Football

എന്റിക്വെയും പ്രവചിക്കുന്നു ലോകകപ്പ് അര്‍ജന്റീനയ്ക്ക്…!

ഫിഫ 2022 ഖത്തര്‍ ലോകകപ്പിലെ ഹോട്ട് ഫേവറിറ്റുകള്‍ എന്ന സീറ്റില്‍ ഇപ്പോള്‍ ഉള്ളത് സൂപ്പര്‍ താരം ലയണല്‍ മെസിയുടെ അര്‍ജന്റീന മാത്രം. കാരണം, പ്രവചനങ്ങളില്‍ എല്ലാവരും സാധ്യത കല്‍പ്പിക്കുന്നത് അര്‍ജന്റീന ലോകകപ്പ് നേടും എന്നാണ്. ഏറ്റവും ഒടുവില്‍ 2022 ഖത്തര്‍ ലോകകപ്പ് കിരീടം പ്രവചിച്ചിരിക്കുന്നത് സ്പാനിഷ് മുഖ്യപരിശീലകനായ ലൂയിസ് എന്റിക്വെ ആണ്. എന്റിക്വെ പരിശീലിപ്പിക്കുന്ന സ്പെയിന്‍ ലോകകപ്പിന് എത്തുന്നുണ്ട് എന്നതും ശ്രദ്ധേയം.

ഫിഫ 2022 ലോകകപ്പ് പോരാട്ടത്തിനായി ഖത്തറില്‍ എത്തിയ ലൂയിസ് എന്‍ റിക്വെയുടെ വാക്കുകള്‍ ഇങ്ങനെ: സ്പെയ്ന്‍ ലോകകപ്പ് ജയിക്കില്ലെങ്കില്‍, അത് അര്‍ജന്റീന സ്വന്തമാക്കും. മാഡ്രിഡ് സോണിനോടാണ് ലൂയിസ് എന്‍ റിക്വെ ഇങ്ങനെ പ്രതികരിച്ചത്. ഇംഗ്ലീഷ് മുന്‍ താരം വെയ്ന്‍ റൂണി അടക്കമുള്ള പ്രമുഖരും ലയണല്‍ മെസിയും അര്‍ജന്റീനയും ഖത്തര്‍ ലോകകപ്പ് സ്വന്തമാക്കും എന്ന് മുമ്പ് പ്രവചിച്ചിരുന്നു.

സ്പാനിഷ് ലാ ലിഗയില്‍ ലയണല്‍ മെസിയുടെ മുന്‍ ക്ലബ്ബായ ബാഴ്സലോണയുടെ മുഖ്യപരിശീലകനായിരുന്നു എന്‍ റിക്വെ. മെസി ലോകകപ്പ് നേടാന്‍ എന്തുകൊണ്ടും അര്‍ഹനാണെന്നും എന്‍ റിക്വെ പറഞ്ഞു. തുടര്‍ച്ചയായി 36 മത്സരങ്ങളില്‍ തോല്‍വി അറിയാതെയാണ് ലയണല്‍ മെസിയുടെ അര്‍ജന്റീന ഖത്തര്‍ ലോകകപ്പിന് എത്തിയിരിക്കുന്നത്.

2019 കോപ്പ അമേരിക്കയുടെ സെമിയില്‍ ബ്രസീലിനോട് തോല്‍വി വഴങ്ങിയശേഷം അര്‍ജന്റീന ഇതുവരെ പരാജയം രുചിച്ചിട്ടില്ല. 37 മത്സരങ്ങളില്‍ തുടര്‍ച്ചയായി അപരാജിത കുതിപ്പ് നടത്തിയ ഇറ്റലിയുടെ ലോക റിക്കാര്‍ഡ് തകര്‍ക്കാനുള്ള തയാറെടുപ്പിലാണ് അര്‍ജന്റീന.

ലോകകപ്പില്‍ ഗ്രൂപ്പ് സിയില്‍ സൗദി അറേബ്യ, മെക്സിക്കൊ, പോളണ്ട് ടീമുകള്‍ക്ക് ഒപ്പമാണ് അര്‍ജന്റീന. സൗദി അറേബ്യക്ക് എതിരേ 22ന് ഉച്ചകഴിഞ്ഞ് 3.30നാണ് അര്‍ജന്റീനയുടെ ലോകകപ്പിലെ ആദ്യ മത്സരം. ലോകകപ്പിനു മുമ്പ് നടന്ന അവസാന സന്നാഹ മത്സരത്തില്‍ അര്‍ജന്റീന 5-0ന് യുഎഇയെ കീഴടക്കിയിരുന്നു.

സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസി, എയ്ഞ്ചല്‍ ഡി മരിയ എന്നിവര്‍ അര്‍ജന്റീനയ്ക്കായി യുഎഇക്ക് എതിരേ ഗോള്‍ നേടി. 1986ല്‍ ഡിയേഗൊ മാറഡോണയുടെ നേതൃത്വത്തിലാണ് അര്‍ജന്റീന അവസാനമായി ലോകകപ്പ് ട്രോഫി സ്വന്തമാക്കിയത്.

ലോകകപ്പില്‍ ഗ്രൂപ്പ് ഇയിലാണ് സ്പെയ്ന്‍. 23ന് ഇന്ത്യന്‍ സമയം രാത്രി 9.30ന് കോസ്റ്റാറിക്കയ്ക്ക് എതിരേയാണ് സ്പെയ്നിന്റെ ആദ്യ മത്സരം. ജര്‍മനി, ജപ്പാന്‍ എന്നീ ടീമുകളാണ് ഗ്രൂപ്പ് സിയില്‍ ഉള്ളത്. ലോകകപ്പിനു മുമ്പുള്ള അവസാന സന്നാഹ മത്സരത്തില്‍ സ്പെയ്ന്‍ 3-1ന് ജോര്‍ദാനെ കീഴടക്കിയിരുന്നു. യുവ സൂപ്പര്‍ സ്ട്രൈക്കര്‍ അന്‍സു ഫാറ്റി സ്പെയ്നിനായി ഗോള്‍ നേടി.

Related Articles

Back to top button