Football

ജപ്പാന്റെ ഗ്രൂപ്പില്‍ എന്തും സംഭവിക്കും! ആര്‍ക്കു വേണമെങ്കിലും പ്രീക്വാര്‍ട്ടര്‍ സ്വപ്‌നം കാണാം!!

ഫിഫ ലോകകപ്പിലെ മരണ ഗ്രൂപ്പായി മാറിയിരിക്കുകയാണ് ഇ ഗ്രൂപ്പ്. സ്‌പെയ്‌നും ജപ്പാനും ജര്‍മനിയും കോസ്റ്ററിക്കയും അടങ്ങുന്ന ഗ്രൂപ്പില്‍ ആരും പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചിട്ടുമില്ല. ആരും പുറത്തായിട്ടുമില്ല. അവസാന റൗണ്ട് മല്‍സരങ്ങള്‍ കഴിഞ്ഞാല്‍ മാത്രമേ ആര്‍ക്കൊക്കെ ഖത്തറില്‍ നിന്ന് നേരത്തെ മടങ്ങണമെന്ന കാര്യത്തില്‍ തീരുമാനമാകൂ.

ജപ്പാന്‍ കോസ്റ്ററിക്കയുമായി അപ്രതീക്ഷിത തോല്‍വി വഴങ്ങിയതാണ് എല്ലാം പ്രവചിക്കാന്‍ കഴിയാത്ത രീതിയില്‍ ആക്കി മാറ്റിയത്. ജപ്പാന്‍ ആ മല്‍സരം ജയിച്ചിരുന്നെങ്കില്‍ ജര്‍മനിയും കോസ്റ്ററിക്കയും പുറത്തായേനെ. ഇപ്പോഴത്തെ അവസ്ഥയില്‍ അവസാന മല്‍സരം ജയിച്ചാല്‍ നിലവില്‍ ഒരു പോയിന്റുള്ള ജര്‍മനിക്കും പ്രീക്വാര്‍ട്ടര്‍ സാധ്യത തുറന്നു കിടക്കുന്നു. ഓരോ ടീമിന്റെയും അവസ്ഥ നോക്കാം.

സ്‌പെയ്‌ന്‍

ഗ്രൂപ്പില്‍ ഏറെക്കുറെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചിട്ടുണ്ട് സ്‌പെയ്ന്‍. രണ്ടു കളിയില്‍ നിന്ന് നാലു പോയിന്റിനൊപ്പം ഗോള്‍ ശരാശരിയില്‍ വളരെ മുന്നിലാണ് സ്പാനിഷ് പട. ജപ്പാന്‍ അവസാന മല്‍സരത്തില്‍ സ്‌പെയ്‌നിനെ തോല്‍പ്പിക്കുകയും ജര്‍മനി കോസ്റ്ററിക്കയെ വന്‍ മാര്‍ജിനില്‍ വീഴ്ത്തുകയും ചെയ്താലേ സ്പാനിഷ് സംഘം രണ്ടാം റൗണ്ട് കാണാതെ പുറത്താകൂ. നിലവിലെ സാഹചര്യത്തില്‍ ഇതിനു സാധ്യത കുറവാണ്.

ജപ്പാന്‍

ജര്‍മനിയെ നാണംകെടുത്തി വിട്ട ജപ്പാന് കോസ്റ്ററിക്കയെന്ന ദുര്‍ബല എതിരാളിക്കു മുന്നില്‍ നാണം കെടേണ്ടി വന്നു. ഇതു തന്നെയാണ് ഗ്രൂപ്പ് ഇയില്‍ കാര്യങ്ങള്‍ സങ്കീര്‍ണമാക്കിയത്. ജപ്പാന് ഇനി പ്രീക്വാര്‍ട്ടറില്‍ എത്താന്‍ അടുത്ത കളിയില്‍ ജയം അനിവാര്യമാണ്. ശക്തരായ സ്‌പെയ്‌നിന് എതിരേയാണ് മല്‍സരമെന്നത് അവരുടെ ചങ്കിടിപ്പ് കൂട്ടുന്നു. സമനില വന്നാല്‍ പോലും ജപ്പാന്‍ പുറത്തായേക്കും. സ്വയം വരുത്തിവച്ച വിനയെന്ന് വിശേഷിപ്പിച്ചാലും ചെറുതാകില്ല.

ജര്‍മനിയും കോസ്റ്ററിക്കയും

അസാമാന്യ ഭാഗ്യമുള്ള ടീമെന്ന് ജര്‍മനിയെ വിശേഷിപ്പിക്കാം. കാരണം, രണ്ട് മല്‍സരങ്ങളിലും ജയിക്കാത്തൊരു ടീം ഇത്തവണത്തെ ലോകകപ്പില്‍ നിന്ന് ഇതുവരെ പുറത്തായില്ലെന്നത് തന്നെ കാരണം. ഇപ്പോഴും ജര്‍മനിക്ക് പ്രീക്വാര്‍ട്ടറില്‍ അനായാസം എത്താമെന്ന അവസ്ഥയാണ്. കോസ്റ്ററിക്കയെ അവസാന മല്‍സരത്തില്‍ തോല്‍പ്പിക്കാനായാല്‍ അവര്‍ക്ക് പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാം. എന്നാല്‍ സ്‌പെയ്ന്‍ ജപ്പാനോട് ചെറിയ മാര്‍ജിനില്‍ തോറ്റാല്‍ അതു ജര്‍മനിയുടെ ചീട്ട് കീറിക്കും.

Related Articles

Back to top button