FootballISL

തരംതാഴ്ത്തല്‍ ഉണ്ടായിരുന്നെങ്കില്‍ ആ പരിപാടി നടക്കില്ല; വ്യക്തമാക്കി വുക്കുമനോവിച്ച്

തുടക്കത്തിലെ മോശം പ്രകടനത്തിനു ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്ലില്‍ താളം കണ്ടെത്തിയിരിക്കുകയാണ്. ഗോളടിക്കാന്‍ ബുദ്ധിമുട്ടിയ ആദ്യ മല്‍സരങ്ങള്‍ക്കു ശേഷം ഗ്രീക്ക് താരം ദിമിത്രിയോസും ഫോമിലെത്തിയത് കോച്ച് ഇവാന്‍ വുക്കുമനോവിച്ചിനും ആശ്വാസമായിട്ടുണ്ട്. അവസാനം കളിച്ച നാലിലും ഗോള്‍ നേടിയ ദിമിത്രിയോസും ഇവാന്‍ കല്‍യൂഷ്‌നിയുമൊക്കെ തകര്‍ത്തു കളിക്കുമ്പോള്‍ ആരാധകരും ആവേശത്തിലാണ്.

ഇപ്പോഴിതാ കോച്ച് ഇവാന്‍ വുക്കുമനോവിച്ചിന്റെ ഒരു പ്രസ്താവനയാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ലീഗില്‍ തരംതാഴ്ത്തല്‍ ഉണ്ടായിരുന്നെങ്കില്‍ അതു കൂടുതല്‍ ഗുണം ചെയ്‌തേനെയെന്നാണ് കോച്ചിന്റെ വിലയിരുത്തല്‍. മറ്റ് ടീമുകള്‍ തരംതാഴ്ത്തലിനെതിരേ രംഗത്തു വരുമ്പോഴാണ് ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ധൈര്യപൂര്‍വം തരംതാഴ്ത്തല്‍ വേണമെന്ന് പറയുന്നത്.

കോച്ചിന്റെ അഭിപ്രായത്തില്‍ തരംതാഴ്ത്തല്‍ ഉണ്ടായിരുന്നെങ്കില്‍ ലീഗ് കുറച്ചുകൂടി ആവേശത്തിലായേനെ. ഇപ്പോള്‍ യാതൊരു സമ്മര്‍ദവുമില്ലാതെയാണ് ടീമുകള്‍ കളിക്കുന്നത്. കാരണം, തരംതാഴ്ത്തല്‍ എന്ന ഭീഷണി അവരെ തുറിച്ചു നോക്കുന്നില്ല.

റെലെഗേഷന്‍ ഉണ്ടെന്നത് ക്ലബുകള്‍ക്ക് അവസാന നിമിഷം വരെ പോരാടാനുള്ള ഊര്‍ജം പകരുന്നു. കാരണം തരംതാഴ്ത്തലില്‍ നിന്ന് രക്ഷപ്പെടാനുള്ള ജാഗ്രത തന്നെ കാരണമെന്ന് കോച്ച് പറയുന്നു. കൂടുതല്‍ ദൈര്‍ഘ്യമുള്ള ലീഗ് വരുമ്പോള്‍ ഐഎസ്എല്‍ കൂടുതല്‍ ഉയരങ്ങളിലെത്തുമെന്നും ഇവാന്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഞായറാഴ്ച്ച ബെംഗളൂരു എഫ്‌സിക്കെതിരേയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മല്‍സരം. നിലവില്‍ 8 കളിയില്‍ നിന്ന് 15 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാം സ്ഥാനത്താണ്. 8 കളിയില്‍ വെറും 7 പോയിന്റുമായി ബെംഗളൂരു ഡെയ്ഞ്ചര്‍ സോണിലുമാണ്.

Related Articles

Back to top button