ISL

ഞാന്‍ പ്രതീക്ഷിച്ചതിലും അപ്പുറത്താണ് ഈ ലീഗ്; ഞെട്ടിച്ചെന്ന് ദിമിത്രിയോസ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക് താന്‍ വരുമ്പോള്‍ പലരും തന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് താരം ദിമിത്രിയോസ്. ഇത്രയും മികച്ച ലീഗായിരിക്കുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല. ഗംഭീര ടീമുകളും ആരാധകരും മല്‍സരങ്ങളുമാണ് നടക്കുന്നത്. ഇങ്ങോട്ട് വരാനുള്ള തീരുമാനം തെറ്റിയില്ലെന്ന് ഉറപ്പായും പറയാന്‍ സാധിക്കുമെന്നും ദിമിത്രിയോസ് വ്യക്തമാക്കി.

ഇന്ത്യയിലേക്ക് പോകുകയാണെന്ന് പറഞ്ഞപ്പോള്‍ പലരും ഇന്ത്യന്‍ ലീഗുകളെ കുറിച്ച് മോശം പറയുന്നത് കേട്ടിട്ടുണ്ട്. എന്നാല്‍ ഇവിടെ വന്നപ്പോള്‍ ആ കാര്യങ്ങള്‍ തെറ്റാണെന്ന് ബോധ്യമായി. താന്‍ പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ ഏറെ മുകളിലാണ് ഐഎസ്എല്ലിന്റെ നിലവാരമെന്നും ഗ്രീക്ക് താരം വ്യക്തമാക്കി. ടീമെന്ന നിലയില്‍ ബ്ലാസ്റ്റേഴ്‌സ് കൂടുതല്‍ ഒത്തിണക്കം കാണിക്കുന്നതായും മുന്നേറ്റതാരം വ്യക്തമാക്കി.

ആദ്യത്തെ തിരിച്ചടിക്കു ശേഷം ഗോള്‍ നേടുന്നതില്‍ സന്തോഷം ഉണ്ട്. എന്നാല്‍ അതിനേക്കാള്‍ തനിക്ക് പ്രധാനം ടീം വിജയിക്കുക എന്നതാണ്. വിജയവഴിയില്‍ തിരിച്ചെത്തിയതില്‍ സന്തോഷമുണ്ടെന്നും ദിമിത്രിയോസ് കൂട്ടിച്ചേര്‍ത്തു. നാളെ ഹൈദരാബാദിനെ നേരിടുന്ന ബ്ലാസ്‌റ്റേഴ്‌സിന് ഗോവയ്‌ക്കെതിരായ മല്‍സരത്തിലെ ആവേശം നിലനിര്‍ത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

നിലവില്‍ പോയിന്റ് പട്ടികയില്‍ ഹൈദരാബാദ് ഒന്നാം സ്ഥാനത്താണ്. ആറ് കളിയില്‍ നിന്ന് 16 പോയിന്റാണ് ടീം സ്വന്തമാക്കിയത്. അഞ്ചില്‍ ജയിച്ചപ്പോള്‍ ഒരു സമനില മാത്രമാണ് അവര്‍ക്ക് നേരിടേണ്ടി വന്നത്. ബ്ലാസ്‌റ്റേഴ്‌സ് നിലവില്‍ അഞ്ചാം സ്ഥാനത്താണ്.

Related Articles

Back to top button