Football

2020 യൂറോ കഴിഞ്ഞപ്പോള്‍ വിരമിക്കാന്‍ തീരുമാനിച്ചു; ഞെട്ടിക്കുന്ന കാരണം വെളിപ്പെടുത്തി എംബാപ്പെ!

പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ- അര്‍ജന്റീനയുടെ ലയണല്‍ മെസി… ഈ രണ്ട് താരങ്ങളായിരുന്നു കഴിഞ്ഞ ഒരു പതിറ്റാണ്ടില്‍ അധികം ലോക ഫുട്ബോളിന്റെ തലവന്മാരയത്. ഇവരുടെ സിംഹാസനങ്ങളിലേക്ക് ഇരിപ്പുറപ്പിക്കാനൊരുങ്ങുന്നവരാണ് ഫ്രാന്‍സിന്റെ കൈലിയന്‍ എംബാപ്പെയും നോര്‍വെയുടെ എര്‍ലിംഗ് ഹാലണ്ടും.

2022 ഫിഫ ഖത്തര്‍ ലോകകപ്പിലേക്ക് എര്‍ലിംഗ് ഹാലണ്ട് എത്തുന്നില്ല. നോര്‍വെയ്ക്ക് ലോകകപ്പ് യോഗ്യത നേടാന്‍ സാധിക്കാതിരുന്നതിനാലാണിത്. 2018 റഷ്യന്‍ ലോകകപ്പ് ജേതാക്കളാണ് കൈലിയന്‍ എംബാപ്പെയും ഫ്രാന്‍സും. ബ്രസീലിന്റെ ഇതിഹാസ താരം പെലെയ്ക്കുശേഷം ലോകകപ്പ് ഫൈനലില്‍ ഗോള്‍ നേടിയ കൗമാരക്കാരന്‍ എന്ന ചരിത്രനേട്ടം 2018 റഷ്യന്‍ ലോകകപ്പില്‍ എംബാപ്പെ സ്വന്തമാക്കിയിരുന്നു.

എന്നാല്‍, ഇപ്പോള്‍ ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തലുമായി 23 കാരനായ കൈലിയന്‍ എംബാപ്പെ രംഗത്തെത്തി. ഖത്തര്‍ ലോകകപ്പിനുള്ള ഫ്രഞ്ച് ടീമിനെ പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു എംബാപ്പെയുടെ വെളിപ്പെടുത്തല്‍. 2020 യുവേഫ യൂറോ കപ്പിന്റെ പിന്നാലെ രാജ്യാന്തര ഫുട്ബോള്‍ ജീവിതം മതിയാക്കാന്‍ തീരുമാനിച്ചതായാണ് കൈലിയന്‍ എംബാപ്പെ ഇപ്പോള്‍ വെളിപ്പെടുത്തിയത്.

യൂറോ കപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലന്‍ഡിന് എതിരായ മത്സരത്തില്‍ പെനല്‍റ്റി ഷൂട്ടൗട്ടിലെ അവസാന കിക്ക് എംബാപ്പെ പാഴാക്കിയിരുന്നു. ഫ്രാന്‍സ് തോറ്റതോടെ എംബാപ്പെയ്ക്ക് നേര്‍ക്ക് ആളുകള്‍ വര്‍ഗീയ വിദ്വേഷം ചൊരിയാന്‍ തുടങ്ങി. വര്‍ണവെറിയില്‍ മനസ് മടുത്തായിരുന്നു 2020 യൂറോ കപ്പിനു ശേഷം വിരമിക്കില്‍ തീരുമാനിച്ചതെന്ന് എംബാപ്പെ വെളിപ്പെടുത്തി.

എന്നെ കുരങ്ങനായി വിശേഷിപ്പിക്കുന്ന ആളുകള്‍ക്കു വേണ്ടി ഫുട്ബോള്‍ കളിക്കേണ്ടെന്ന് ഞാന്‍ തീരുമാനിച്ചു. എന്നെ എപ്പോഴും പിന്തുണയ്ക്കുന്ന ആളുകളമായി ഇക്കാര്യം ഞാന്‍ സംസാരിച്ചപ്പോള്‍ അവര്‍ പിന്തിരിപ്പിച്ചു. ഇക്കാരണംകൊണ്ട് വിരമിച്ചാല്‍ അതു നല്‍കുന്ന സന്ദേശം നല്ലതല്ലെന്ന് തിരിച്ചറിഞ്ഞു. അതുകൊണ്ട് എല്ലാവര്‍ക്കും ഞാന്‍ ഒരു ഉദാഹരണമാകാന്‍ തീരുമാച്ചു- ഇഎസ്പിഎന്നിനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ കൈലിയന്‍ എംബാപ്പെ പറഞ്ഞു.

2017ല്‍ ലക്സംബര്‍ഗിന് എതിരേ ആയിരുന്നു കൈലിയന്‍ എംബാപ്പെയുടെ രാജ്യാന്തര ഫുട്ബോള്‍ അരങ്ങേറ്റം. ഫ്രഞ്ച് ടീമിനായി ഇതുവരെ 59 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞു, 28 ഗോള്‍ സ്വന്തമാക്കി. ദിദിയെ ദേഷാംപ്സ് ഖത്തര്‍ ലോകകപ്പിനായി പ്രഖ്യാപിച്ച 25 അംഗ ഫ്രഞ്ച് ടീമിലെ നിര്‍ണായക സാന്നിധ്യമാണ് കൈലിയന്‍ എംബാപ്പെ. എന്‍ഗോളൊ കാന്റെ, പോള്‍ പോഗ്ബ എന്നീ മധ്യനിര സൂപ്പര്‍ താരങ്ങള്‍ പരിക്കേറ്റ് ഫ്രഞ്ച് ടീമില്‍നിന്ന് പുറത്താണ്. ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ബാലന്‍ ദി ഓര്‍ ജേതാവായ കരിം ബെന്‍സെമയ്ക്ക് ചെറിയ പരിക്കുണ്ട്.

ഖത്തര്‍ ലോകകപ്പില്‍ കിരീട സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമുകളില്‍ ഒന്നാണ് ഫ്രാന്‍സ്. ഗ്രൂപ്പ് ഡിയില്‍ ഡെന്മാര്‍ക്ക്, ഓസ്ട്രേലിയ, ടുണീഷ്യ ടീമുകള്‍ക്ക് ഒപ്പമാണ് ഫ്രാന്‍സ് ഉള്ളത്. ഇന്ത്യന്‍ സമയം 22 രാത്രി 12.30ന് ഓസ്ട്രേലിയയ്ക്ക് എതിരേയാണ് ഖത്തര്‍ ലോകകപ്പില്‍ ഫ്രാന്‍സിന്റെ ആദ്യ മത്സരം.

Related Articles

Back to top button