ISL

അന്ന് മുംബൈ, ഇന്ന് ഗോവ; വ്യത്യാസമില്ലാതെ വുക്കുമനോവിച്ച് ഗ്യാംഗ്!

ഓര്‍മയുണ്ടോ കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് മുംബൈ സിറ്റിക്കെതിരേ കളിച്ച മല്‍സരവും അതിനു ശേഷം ടീമിന്റെ പോക്ക് പോലും വല്ലാത്ത രീതിയിലായതും. അത്തരമൊരു ദിശ മാറ്റുന്ന മല്‍സരമായി ഗോവയ്‌ക്കെതിരായ ഇന്നത്തെ പോരാട്ടത്തെ വിശേഷിപ്പിക്കാം. രണ്ടു തവണയും ആരാധകര്‍ പോലും അവിശ്വസിച്ചു തുടങ്ങിയിടത്തു നിന്നാണ് ഇവാന്‍ വുക്കുമനോവിച്ചും സംഘവും തിരിച്ചടിച്ച് കരുത്തുകാട്ടിയത്.

കഴിഞ്ഞ സീസണില്‍ ഒരിടത്തും എത്തില്ലെന്നതിന്റെ സൂചനകള്‍ കാട്ടിയ സമയത്താണ് ബ്ലാസ്‌റ്റേഴ്‌സ് മുംബൈ സിറ്റിയെ നേരിടുന്നത്. അന്നൊരു ഡിസംബര്‍ 19 ആയിരുന്നു. ഈ ലേഖനം എഴുതുന്ന സ്‌പോര്‍ട്‌സ് ക്യൂ ലേഖകന്‍ ഉള്‍പ്പെടെ പോലും ബ്ലാസ്‌റ്റേഴ്‌സിനെ ഒരുവേളയെങ്കിലും അവിശ്വസിച്ച് തുടങ്ങിയെന്ന് പറഞ്ഞാല്‍ തെറ്റു പറയേണ്ടതില്ല. അന്ന് തകര്‍പ്പന്‍ ഫോമിലായിരുന്ന മുംബൈയെ എതിരില്ലാത്ത 3 ഗോളിന് തകര്‍ത്ത ബ്ലാസ്‌റ്റേഴ്‌സ് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

ഇത്തവണയും നോക്കൂ, ജയിച്ചതിനേക്കാള്‍ ദയനീമായി കളിച്ചാണ് ഗോവയ്‌ക്കെതിരേ ഇവാന്റെ സംഘം വന്നത്. ഗോവയാകട്ടെ നാലില്‍ മൂന്നിലും ജയിച്ച് രാജകീയരായിട്ടായിരുന്നു കൊച്ചിയില്‍ കാലുകുത്തിയത്.

എന്നാല്‍ നാല്‍പത്തിരണ്ടാം മിനിറ്റില്‍ പിഴച്ചു തുടങ്ങിയ അവര്‍ക്ക് പിന്നീട് എല്ലാം പിഴയ്ക്കുകയായിരുന്നു. ഗോവയെ കാത്തിരിക്കുന്നത് കഴിഞ്ഞ സീസണില്‍ മുംബൈയ്‌ക്കെ സംഭവിച്ചതാണോ എന്ന കാര്യത്തില്‍ കാലമാണ് ഉത്തരം നല്‍കേണ്ടത്.

നിര്‍ണായക സമയത്ത് ടീം ഫോമിലേക്ക് ഉയരുന്നത് കോച്ചിനും മാനേജ്‌മെന്റിനും വലിയ ആശ്വാസം തന്നെയാണ് നല്‍കുക. കഴിഞ്ഞ ദിവസം ബ്ലാസ്‌റ്റേഴ്‌സ് ഉടമകള്‍ ടീമംഗങ്ങളുമായി കൂടുതല്‍ നേരം സംസാരിച്ചു. നിഖില്‍ പ്രസാദിന്റെ വാക്കുകള്‍ അടക്കം ടീമിന്റെ ഉയിര്‍ത്തെണീല്‍പ്പിന് കാരണമായിട്ടുണ്ടെന്ന് തീര്‍ച്ചയായും ഉറപ്പിച്ചു പറയാനാകും.

ഇനിയുള്ള മല്‍സരങ്ങളില്‍ ടീമിനും ആരാധകര്‍ക്കും ഈ ജയം നല്‍കുന്ന ഊര്‍ജ്ജം അത്ര ചെറുതാകില്ല. പ്രത്യേകിച്ച് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള സ്ഥലങ്ങളില്‍ നിന്ന് ഈ 90 മിനിറ്റിനായി കൊച്ചിയിലെത്തി ചേരുന്ന ആയിരക്കണക്കിന് ആരാധകര്‍ക്ക്. എന്തായാലും ഈ ജയം ഉയിര്‍ത്തെണീല്‍പ്പെന്ന് ഉറപ്പായും പറയാനാകും. അങ്ങനെ സംഭവിക്കട്ടെ.

Related Articles

Back to top button