Football

21 സെക്കന്റില്‍ ഇറ്റലിയുടെ ഹൃദയം പിളര്‍ന്ന ചരിത്ര ഗോള്‍

ഫസ്റ്റ് ടച്ച് വിസില്‍ മുഴങ്ങി സെക്കന്റുകള്‍ക്കുള്ളില്‍ ഡെഡ് ലോക്ക് അഴിഞ്ഞു വീഴുന്നത് ഫുട്‌ബോളില്‍ അസാധാരണമല്ലെങ്കിലും യൂറോ ചരിത്രത്തില്‍ അതും സെറ്റ്പീസില്‍ ഇത്ര വേഗത്തിലൊരു ഗോള്‍ മുന്‍പ് ഉണ്ടായിട്ടില്ല. അതും വെറും 21 സെക്കന്‍ഡിനുള്ളില്‍. അടിച്ചതാരാണെന്നും ആര്‍ക്കെതിരെ എന്നതാണ് ആ ഗോളിനെ ഇത്രയേറെ ചര്‍ച്ചയാക്കുന്നത്. നിലവിലെ യുറോപ്യന്‍ ചാമ്പ്യന്മാരായ ഇറ്റലിക്കെതിരെ ഫിഫാ റാങ്കിങില്‍ 66 സ്ഥാനത്തുള്ള അല്‍ബേനിയ.

യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ ഗ്രൂപ്പ് ബി മത്സരത്തിലാണ് യുറോയുടെ ചരിത്രത്തിലെ ആ വേഗമേറിയ ഗോള്‍ പിറന്നത്. ഇറ്റലിയുടെ കോര്‍ട്ടില്‍ അല്‍ബേനിയയ്ക്ക് ലഭിച്ച ത്രോ അവരുടെ പത്താം നമ്പര്‍ താരം നെഡിം ബജ്റാമിയാണ് ഗോളാക്കിയത്. ത്രോ സ്വീകരിച്ച ബജ്‌റാമി പന്തുമായി വെട്ടിത്തിരിഞ്ഞ് മുന്നേറുമ്പോള്‍ ഇറ്റലിയുടെ പ്രതിരോധ നിരയില്‍ രണ്ട് പേര്‍ മാത്രം.

റിക്കാര്‍ഡോ കാലഫിയോറിയെ നിഷ്പ്രയാസം ട്രിബിള്‍ ചെയ്ത് പന്ത് ഗോള്‍വലയിലേക്ക് എത്തിക്കുമ്പോള്‍ ഇറ്റലിയുടെ ഇതിഹാസ ഗോള്‍കീപ്പര്‍ ജിയാന്‍ലൂജി ഡോണാരുമ ഒന്നു ചെയ്യാനാകാതെ നോക്കി നില്‍ക്കുകയായിരുന്നു. ഇത്ര വേഗത്തിലൊരു ഗോള്‍ ഡോണാരുമ മാത്രമല്ല ഇറ്റാലിയന്‍ ക്യാമ്പില്‍ ആരും തന്നെ പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല.

അധികം വൈകിയില്ല 11-ാം മിനിറ്റില്‍ ഇറ്റലിയുടെ പ്രതിരോധ താരം അലസ്സാന്‍ഡ്രോ ബാസ്റ്റോണി ഗോള്‍ മടക്കിയതോടെ സ്‌കോര്‍ബോര്‍ഡില്‍ 1-1. ഈ നിലയ്ക്ക് അധിക ആയുസ് ഉണ്ടായിരുന്നില്ല. കൃത്യം അഞ്ച് മിനിറ്റ് മാത്രം നിക്കോളോ ബരെല്ലയുടെ കാലില്‍ നിന്നും ഇറ്റലിയുടെ രണ്ടാമത്തെ ഗോളും പിറന്നു. പിന്നീടങ്ങോട്ടുള്ള 80 മിനിറ്റ് സമയം അറ്റാക്കും കൗണ്ടര്‍ അറ്റാക്കുമായി ഒരു ഇറ്റാലിയന്‍ അര്‍ബേനിയന്‍ യുദ്ധമായിരുന്നു ഡോര്‍മുണ്ടിലെ ബിവിബി സ്‌റ്റേഡിയത്തില്‍ നടന്നത്.

4-3-3 ഫോര്‍മേഷനിലായിരുന്നു ഇറ്റാലിയന്‍ ഗോള്‍കീപ്പര്‍ ലൂസിയാനോ സ്പല്ലെറ്റി ടീമിനെ അണിനിരത്തിയത്. മത്സരത്തിന്റെ നിറം മാറുന്നതിനനുസരിച്ച് ഫോര്‍മേഷനിലും മാറ്റം വരുത്തിക്കൊണ്ടിരുന്നു. ആദ്യം 4-1-4-1 ലും പിന്നീട് 4-4-2 ഫോര്‍മേഷനിലേക്കും ഒടുവില്‍ 4-3-3 ഫോര്‍മേഷനിലേക്കും താരങ്ങളെ മാറി മാറി പരീക്ഷിച്ചു. അല്‍ബേനിയ ആകട്ടെ തുടക്കത്തില്‍ 4-3-3 തുടങ്ങി പിന്നീട് 4-2-3-1 ലേക്ക് ലൈനപ്പ് മാറ്റിയാണ് കളി പൂര്‍ത്തിയാക്കിയത്.

ഇറ്റലിയുടെ സര്‍വ്വാധിപത്യമെന്ന് പറയാനാകില്ലെങ്കിലും ബോള്‍ പോസിഷനിലും അറ്റാക്കിങിലും ഇറ്റലി തന്നെയായിരുന്നു മുന്നില്‍. പക്ഷെ അല്‍ബേനിയയും മോശമായിരുന്നില്ല. ഇടയ്‌ക്കൊക്കെ കൗണ്ടര്‍ അറ്റാക്കിങും മികച്ച മുന്നേറ്റങ്ങളുമായി ഇറ്റാലിയന്‍ പ്രതിരോധത്തെ പരീക്ഷിച്ചുകൊണ്ടേയിരുന്നു. ഇറ്റലി 17 ഗോള്‍ ശ്രമങ്ങള്‍ നടത്തിയപ്പോള്‍ അല്‍ബേനിയ എട്ട് തവണ ഇറ്റാലിയന്‍ ഗോള്‍ മുഖത്തേക്ക് പന്തു പായിച്ചു. അല്‍ബേനിയ ഏറ്റവും കൂടുതല്‍ മുന്നേറ്റങ്ങള്‍ നടത്തിയ ഇടത് ഭാഗത്തുകൂടിയാണ്. വലത് വിങ്ങും സെന്റര്‍ പോര്‍ഷനുമായി മുന്നേറ്റത്തിനായി ഇറ്റലി തെരഞ്ഞെടുത്തത്.

Related Articles

Back to top button