Football

ഖത്തറില്‍ സെഞ്ചുറിയിലേക്ക് അടുത്ത് മെസി; മൂന്നക്കം കടന്നാല്‍ അര്‍ജന്റീനയെ പിടിച്ചാല്‍ കിട്ടില്ല!

അന്താരാഷ്ട്ര ഫുട്‌ബോളില്‍ 100 ഗോളുകള്‍ എന്ന നേട്ടത്തിനരികിലാണ് ലയണല്‍ മെസി. യുഎഇയ്ക്ക് എതിരായ സൗഹൃദ മലസരത്തിലും ഗോള്‍ നേടിയതോടെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ 91 ഗോളുകളുമായി മെസി കുതിക്കുകയാണ്. സെഞ്ച്വറി നേടാന്‍ 9 ഗോളുകള്‍ അകലെ മാത്രം നില്‍ക്കുന്ന മെസി ലോകകപ്പില്‍ തന്നെ ആ നേട്ടത്തില്‍ എത്തുമോ എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

മെസിയുടെ മികച്ച ഫോമില്‍ തന്നെയാണ് അര്‍ജന്റീനയുടെ എല്ലാ പ്രതീക്ഷകളും. ഈ ലോകകപ്പില്‍ ആ നേട്ടത്തിലേക്ക് എത്തുകയാണെങ്കില്‍ അര്‍ജന്റീനയും ഒരുപ്പാട് ദൂരം മുന്നോട്ട് പോകും എന്നത് തീര്‍ച്ചയാണ്. അന്താരാഷ്ട്ര ഫുട്‌ബോളില്‍ രണ്ട് താരങ്ങള്‍ മാത്രമാണ് നൂറിന്റെ നിറവില്‍ എത്തി നില്‍ക്കുന്നത്. ഇറാന്റെ അലി ദെയിയും, പോര്‍ച്ചുഗലിന്റെ സാക്ഷാല്‍ ക്രിസ്റ്റിയനോ റൊണാള്‍ഡോയും. അന്താരാഷ്ട്ര ഫുട്‌ബോളിലെ ഗോള്‍ ശേഖരത്തില്‍ 117 ഗോളുകളുമായി ക്രിസ്റ്റിയനോയാണ് ഒന്നാമത് ഉള്ളത്.

ഈ നേട്ടത്തിലേക്ക് എത്താന്‍ മെസിക്ക് സാധിക്കുമോ എന്ന സംശയം ആരാധകര്‍ക്ക് ഉണ്ടെങ്കിലും തങ്ങളുടെ പ്രിയ താരം 100 ഗോളുകള്‍ എന്ന അപൂര്‍വ നേട്ടത്തില്‍ എത്തും എന്ന് ആരാധകര്‍ പൂര്‍ണമായും വിശ്വസിക്കുന്നു. ഖത്തര്‍ ലോകകപ്പ് നേടാന്‍ സാധ്യത ഉള്ള ടീമുകളില്‍ മുന്‍ പന്തിയില്‍ ഉള്ള അര്‍ജന്റീന ലയണല്‍ മെസി എന്ന തങ്ങളുടെ ഇതിഹാസ താരത്തിനായി കയ്യും മെയ്യും മറന്ന് പോരാടും എന്നത് തീര്‍ച്ചയാണ്.

മിശിഹാ നിറഞ്ഞാടിയാല്‍ ആ സുവര്‍ണ കിരീടം അര്‍ജന്റീനയ്ക്ക് ഒട്ടും വിദൂരത്തല്ല. വളരെ ശക്തമായ ടീമുകളുമായിട്ടാണ് ലോകകപ്പിനുള്ള 32 രാജ്യങ്ങളും എത്തുന്നത്. കിരീടം നേടുക എന്നത് അര്‍ജന്റീനയ്ക്ക് നിസാരമായിരിക്കില്ല. നെയ്മറിന്റെ ബ്രസീലും, എംബപ്പെയുടെ ഫ്രാന്‍സും, ക്രിസ്റ്റിയാനോയുടെ പോര്‍ച്ചുഗലുമെല്ലാം അവര്‍ക്ക് ശക്തമായ എതിരാളികള്‍ തന്നെ ആയിരിക്കും. മെസിയും സംഖവും ഖത്തറില്‍ എത്ര ദൂരം പോകുമെന്നുള്ള കാത്തിരിപ്പിലാണ് ഫുട്‌ബോള്‍ ലോകം.

Related Articles

Back to top button