Football

യൂറോയില്‍ റൊണാള്‍ഡോ റിക്കാര്‍ഡുകളുടെ കളിത്തോഴന്‍ !! അറിയാം സിആര്‍7ന്റെ യൂറോ റിക്കാര്‍ഡ് കണക്ക്…

യുവേഫ യൂറോ കപ്പില്‍ പോര്‍ച്ചുഗല്‍ ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പേരില്‍ എത്ര റിക്കാര്‍ഡ് ഉണ്ട്…? ഒരുപക്ഷേ, കടുത്ത റൊണാള്‍ഡോ ആരാധകര്‍ക്കുപോലും ഈ കണക്ക് കൃത്യമായി അറിയില്ലായിരിക്കാം…

2024 യൂറോ ഗ്രൂപ്പ് എഫില്‍ പോര്‍ച്ചുഗലിന്റെ രണ്ടാം മത്സരത്തില്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഗോളിന് അസിസ്റ്റ് നടത്തിയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഏറ്റവും അവസാനമായി റിക്കാര്‍ഡ് ബുക്കില്‍ ഇടംപിടിച്ചത്. യൂറോ കപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റ് നടത്തുന്നതിന്റെ റിക്കാര്‍ഡിനൊപ്പം റൊണാള്‍ഡോ എത്തിയ മത്സരമായിരുന്നു തുര്‍ക്കിക്ക് എതിരായത്.

ഈ യൂറോ കപ്പില്‍ ഒരു ഗോള്‍ നേടിയാല്‍ യുവേഫ യൂറോ കപ്പ് ചരിത്രത്തില്‍ വലകുലുക്കുന്ന ഏറ്റവും പ്രായമുള്ള കളിക്കാരന്‍ എന്ന റിക്കാര്‍ഡിലും സിആര്‍7ന് എത്താം എന്നതും വാസ്തവം. എങ്കിലും നിലവില്‍ യൂറോ കപ്പുമായി ബന്ധപ്പെട്ട് 10 റിക്കാര്‍ഡുകള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പേരിലുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം…

1. ഏറ്റവും കൂടുതല്‍ ഗോള്‍: രാജ്യാന്തര ഫുട്ബോളിലെ ഏറ്റവും കൂടുതല്‍ ഗോള്‍ നേട്ടക്കാരനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് യൂറോ കപ്പിലെ എക്കാലത്തെയും ടോപ് സ്‌കോറര്‍. യൂറോയില്‍ തന്റെ അരങ്ങേറ്റ മത്സരത്തില്‍ (2004) ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോള്‍ നേടി. യൂറോയില്‍ ഇതുവരെ 14 ഗോള്‍ സിആര്‍7ന്റെ പേരിലുണ്ട്.

2. ഏറ്റവും കൂടുതല്‍ മത്സരം: യൂറോ കപ്പില്‍ ഇതുവരെ 27 മത്സരങ്ങള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിച്ചു. യൂറോ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ചതിന്റെ റിക്കാര്‍ഡ് 2024 ചാമ്പ്യന്‍ഷിപ്പില്‍ പോര്‍ച്ചുഗലിന്റെ പ്രയാണമനുസരിച്ച് റൊണാള്‍ഡോ പുതുക്കും.

3. ഏറ്റവും കൂടുതല്‍ ടൂര്‍ണമെന്റ്: 2024 യൂറോ കപ്പ് റൊണാള്‍ഡോയുടെ ആറാം യൂറോ കപ്പ് ടൂര്‍ണമെന്റാണ്. ഏറ്റവും കൂടുതല്‍ യൂറോ ടൂര്‍ണമെന്റ് കളിച്ച റിക്കാര്‍ഡ് ഈ സീസണോടെ റൊണാള്‍ഡോ സ്വന്തമാക്കി.

4. ഏറ്റവും കൂടുതല്‍ അസിസ്റ്റ്: യൂറോ കപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ അസിസ്റ്റ് എന്ന റിക്കാര്‍ഡും സിആര്‍7ന്റെ പേരില്‍. തുര്‍ക്കിക്ക് എതിരേ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഗോളിന് അസിസ്റ്റ് നടത്തിയതോടെ യൂറോയില്‍ റൊണാള്‍ഡോയുടെ അസിസ്റ്റ് എണ്ണം എട്ട് ആയി.

5. ഏറ്റവും കൂടുതല്‍ ചാന്‍സ്: യൂറോ കപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ചാന്‍സ് സൃഷ്ടിച്ചതിന്റെ റിക്കാര്‍ഡും ക്രിസ്റ്റ്യാനോയുടെ പേരില്‍. യൂറോയില്‍ ഇതുവരെ 47 ചാന്‍സ് ക്രിസ്റ്റ്യാനോ സൃഷ്ടിച്ചിട്ടുണ്ട്.

6. ഏറ്റവും കൂടുതല്‍ ഷോട്ട്: യൂറോ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഷോട്ട് പായിച്ചതിന്റെ റിക്കാര്‍ഡും റൊണാള്‍ഡോയ്ക്ക് സ്വന്തം. 106 ഷോട്ട് യൂറോ കപ്പില്‍ റൊണാള്‍ഡോ പായിച്ചു. 13.01 ശതമാനമാണ് ഗോള്‍ കണ്‍വേര്‍ഷന്‍ റേറ്റ്.

7. ഏറ്റവും കൂടുതല്‍ ജയം: യുവേഫ യൂറോ കപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ജയമെന്ന റിക്കാര്‍ഡും സിആര്‍7നു സ്വന്തം. 2004 യൂറോ കപ്പ് മുതല്‍ ഇന്നുവരെയായി 14 ജയത്തില്‍ ക്രിസ്റ്റ്യാനോ പങ്കാളിയാണ്.

8. ഏറ്റവും കൂടുതല്‍ തവണ ക്യാപ്റ്റന്‍: യുവേഫ യൂറോ കപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ക്യാപ്റ്റനായതിന്റെ റിക്കാര്‍ഡും റൊണാള്‍ഡോയ്ക്കു സ്വന്തം. ഇതുവരെയായി 18 യൂറോ മത്സരങ്ങളില്‍ റൊണാള്‍ഡോ പോര്‍ച്ചുഗല്‍ ക്യാപ്റ്റനായിട്ടുണ്ട്. 2024 യൂറോ അവസാനിക്കുമ്പോള്‍ ഈ എണ്ണത്തില്‍ മാറ്റം വരുമെന്നുറപ്പ്.

9. ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ ഗോള്‍: യൂറോ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ചതിന്റെയും ഗോള്‍ നേടിയതിന്റെയും റിക്കാര്‍ഡുള്ള റൊണാള്‍ഡോയുടെ പേരിലാണ് ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ ഗോള്‍ നേടിയതിന്റെയും റിക്കാര്‍ഡ്. യൂറോയില്‍ 10 മത്സരങ്ങളില്‍ റൊണാള്‍ഡോ ഗോള്‍ നേടി. 2024 യൂറോ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങളിലും റൊണാള്‍ഡോയ്ക്ക് ഗോളില്ല.

10. ഏറ്റവും കൂടുതല്‍ ടൂര്‍ണമെന്റില്‍ ഗോള്‍: യൂറോ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ടൂര്‍ണമെന്റ് കളിച്ച റൊണാള്‍ഡോയുടെ പേരിലാണ് ഏറ്റവും കൂടുതല്‍ ടൂര്‍ണമെന്റില്‍ ഗോള്‍ നേടിയതിന്റെയും റിക്കാര്‍ഡ്. അഞ്ച് യൂറോ കപ്പ് ടൂര്‍ണമെന്റില്‍ റൊണാള്‍ഡോ ഗോള്‍ നേടി. 2024 യൂറോയിലും ഗോള്‍ നേടിയാല്‍ ഈ റിക്കാര്‍ഡും ക്രിസ്റ്റ്യാനോപുതുക്കും

Related Articles

Back to top button