Football

ഇന്ത്യയെ ഖത്തറില്‍ ഉയര്‍ത്തി പാത്രമംഗലത്തെ ഫുട്‌ബോള്‍ പ്രേമികള്‍! ഏറ്റെടുത്ത് ആരാധകരും

ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നെയ്മറുമെല്ലാം കേരളത്തിലെ നിരത്തുകളിലും പുഴവക്കിലുമെല്ലാം നിറഞ്ഞു നില്‍ക്കുകയാണ്. ആരാധകരെല്ലാം വിദേശ ടീമുകളുടെ ഫ്‌ളക്‌സും കട്ടൗട്ടറുകളും ഉയര്‍ത്തി ആരാധന പങ്കുവയ്ക്കുമ്പോള്‍ പാത്രമംഗലമെന്ന ഗ്രാമത്തിലെ ചെറുപ്പക്കാര്‍ ചിന്തിച്ചത് മറ്റൊന്നാണ്.

തൃശൂര്‍ പാത്രമംഗലത്തെ നാട്ടുകാരാണ് ആദ്യം സുനില്‍ ചേത്രിയുടെ കൂറ്റന്‍ കട്ടൗട്ടാണ് നാട്ടില്‍ സ്ഥാപിച്ചത്. ഇത് ദേശീയ മാധ്യമങ്ങളിലടക്കം വലിയ വാര്‍ത്തയായി. അഷ്‌റഫ് എന്ന ഫുട്‌ബോള്‍ പ്രേമിയും സുഹൃത്തുക്കളും നടപ്പിലാക്കിയ മാതൃക പിന്തുടര്‍ന്ന് കേരളത്തില്‍ പലയിടത്തും ഇന്ത്യ ഒരുനാള്‍ ലോകകപ്പ് കളിക്കുമെന്ന ആഗ്രഹം പങ്കുവച്ച് ഫ്‌ളക്‌സുകളും കട്ടൗട്ടുകളും ഉയര്‍ന്നു.

കേരളത്തില്‍ മാത്രമായി നിര്‍ത്തിയില്ല ഇവരുടെ ഇന്ത്യന്‍ ടീമിനോടുള്ള സ്‌നേഹവും പ്രതീക്ഷയും. ലോകകപ്പ് നടക്കുന്ന ഖത്തറിലെ വിവിധ ഗ്യാലറികളില്‍ ഫ്‌ളക്‌സും ബാനറും എത്തിച്ചാണ് അഷ്‌റഫ് നമ്മുടെ ഫുട്‌ബോളര്‍മാര്‍ക്ക് ആവേശം പകരുന്നത്.

‘ലോകകപ്പ് പോലെയൊരു വലിയൊരു പ്ലാറ്റ്ഫോമില്‍ ഇന്ത്യ പങ്കെടുക്കുന്ന കാലം വിദൂരമല്ല. ഇന്ത്യന്‍ ഫുട്‌ബോളിന് വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്നതാണ് വാസ്തവം. അങ്ങനെയുള്ളപ്പോള്‍ ഞങ്ങളെങ്ങനെ മറ്റൊരു രാജ്യത്തിന് വേണ്ടി ആര്‍പ്പ് വിളിക്കും ? ഞങ്ങള്‍ക്കുറപ്പുണ്ട് ഇന്ത്യ ഒരുനാള്‍ ലോകകപ്പില്‍ കളിക്കും, അതിനായാണ് ഞങ്ങള്‍ കാത്തിരിക്കുന്നത്’- അഷ്‌റഫ് വ്യകതമാക്കി.

ഖത്തറിലെ ഗ്യാലറിയില്‍ ഇന്ത്യന്‍ ടീമിനെ പിന്തുണച്ച് കൊണ്ടുപോയ പോസ്റ്ററുകള്‍ കണ്ട് പലര്‍ക്കും ആദ്യം കൗതുകമായിരുന്നു. ഇപ്പോള്‍ നിരവധി പേര്‍ ഈ ഫ്‌ളക്‌സുകള്‍ക്ക് ഉയര്‍ത്തി ഫോട്ടോയെടുത്ത് ഇന്ത്യയോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്നുവെന്ന് അഷ്‌റഫ് അഭിമാനത്തോടെ പറയുന്നു. ഇന്ത്യന്‍ ഫുട്‌ബോളിനെ പ്രചോദിപ്പിക്കാന്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന ആഗ്രഹവും അഷ്‌റഫ് സ്‌പോര്‍ട്‌സ്‌ക്യൂവിനോട് പങ്കുവയ്ക്കുന്നു.

Related Articles

Back to top button