Football

റൊണാള്‍ഡോയുടെ മാഞ്ചസ്റ്റര്‍ പ്രശ്നത്തിന്റെ അലയൊലി പോര്‍ച്ചുഗല്‍ ലോകകപ്പ് ടീമിലും!

ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തന്നെ പുറത്താക്കാന്‍ ശ്രമിക്കുന്നതായുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വെളിപ്പെടുത്തലിന്റെ അലയൊലി ലോകകപ്പിനുള്ള ദേശീയ ക്യാമ്പിലും പ്രതിഭലിക്കുന്നതായി സൂചന. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കഴിഞ്ഞ സീസണ്‍ മുതല്‍ തന്നെ ഒഴിവാക്കാന്‍ ശ്രമിക്കുകയാണെന്നും ക്ലബ്ബിന്റെ മുഖ്യ പരിശീലകന്‍ ബഹുമാനം നല്‍കാത്തതിനാല്‍ അദ്ദേഹത്തോട് അവജ്ഞമാത്രമാണ് ഉള്ളതെന്നും തുടങ്ങിയ വിവാദ വെളിപ്പെടുത്തലുകളായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒരു അഭിമുഖത്തില്‍ നടത്തിയത്.

മുന്‍ ക്ലബ് മേറ്റായ ഇംഗ്ലീഷ് താരം വെയ്ന്‍ റൂണി, ഇടക്കാല പരിശീലകനായിരുന്ന റാള്‍ഫ് റാഗ്‌നിക്ക് തുടങ്ങിയവരെയും റൊണാള്‍ഡോ നിശിതമായി വിമര്‍ശിച്ചു. റൊണാള്‍ഡോയുടെ വിവാദ അഭിമുഖം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. അതുമാത്രമല്ല, മാഞ്ചസ്റ്റര്‍ പ്രശ്നത്തിന്റെ അലയൊലി 2022 ഫിഫ ഖത്തര്‍ ലോകകപ്പിന് തയാറെടുക്കുന്ന പോര്‍ച്ചുഗല്‍ ടീം ക്യാമ്പിലും പ്രതിഭലിക്കുന്നുണ്ടെന്നാണ് സൂചന.

കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു വീഡിയോയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായ പോര്‍ച്ചുഗലിന്റെ ബ്രൂണോ ഫെര്‍ണാണ്ടസിനെ ടീം റൂമില്‍വച്ച് ഗ്രീറ്റ് ചെയ്യാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ശ്രമിച്ചു. എന്നാല്‍, ഊഷ്മളമായ പ്രതികരണം അല്ലായിരുന്നു ബ്രൂണോ ഫെര്‍ണാണ്ടസ് നടത്തിയത്. ഷെയ്ക്ക് ഹാന്‍ഡിനായി കൈനീട്ടിനില്‍ക്കുന്ന റൊണാള്‍ഡോയെ കടന്ന് ബ്രൂണോ ഫെര്‍ണാണ്ടസ് പോയി.

പിന്നീട് തിരിച്ചെത്തി ഗ്രീറ്റ് ചെയ്തെങ്കിലും തികച്ചും യാന്ത്രികമായിരുന്നു അതെന്നാണ് വീഡിയോയില്‍ നിന്ന് മനസിലാകുന്നത്. ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഈ ചെയ്തിയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും സംതൃപ്തനല്ലായിരുന്നു എന്നതും ശ്രദ്ധേയമാണ്. ഒക്ടോബറില്‍ ടോട്ടന്‍ഹാം ഹോട്ട്സ്പുറിന് എതിരേ മത്സരത്തില്‍ സബാസ്റ്റിറ്റിയൂഷന്‍ ബെഞ്ചില്‍ ഇരുത്തിയതിന്റെ പേരില്‍ മത്സരം തീരുന്നതിനു മുമ്പ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗഗ്ഗൗട്ട് വിട്ടിരുന്നു. ഇതേത്തുടര്‍ന്ന് എറിക് ടെന്‍ ഹഗ്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സസ്പെന്‍ഡ് ചെയ്തു.

സീസണില്‍ ഇതുവരെ രണ്ട് തവണ ടെന്‍ ഹഗ് റൊണാള്‍ഡോയെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. എനിക്ക് അദ്ദേഹത്തോട് (എറിക് ടെന്‍ ഹഗ്) ബഹുമാനം ഇല്ല. കാരണം, അദ്ദേഹം എനിക്കൊട്ടും ബഹുമാനം നല്‍കുന്നില്ല. എന്നോട് ബഹുമാനമില്ലാത്ത ഒരാളെ ഞാന്‍ ഒരിക്കലും ബഹുമാനിക്കില്ല. ഇക്കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ എന്നെ ക്ലബ്ബില്‍ നിന്ന് പുറത്താക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും എറിക് ടെന്‍ ഹഗും ശ്രമിച്ചു- ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അഭിമുഖത്തില്‍ പറഞ്ഞു.

ഈ സീസണോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള റൊണാള്‍ഡോയുടെ കരാര്‍ അവസാനിക്കും. ക്ലബ്ബില്‍ ഇനി റൊണാള്‍ഡോ തുടരില്ലെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവാദങ്ങള്‍. ഖത്തര്‍ ലോകകപ്പിനു തയാറെടുക്കുന്ന പോര്‍ച്ചുഗല്‍ ടീമിനൊപ്പം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പരിശീലനം ആരംഭിച്ചു. റൊണാള്‍ഡോ, ബ്രൂണോ ഫെര്‍ണാണ്ടസ് എന്നിക്കു പിന്നാലെ പോര്‍ച്ചുഗല്‍ ലോകകപ്പ് ടീമിലുള്ള ഡിയേഗൊ ഡാലൊട്ടും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമാണ്.

ടീം പരിശീലനത്തിനിടെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജാവൊ കാന്‍സെലൊ, റൊണാള്‍ഡോയുമായി ഇഷ്ടമില്ലാത്ത രീതിയില്‍ പെരുമാറുന്നതിന്റെ വീഡിയോടും പുറത്തുവന്നിട്ടുണ്ട്. ഗ്രൂപ്പ് എച്ചില്‍ ഉറുഗ്വെ, ദക്ഷിണകൊറിയ, ഘാന എന്നീ ടീമുകള്‍ക്ക് ഒപ്പമാണ് പോര്‍ച്ചുഗല്‍. 24ന് ഘാനയ്ക്ക് എതിരേയാണ് ഖത്തര്‍ ലോകകപ്പില്‍ പോര്‍ച്ചുഗലിന്റെ ആദ്യ മത്സരം.

Related Articles

Back to top button