Football

ബെല്ലിങ്ഗമിനു വിലക്ക് ? ക്വാര്‍ട്ടറില്‍ ഇംഗ്ലീഷ് ടീമിനെ അടിമുടി മാറ്റാന്‍ സൗത്ത്ഗേറ്റിന്റെ നീക്കം …

കൂനിന്മേല്‍ കുരു എന്നതുപോലെയാണ് യുവേഫ യൂറോ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലിന് ഒരുങ്ങുന്ന ഇംഗ്ലണ്ടിന്റെ കാര്യം. 2024 യൂറോ കപ്പ് പോരാട്ടം ആരംഭിച്ചപ്പോള്‍ ചാമ്പ്യന്മാരാകാന്‍ ഏറ്റവും സാധ്യതയുണ്ടായിരുന്ന ടീമായിരുന്നു ഇംഗ്ലണ്ട്.

ക്വാര്‍ട്ടര്‍ ഫൈനലില്‍വരെ എത്തിനില്‍ക്കുമ്പോള്‍ ഇംഗ്ലണ്ടിന്റെ സാധ്യത റിവേഴ്സ് ഗിയറിലാണ്. ക്വാര്‍ട്ടറില്‍ സ്ലോവാക്യയെ അധികസമയത്തേക്കു നീണ്ട മത്സരത്തില്‍ 2-1നായിരുന്നു ഇംഗ്ലണ്ട് കീഴടക്കിയത്.

ഇഞ്ചുറിടൈമിന്റെ അഞ്ചാം മിനിറ്റില്‍ ജൂഡ് ബെല്ലിങ്ഗമിന്റെ ഓവര്‍ഹെഡ് കിക്കിലൂടെയായിരുന്നു ഇംഗ്ലണ്ട് സമനിലയില്‍ എത്തിയതെന്നതാണ് ശ്രദ്ധേയം. ഗ്രൂപ്പ് ഘട്ടത്തിലാണെങ്കില്‍ സെര്‍ബിയയ്ക്ക് എതിരേ മാത്രമാണ് (10) ജയിത്താന്‍ സാധിച്ചത്.

ക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലന്‍ഡാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍. പ്രീക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യന്മാരായ ഇറ്റലിയെ 2-0ന് അട്ടിമറിച്ചാണ് സ്വിറ്റ്സര്‍ലന്‍ഡ് ക്വാര്‍ട്ടറില്‍ എത്തിയിരിക്കുന്നത്.

സ്വിസ് പടയ്ക്കെതിരായ മത്സരത്തിനു മുമ്പ് ഇംഗ്ലണ്ടിനെ വലയ്ക്കുന്ന പ്രധാന പ്രശ്നം സൂപ്പര്‍ താരം ജൂഡ് ബെല്ലിങ്ഗം യുവേഫയുടെ അന്വേഷണം നേരിടുകയാണെന്നതാണ്. പ്രീക്വാര്‍ട്ടറില്‍ സിസര്‍കട്ട് ഗോളിനുശേഷം ബെല്ലിങ്ഗം സ്ലോവാക്യന്‍ സൈഡ് ബെഞ്ചിനുനേരെ അശ്ലീല ആംഗ്യം കാണിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.

ബെല്ലിങ്ഗമിനു വിലക്ക് വരുമോ എന്നതാണ് ഇംഗ്ലണ്ടിന്റെ ആശങ്ക. വിലക്കുവീണാല്‍ മുഖ്യപരിശീലകന്‍ ഗാരെത് സൗത്ത്ഗേറ്റിനു പുതിയ പദ്ധതികള്‍ ഒരുക്കേണ്ടിവരും.

മാത്രമല്ല, സ്ലോവാക്യയ്ക്കെതിരായ മത്സരത്തില്‍ മഞ്ഞക്കാര്‍ഡ് കണ്ട സെന്റര്‍ ഡിഫെന്‍ഡര്‍ മാര്‍ക്ക് ഗുഹി സസ്പെന്‍ഷനിലാണ്. ടൂര്‍ണമെന്റില്‍ ഗുഹിയുടെ രണ്ടാം മഞ്ഞക്കാര്‍ഡ് ആയിരുന്നു അത്. ഈ യൂറോയില്‍ ഇംഗ്ലണ്ടിനായി ഏറ്റവും മികച്ച പ്രകടനം ഇതുവരെ കാഴ്ചവച്ച താരമായിരുന്നു മാര്‍ക്ക് ഗുഹി എന്നതാണ് വാസ്തവം.

ഗുഹിയുടെ അഭാവത്തില്‍ പ്രതിരോധനിരയുടെ അംഗബലം മൂന്നാക്കി ചുരുക്കി ഡിഫെന്‍സീവ് മിഡ്ഫീല്‍ഡിനു കൂടുതല്‍ ഊന്നല്‍ നല്‍കുന്നതാണ് സൗത്ത്ഗേറ്റിന്റെ പരിഗണനയില്‍ ഉള്ളതെന്നാണ് ഇംഗ്ലീഷ് ടീം വൃത്തങ്ങളില്‍ നിന്നുള്ള സൂചന.

അതേസമയം, ജൂഡ് ബെല്ലിങ്ഗമിനു വിലക്ക് വീണേക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്. അഞ്ചക്ക സംഖ്യയിലുള്ള പിഴചുമത്തി ബെല്ലിങ്ഹമിനെ വിലക്കില്‍നിന്ന് ഒഴിവാക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ബെല്ലിങ്ഗമിനെയും ഫില്‍ ഫോഡനെയും ഒന്നിച്ച് ആക്രമണത്തില്‍ ഉപയോഗിക്കാനും സൗത്ത്ഗേറ്റ് പദ്ധതയിടുന്നതായും റിപ്പോര്‍ട്ടുണ്ട്.

ബെല്ലിങ്ഗമിനു മുന്നിലായാണ് ഫോഡനെ സൗത്ത്ഗേറ്റ് അണിനിരത്തിയിരിക്കുന്നത്. മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ലെഫ്റ്റ് വിംഗര്‍ പൊസിഷനിലായിരുന്നു ഫോഡന്‍ കഴിഞ്ഞ സീസണില്‍ തിളങ്ങിയത്. ഇംഗ്ലീഷ് ടീമിലേക്ക് എത്തിയപ്പോള്‍ മൂന്ന് മുന്നേറ്റനിരയില്‍ ഒരാളായി മാറ്റപ്പെട്ടു.

അതുകൊണ്ടുതന്നെ ലീഗ് റൗണ്ടില്‍ ചങ്ങലയ്ക്കിട്ടതുപോലെയായിരുന്നു ഫോഡന്‍ യൂറോയില്‍ ഇതുവരെ കളിച്ചത്. പ്രീക്വാര്‍ട്ടറില്‍ ബെല്ലിങ്ഗമിന് ഒപ്പം ഫ്രീ ലെഫ്റ്റ് വിംഗ് പൊസിഷനിലാണ് ഫോഡനെ സൗത്ത്ഗേറ്റ് ഉപയോഗിച്ചതെന്നതുംശ്രദ്ധേയം.

Related Articles

Back to top button