുമാണ് ഇക്കാര്യം വെളിപ്പെടുത്തിക്കൊണ്ട് അജ്മദ് താഹ ട്വീറ്റ് ചെയ്തത്. ബ്രിട്ടീഷ് മിഡില്‍ ഈസ്റ്റ് സെന്റര്‍ ഫോര്‍ സ്റ്റഡീസ് ആന്‍ഡ് റിസേര്‍ച്ചിന്റെ റീജണല്‍ ഡയറക്ടര്‍ ആണ് അജ്മദ് താഹ.

സെനഗല്‍, നെതര്‍ലന്‍ഡ്സ് എന്നീ ടീമുകളാണ് ഗ്രൂപ്പ് എയില്‍ ഖത്തറിനും ഇക്വഡോറിനും ഒപ്പം ഉള്ളത്. ചരിത്രത്തില്‍ ആദ്യമായാണ് ഖത്തര്‍ ഫിഫ ലോകകപ്പില്‍ കളിക്കുന്നത്. ആതിഥേയര്‍ എന്ന നിലയിലാണ് ഖത്തറിന് ലോകകപ്പ് യോഗ്യത നേരിട്ട് ലഭിച്ചത്.

25ന് സെനഗലുമായും 29ന് നെതര്‍ലന്‍ഡ്സുമായുമാണ് ഖത്തറിന്റെ എ ഗ്രൂപ്പിലെ മറ്റ് മത്സരങ്ങള്‍. എട്ട് ഗ്രൂപ്പുകളിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ പ്രീക്വാര്‍ട്ടറില്‍ പ്രവേശിക്കും. നെതര്‍ലന്‍ഡ്സിനു പിന്നില്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യുക എന്നതായിരിക്കും സെനഗല്‍, ഇക്വഡോര്‍, ഖത്തര്‍ ടീമുകളുടെ ലക്ഷ്യം.

Related Articles

Back to top button