Football

കൊതിക്കെറുവ്; സ്പെയിനിന്റെ പുറത്താകല്‍ ആഘോഷിച്ച് ഡേവിഡ് ഹെയ!

കൊതിക്കെറുവ്, കൊതിക്കെറുവ് എന്നു കേട്ടിട്ടില്ലേ, ആഗ്രഹിച്ചത് കിട്ടാത്തതിലുള്ള അമര്‍ഷം മറ്റൊരു തരത്തില്‍ പ്രകടിപ്പിക്കുന്ന പരിപാടി… കൊതിക്കെറുവും കളിയാക്കലും എല്ലാം ചേര്‍ന്ന ഒരു സോഷ്യല്‍ മീഡിയ പ്രതികരണം സ്പാനിഷുകാരനായ ഗോളി ഡേവിഡ് ഡെ ഹെയ നടത്തി.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഒന്നാം നമ്പര്‍ ഗോളിയാണ് ഡേവിഡ് ഡെ ഹെയ. ഖത്തര്‍ ലോകകപ്പ് ഫുട്ബോള്‍ പ്രീക്വാര്‍ട്ടറില്‍ സ്പെയിന്‍ പുറത്തായതിനു പിന്നാലെ ചിരിക്കുന്ന തന്റെ ചിത്രം ഡേവിഡ് ഡെ ഹെയ പങ്കുവച്ചു. സ്പെയിന്‍ പുറത്തായതിലുള്ള സന്തോഷം നിറഞ്ഞ ചിരിയായാണ് ഇതിനെ ഫുട്ബോള്‍ നിരീക്ഷകര്‍ വിശേഷിപ്പിച്ചത്.

അതില്‍ കാര്യമുണ്ടുതാനും. കാരണം, ഡേവിഡ് ഡെ ഹെയയെ ഒഴിവാക്കിയാണ് പരിശീലകന്‍ ലൂയിസ് എന്‍ റിക്വെ സ്പാനിഷ് ടീമിനെ ഖത്തര്‍ ലോകകപ്പിനു കൊണ്ടുപോയത്. ഡേവിഡ് ഡെ ഹെയയെ ഒഴിവാക്കിയത് വന്‍ ശ്രദ്ധ നേടുകയും പലകോണുകളില്‍നിന്ന് ചോദ്യം ഉയരുകയും ചെയ്തു. ഡേവിഡ് ഡെ ഹെയ, സെര്‍ജിയൊ റാമോസ് എന്നിവരെ തഴഞ്ഞതിനെ കുറിച്ച് ചോദിച്ചപ്പോള്‍ എന്‍ റിക്വെ പറഞ്ഞത് ഇങ്ങനെയായിരുന്നു: എന്റെ ലോകകപ്പ് പദ്ധതിയില്‍ ഉള്ളവരെയാണ് ഞാന്‍ ടീമില്‍ എടുത്തത്.

ഏതായാലും ലൂയിസ് എന്‍ റിക്വെയുടെ ലോകകപ്പ് പദ്ധതിയില്‍ ഇല്ലാത്ത ഡേവിഡ് ഡെ ഹെയയ്ക്ക് ചിരിനിര്‍ത്താനാകുന്നില്ല എന്നാണ് ശ്രുതി. പ്രീക്വാര്‍ട്ടറില്‍ മൊറോക്കോയോട് പെനല്‍റ്റി ഷൂട്ടൗട്ടില്‍ 3-0ന് പരാജയപ്പെട്ട് സ്പെയിന്‍ അപ്രതീക്ഷിതമായി പുറത്തായി. നിശ്ചിത സമയത്തും അധികസമയത്തും ഗോള്‍ രഹിത സമനിലയായതോടെ ആയിരുന്നു മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

ഒരു സ്പാനിഷ് താരത്തിനുപോലും പെനല്‍റ്റി ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല എന്നതും ശ്രദ്ധേയം. ഡേവിഡ് ഡെ ഹെയയെ ഒഴിവാക്കിയ എന്‍ റിക്വെ, ബ്രൈറ്റണിന്റെ റോബര്‍ട്ട് സാഞ്ചസ്, ബ്രെന്റ്ഫോഡിന്റെ ഡേവിഡ് റയ, അത്ലറ്റിക് ബില്‍ബാവോയുടെ ഉനയ് സിമോണ്‍ എന്നിവരെയാണ് ലോകകപ്പ് ടീമില്‍ ഗോളിമാരായി ഉള്‍പ്പെടുത്തിയത്.

ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് ഇയിലെ ആദ്യ മത്സരത്തില്‍ 7-0ന് കോസ്റ്റാറിക്കയെ തകര്‍ത്ത് വന്‍ ഹൈപ്പില്‍ ആയിരുന്നു സ്പെയിന്‍ പോരാട്ടം ആരംഭിച്ചത്. എന്നാല്‍, പിന്നീട് ജര്‍മനിയോട് 1-1 സമനില വഴങ്ങുകയും അവസാന മത്സരത്തില്‍ ജപ്പാനു മുന്നില്‍ 2-1നു തോല്‍ക്കുകയും ചെയ്തു.

ഗോള്‍ വ്യത്യാസത്തിന്റെ അടിസ്ഥാനത്തില്‍ ഗ്രൂപ്പിലെ രണ്ടാം സ്ഥാനത്തോടെമാത്രമായിരുന്നു സ്പെയിന്‍ പ്രീക്വാര്‍ട്ടറില്‍ കടന്നത്. ജര്‍മനിയെയും സ്പെയിനിനെയും അട്ടിമറിച്ച ജപ്പാനായിരുന്നു ഗ്രൂപ്പ് ചാമ്പ്യന്‍. ഏതായാലും പ്രീക്വാര്‍ട്ടര്‍ കഴിഞ്ഞപ്പോള്‍ ജപ്പാനും സ്പെയിനും പുറത്തായി.

Related Articles

Back to top button