Cricket

ഒരൊറ്റ ഞെട്ടിക്കലില്‍ നെതര്‍ലന്‍ഡ്‌സിന് അടിച്ചത് വന്‍ ലോട്ടറി!!

ഐസിസി ട്വന്റി-20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മടക്കടിക്കറ്റും പാക്കിസ്ഥാന് അപ്രതീക്ഷിത സെമി ബര്‍ത്തും സമ്മാനിച്ച നെതര്‍ലന്‍ഡ്‌സ് ഏവരെയും വിസ്മയിപ്പിച്ചിരിക്കുകയാണ്. വെറും ഒരൊറ്റ ദിവസം കൊണ്ട് മറ്റൊരു ലോട്ടറിയും അവര്‍ക്ക് കൈവന്നു. 2024 ലോകകപ്പിന് നേരിട്ട് യോഗ്യത നേടുകയെന്ന നേട്ടമാണ് അവര്‍ കൈവരിച്ചത്.

ബംഗ്ലാദേശ് പാക്കിസ്ഥാനോട് തോറ്റതോടെയാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ജയത്തിന്റെ ആനുകൂല്യം ഡച്ചുകാര്‍ക്ക് അമേരിക്കയിലും വിന്‍ഡീസിലുമായി നടക്കുന്ന ലോകകപ്പിലേക്ക് വഴിയൊരുക്കിയത്. ഈ ലോകകപ്പിലെ ആദ്യ എട്ടു സ്ഥാനക്കാര്‍ക്കാണ് അടുത്ത ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത കിട്ടിയത്. ഗ്രൂപ്പ് രണ്ടില്‍ നാലാം സ്ഥാനക്കാരായിട്ടാണ് ഓറഞ്ചുകാര്‍ യോഗ്യത ഉറപ്പിച്ചത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന മല്‍സരം തുടങ്ങും മുമ്പ് അവസാന സ്ഥാനത്തായിരുന്നു ഡച്ചുകാര്‍. എന്നാല്‍ അപ്രതീക്ഷിത ജയത്തോടെ ഡച്ചുകാര്‍ നാലാം സ്ഥാനത്തായി. ബംഗ്ലാദേശ് പാക്കിസ്ഥാനെ തോല്‍പ്പിച്ചിരുന്നെങ്കില്‍ ഡച്ചുകാര്‍ അഞ്ചാം സ്ഥാനത്തേക്ക് പോകുമായിരുന്നു. തങ്ങള്‍ക്ക് ജീവന്‍ നല്‍കിയ ഡച്ചുകാര്‍ പാക്കിസ്ഥാന്‍ ജയത്തോടെ തിരികെ നന്ദി അര്‍പ്പിച്ചു.

പാക് ജയത്തോടെ ഡച്ചുകാര്‍ നാലാം സ്ഥാനക്കാരായി അടുത്ത ലോകകപ്പിലേക്ക് എത്തി. സിംബാബ്‌വെയ്ക്ക് ഇനി അടുത്ത വര്‍ഷം ആഫ്രിക്കയില്‍ യോഗ്യതറൗണ്ട് കളിക്കണം. അടുത്ത ലോകകപ്പില്‍ 20 ടീമുകളാകും കളിക്കുക. യോഗ്യത ഇതുവരെ നേടിയ ടീമുകള്‍- വെസ്റ്റ് ഇന്‍ഡീസ്, യുഎസ്എ, ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, പാക്കിസ്ഥാന്‍, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക, നെതര്‍ലന്‍ഡ്‌സ്, ബംഗ്ലാദേശ്.

Related Articles

Back to top button