Football

ബ്രസീല്‍ ടീം ഒന്നടങ്കം സ്റ്റേഡിയത്തില്‍; ഹോട്ടലില്‍ തനിച്ചായി നെയ്മര്‍!

സ്വിറ്റ്‌സര്‍ലന്‍ഡിനെ വീഴ്ത്തി ബ്രസീല്‍ ലോകകപ്പില്‍ പ്രീക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്തപ്പോള്‍ അതിനു സാക്ഷ്യം വഹിക്കാന്‍ സൂപ്പര്‍താരം നെയ്മര്‍ സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്നില്ല. ടീമിലെ സര്‍വത്ര താരങ്ങളും മല്‍സരത്തിനായി ഗ്രൗണ്ടിലേക്ക് പോയെങ്കിലും നെയ്മര്‍ ടീം ഹോട്ടലില്‍ ഫിസിയോതെറാപ്പിയുടെ തിരക്കിലായിരുന്നു. അടുത്ത മല്‍സരങ്ങളിലേക്ക് നെയ്മറെ ഒരുക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് മെഡിക്കല്‍ സ്റ്റാഫ്.

അതേസമയം കാലിലെ പരിക്കിനൊപ്പം നെയ്മര്‍ക്ക് പനിയും ബാധിച്ചിട്ടുണ്ട്. താരത്തിന്റെ പനി കുറഞ്ഞു വരികയാണെന്നും ടീം അംഗങ്ങളെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഹോട്ടല്‍ റൂമിലിരുന്ന് ബ്രസീലിന്റെ മല്‍സരം കാണുന്നതിന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി നെയ്മര്‍ പോസ്റ്റ് ചെയ്തിരുന്നു.

കാസ്മീരെ ഗോള്‍ നേടിയ ശേഷം താരത്തെ പ്രകീര്‍ത്തിച്ച് ട്വീറ്റ് ചെയ്യാനും നെയ്മര്‍ മറന്നില്ല. ലോകത്ത് നിലവിലുള്ളതില്‍ വച്ചേറ്റവും മികച്ച ഡിഫന്‍സീവ് മിഡ് ഫീല്‍ഡറാണ് കാസ്മീറോ എന്നായിരുന്നു നെയ്മര്‍ കുറിച്ചത്. സെര്‍ബിയയ്‌ക്കെതിരായ മല്‍സരത്തിന്റെ എഴുപത്തെട്ടാം മിനിറ്റിലാണ് നെയ്മര്‍ക്ക് പരിക്കേല്‍ക്കുന്നത്.

പരിക്കുമായി ബന്ധപ്പെട്ട് നെയ്മര്‍ എഴുതിയ കുറിപ്പ് വൈറലായിരുന്നു. ”ഈ ജഴ്‌സി ധരിക്കുന്നതില്‍ എനിക്ക് തോന്നുന്ന അഭിമാനത്തിനും സ്‌നേഹത്തിനും കണക്കില്ല. ജനിക്കാന്‍ ഒരു രാജ്യം തെരഞ്ഞെടുക്കാന്‍ ദൈവം എനിക്ക് അവസരം നല്‍കുകയാണെങ്കില്‍ അത് ബ്രസീലായിരിക്കും. എന്റെ ജീവിതത്തില്‍ ഒന്നും എളുപ്പമായിരുന്നില്ല. എനിക്ക് എപ്പോഴും എന്റെ സ്വപ്നങ്ങളും ലക്ഷ്യങ്ങളും പിന്തുടരേണ്ടതുണ്ട്. ഒരിക്കലും ആരോടും തിന്മ ആഗ്രഹിക്കുന്നില്ല, ആവശ്യമുള്ളവര്‍ക്ക് സഹായം ചെയ്യണം.

ഇപ്പോള്‍ എന്റെ കരിയറിലെ ഏറ്റവും പ്രയാസകരമായ നിമിഷങ്ങളില്‍ ഒന്നായി മാറിയിരിക്കുന്നു. ഒരു ലോകകപ്പില്‍ എനിക്ക് വീണ്ടും പരിക്കേറ്റു. ഇത് മടുപ്പിക്കുന്നതും വേദനിപ്പിക്കുന്നതുമാണ്. എന്നാല്‍, എനിക്ക് മടങ്ങിവരാനുള്ള അവസരം ഉണ്ടാകുമെന്ന് ഉറപ്പുണ്ട്. എന്റെ രാജ്യത്തെയും എന്റെ ടീമംഗങ്ങളെയും എന്നെ തന്നെയും സഹായിക്കാന്‍ എന്റെ പരമാവധി പ്രയത്‌നിക്കും. ഞാന്‍ ദൈവത്തിന്റെ കുട്ടിയാണ്, എന്റെ വിശ്വാസം അനന്തമാണ്”, എന്നിങ്ങനെയായിരുന്നു കുറിപ്പ്.

Related Articles

Back to top button